പരസ്യങ്ങളില്‍ നേതാക്കളുടെ ഫോട്ടോക്ക് വിലക്ക്: സുപ്രീംകോടതി വിധി ചോദ്യം ചെയ്ത് തമിഴ്നാടും

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ പ്രധാനമന്ത്രി, രാഷ്ട്രപതി, ചീഫ് ജസ്റ്റീസ് എന്നിവരുടെതല്ലാത്ത ഫോട്ടോവെക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ വിധി ചോദ്യം ചെയ്ത് കേന്ദ്രത്തിനൊപ്പം തമിഴ്നാട് സര്‍ക്കാറും സുപ്രീംകോടതിയില്‍. ഫെഡറല്‍ സംവിധാനമുള്ള രാജ്യത്ത് പ്രധാനമന്ത്രിയുടെ മാത്രം ഫോട്ടോയില്‍ പരിമിതപ്പെടുത്തുന്നത് വ്യക്തിപൂജയിലേക്ക് നയിക്കുമെന്ന് കേന്ദ്രത്തിനും തമിഴ്നാടിനും വേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി വാദിച്ചു. സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയക്കാരുടെ ഫോട്ടോ പതിക്കുന്നതിന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്.
വിധിക്കെതിരെ കര്‍ണാടക, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളും റിവ്യൂ ഹരജി നല്‍കാനിരിക്കുകയാണ്. ഫെഡറല്‍ സംവിധാനത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ അന്തരമില്ളെന്നും മൂന്നുപേര്‍ക്കു മാത്രം ഇളവു നല്‍കിയതിന് അടിസ്ഥാനമില്ളെന്നും റോത്തഗി പറഞ്ഞു. ഒരു മന്ത്രിയെക്കാള്‍ മറ്റൊരാള്‍ക്ക് പ്രാധാന്യം നല്‍കാനും വകുപ്പില്ല. അഞ്ചു വര്‍ഷത്തേക്ക് പ്രധാനമന്ത്രിയുടെ ചിത്രം മാത്രം നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ മറ്റു മന്ത്രിമാര്‍ മുഖമില്ലാത്തവരായി മാറുന്നു. ഇത് അപകടകരമായ പ്രവണതയാണ്. ചിത്രം വാക്കുകളെക്കാള്‍ ഫലപ്രദമാണെന്നും അതിനാല്‍ വിവരമറിയാനുള്ള പൗരന്മാരുടെ മൗലികാവകാശത്തിന്മേലുള്ള ലംഘനമാണ് വിധിയെന്നും റോത്തഗി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.