കനയ്യ ദേശീയ രാഷ്ട്രീയത്തിന്‍െറ മുന്‍നിരയിലേക്ക്

ന്യൂഡല്‍ഹി: ജെ.എന്‍.യു വിവാദത്തിലെ നായകന്‍ കനയ്യ കുമാര്‍ ദേശീയ രാഷ്ട്രീയത്തിന്‍െറ മുഖ്യധാരയിലേക്ക്. മോദി സര്‍ക്കാറിനെതിരായ യുവരോഷത്തിന്‍െറ മുഖമായി മാറിയ കനയ്യയെ അത്തരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആലോചനയിലാണ് പ്രതിപക്ഷം. കനയ്യയെ കേരളത്തിലും ബംഗാളിലൂം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിക്കാനുള്ള ആലോചനയിലാണ് ഇടതുപക്ഷം. എ.ഐ.എസ്.എഫ് പ്രതിനിധിയായാണ് കനയ്യ  ജെ.എന്‍.യു സ്റ്റുഡന്‍റ് യൂനിയനിലേക്ക് മത്സരിച്ച് ജയിച്ചത്. എ.ഐ.എസ്.എഫ്  കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ സംഗമത്തില്‍ കനയ്യ പങ്കെടുക്കും.

അതേസമയം,  കനയ്യയെ രാജ്യസഭയില്‍ എത്തിക്കുന്നതിന്‍െറ സാധ്യത സംബന്ധിച്ച്  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജെ.ഡി.യു നേതൃത്വവുമായി സംസാരിച്ചതായാണ് വിവരം. ജാമ്യം നേടി ജെ.എന്‍.യുവില്‍ തിരിച്ചത്തെിയ കനയ്യ നടത്തിയ പ്രസംഗത്തിന് വലിയ കൈയടിയാണ് ലഭിച്ചത്.
ഒരു മണിക്കൂര്‍ നീണ്ട പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍  വൈറലായി. ദേശീയ ചാനലുകള്‍ തല്‍സമയം സംപ്രേഷണം ചെയ്ത  കനയ്യയുടെ പ്രസംഗം യു ട്യൂബില്‍  18 മണിക്കൂര്‍ കൊണ്ട്  അഞ്ചു ലക്ഷം പേരാണ് കണ്ടത്.  

രാഹുലിന് മറുപടിയായി ലോക്സഭയില്‍ മോദി നടത്തിയ പ്രസംഗം പോലും വിദ്യാര്‍ഥി നേതാവിന്‍െറ ആവേശപ്രസംഗത്തില്‍ മുങ്ങിപ്പോയി.
ബിഹാറിലെ ബേവുസരായി ജില്ലയില്‍ സാധാരണ കുടുംബത്തില്‍ നിന്നുള്ള കനയ്യയെ ഒരു മാസം മുമ്പുവരെ ജെ.എന്‍.യു കാമ്പസിന് പുറത്ത് അധികമാരും അറിയുമായിരുന്നില്ല. രാജ്യദ്രോഹക്കുറ്റാരോപണവും അറസ്റ്റും കോടതിക്കുള്ളിലെ മര്‍ദനവുമൊക്കെ അരങ്ങേറിയ ഒരു മാസത്തിനിപ്പുറം ദേശീയ രാഷ്ട്രീയത്തിലെ താരം കനയ്യയാണ്. അറസ്റ്റിലേക്ക് നയിച്ച ഫെബ്രുവരി ഒമ്പതിനും ജയിലില്‍ നിന്നിറങ്ങിയ ശേഷം വെള്ളിയാഴ്ച രാത്രിയും കനയ്യ നടത്തിയ പ്രസംഗങ്ങള്‍ എല്ലാവരാലും പ്രശംസിക്കപ്പെട്ടു.

പൊലീസ് കസ്റ്റഡിയിലെ പീഡനവും കേസുമൊന്നും തന്നെ തളര്‍ത്തുന്നില്ളെന്ന വ്യക്തമായ സന്ദേശം നല്‍കുന്നതായിരുന്നു കനയ്യയുടെ ശരീര ഭാഷ. മാത്രമല്ല, വിവേചനത്തിനും അഴിമതിക്കും വര്‍ഗീയതക്കുമെതിരെ വര്‍ധിത വീര്യത്തോടെ  ആഞ്ഞടിച്ച കനയ്യ നേതാവായി ഉയരാനുള്ള ശേഷി തെളിയിക്കുകയും ചെയ്തു.
കനയ്യയുടെ പ്രസംഗം കഴിഞ്ഞതിന് പിന്നാലെ ട്വിറ്ററില്‍ ആദ്യം അഭിനന്ദിച്ചത് അരവിന്ദ് കെജ്രിവാളാണ്. തൊട്ടുപിന്നാലെ ജെ.ഡി.യു നേതൃത്വവുമായി സംസാരിച്ച കെജ്രിവാള്‍ ബിഹാറുകാരനായ  കനയ്യയെ ബിഹാറില്‍നിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കണമെന്ന ആശയം  മുന്നോട്ടുവെച്ചു. രാജ്യസഭയിലേക്ക്  മല്‍സരിക്കണമെങ്കില്‍ 30 വയസ്സ് തികയണം.

ജെ.എന്‍.യുവില്‍ ഗവേഷക വിദ്യാര്‍ഥിയായ കനയ്യക്ക് 29 ആയതേയുള്ളു.  ബിഹാറില്‍നിന്ന് സാധ്യമായില്ളെങ്കില്‍ ഡല്‍ഹിയില്‍നിന്ന് എ.എ.പി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് അയക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലും ബംഗാളിലും കനയ്യയെ പ്രചാരണത്തിന് ഇറക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു.

ഇക്കാര്യം പാര്‍ട്ടി സജീവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം തുടര്‍ന്നു. കനയ്യ മുന്നോട്ടുവെക്കുന്നത് ഇടതുപക്ഷ നിലപാടാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടതുപക്ഷത്തിന് വേണ്ടി കനയ്യ വരുന്നത് ഗുണകരമാണെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.