ന്യൂഡല്‍ഹി: ഇന്ത്യയിലെ 27 പൊതുമേഖലാബാങ്കുകളെ ലയിപ്പിച്ച് ആറെണ്ണമായി പരിമിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. സാമ്പത്തികമാന്ദ്യം, പെരുകുന്ന കിട്ടാക്കടം, മൂലധന പുന$ക്രമീകരണം, പ്രവര്‍ത്തനസൗകര്യം തുടങ്ങിയ കാരണങ്ങളാണ് അധികൃതര്‍ നിരത്തുന്നത്. പൊതുമേഖലാ ബാങ്കുകള്‍ക്ക് ശക്തമായ മൂലധന അടിത്തറയും ഭദ്രതയും നല്‍കാനെന്നപേരിലാണ് പരിഷ്കരണം. വിഷയം പഠിക്കുന്നതിന് തന്ത്രം രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ഏപ്രില്‍ ഒന്നിന് സമിതി പ്രവര്‍ത്തനം തുടങ്ങും.
ബാങ്ക്സ് ബോര്‍ഡ് ബ്യൂറോയുടെ മേല്‍നോട്ടത്തില്‍ നടപടികള്‍ മുന്നോട്ടുനീക്കാനാണ് ഉദ്ദേശിക്കുന്നത്. വിവിധ ബാങ്ക് മാനേജ്മെന്‍റുകള്‍ ഇത്തരമൊരു ലയനത്തിന് പൊതുവെ അനുകൂലമാണെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍, ലയനനീക്കത്തിന് ജീവനക്കാര്‍ പൊതുവെ എതിരാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ എസ്.ബി.ടി അടക്കം അനുബന്ധബാങ്കുകളെ ലയിപ്പിക്കുന്നതിനെതിരായ സമരങ്ങള്‍ക്കിടെയാണ് നാലിലൊന്നായി പൊതുമേഖലാ ബാങ്കുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള ചുവടുവെപ്പ്.
51 ശതമാനമോ അതില്‍ കൂടുതലോ സര്‍ക്കാര്‍ മൂലധനനിക്ഷേപമുള്ള പൊതുമേഖലാബാങ്കുകള്‍, പ്രവര്‍ത്തന വിപുലീകരണ മുതല്‍മുടക്കിന് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുകയാണ്. 2019 ആകുമ്പോഴേക്ക് രണ്ടരലക്ഷം കോടി രൂപ ഇത്തരത്തില്‍ ബാങ്കുകള്‍ക്ക് നല്‍കേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഇതില്‍നിന്നുള്ള സര്‍ക്കാറിന്‍െറ തന്ത്രപരമായ പിന്മാറ്റംകൂടിയാണ് ബാങ്ക് ലയനം.
പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം മൊത്തം വായ്പയുടെ 11 ശതമാനത്തിലധികമായി പെരുകിയിട്ടുണ്ട്. എല്ലാ ബാങ്കുകളിലും ജീവനക്കാരുടെ കുറവുണ്ട്. ഇതിനെല്ലാം ലയനം ഒറ്റമൂലിയാകുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെയും മറ്റും കാഴ്ചപ്പാട്. ബാങ്കുകളുടെ എണ്ണമല്ല കാര്യം; ശക്തമായ അടിത്തറയുള്ള ബാങ്കുകളാണ് വേണ്ടത്. പരസ്പരം മത്സരിക്കുന്നതിനു പകരം സ്വകാര്യമേഖലയുമായി ബാങ്കുകള്‍ മത്സരിക്കട്ടെ. പരിമിത സൗകര്യങ്ങളില്‍ സ്വകാര്യ ബാങ്കുകള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തുന്നുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു.
ലയനത്തിന്‍െറ പ്രായോഗിക ബുദ്ധിമുട്ടുകള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ബജറ്റിനുശേഷം വ്യവസായികളും ബാങ്ക് മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍ ലയനപരിപാടി മുന്നോട്ടുനീക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്. പൊതുമേഖലാബാങ്കുകള്‍ നല്‍കിയിട്ടുള്ള 69 ലക്ഷം കോടി രൂപയുടെ വായ്പയില്‍ എട്ടു ലക്ഷം കോടി രൂപ കിട്ടാക്കടമാണെന്നും ഇത് സൂക്ഷ്മതയില്ലാത്തതുവഴി സംഭവിച്ചതാണെന്നും അദ്ദേഹം വാദിക്കുന്നു.
ലയനംവഴിയുള്ള പുനര്‍വിന്യാസം ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവു നികത്തുമെന്നും കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും ഒരുവിഭാഗം ബാങ്കര്‍മാര്‍ പറയുന്നു. മുട്ടിനുമുട്ടിന് ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതുവഴിയുള്ള അധികഭാരം ചുരുക്കാം. എന്നാല്‍, മേഖലാതലത്തില്‍ സ്വാധീനമുള്ള ബാങ്കുകളില്‍നിന്ന് ഭിന്നമായി, വന്‍കിട ബാങ്കുകളില്‍നിന്ന് ഗ്രാമീണര്‍ക്ക് വായ്പ കിട്ടാനുള്ള പ്രയാസവും മറ്റും ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കൂടുതല്‍ സ്വകാര്യബാങ്കുകള്‍ക്ക് അനുമതി നല്‍കാനുള്ള നടപടികള്‍ മുന്നോട്ടുപോകുമ്പോഴാണ് മറുവശത്ത് വന്‍കിട ബാങ്കുകളുടെ ലയനനീക്കം. സ്വകാര്യ ബാങ്കിങ് മേഖലയാകട്ടെ, ലക്ഷ്യമിടുന്നത് ചെറുകിട വായ്പകളും ഇടപാടുകളുമാണ്. ഈ രംഗത്ത് പൊതുമേഖലയുടെ ഇടപാടുകള്‍ കുറയുന്നതിന് പരിഷ്കരണം വഴിവെക്കുമെന്ന് ബാങ്കിങ് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.