ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊല: രണ്ടുപേര്‍ പിടിയില്‍

കോയമ്പത്തൂര്‍: ചെന്നൈ നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിസ്വാതിയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. യുവതിയുമായി ഫേസ്ബുക്കില്‍ നിരന്തരം ചാറ്റ് ചെയ്തിരുന്ന സുഹൃത്തുക്കളാണിവര്‍. ഇവരെ രഹസ്യകേന്ദ്രത്തില്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഒരാള്‍ക്ക് സി.സി.ടി.വി കാമറ ദൃശ്യങ്ങളുമായി സാമ്യമുണ്ടെന്നും പറയുന്നു. ഒൗദ്യോഗികവിവരം പുറത്തുവിട്ടിട്ടില്ല. അതിനിടെ, പൊലീസ് വീഴ്ച ഗൗരവമായി കാണുമെന്നും വേണ്ടിവന്നാല്‍ സ്വമേധയാ കേസെടുക്കുമെന്നും മദ്രാസ് ഹൈകോടതി വ്യക്തമാക്കി. പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ സി.സി.ടി.വി ദൃശ്യം കിട്ടിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
തെക്കന്‍ തമിഴക ജില്ലകളില്‍ ഉപയോഗിക്കുന്ന പ്രത്യേകതരം കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്. പ്രതി വാടകക്കൊലയാളിയാണോയെന്നും സംശയമുണ്ട്. സ്വാതി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്ന നൂറിലധികം പേരില്‍നിന്ന് പൊലീസ് മൊഴിയെടുത്തു.  സംഭവത്തില്‍ ദേശീയ വനിതാ കമീഷന്‍ ചെന്നൈ സിറ്റി പൊലീസ് കമീഷണര്‍ക്ക് നോട്ടീസയച്ചു.

സ്വാതിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ കുടുംബം

 ‘പൊലീസില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അവര്‍ കുറ്റവാളിയെ കണ്ടുപിടിക്കും. നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നുതന്നെയാണ് പ്രതീക്ഷ...’. അക്രമിയാല്‍ കുത്തിവീഴ്ത്തപ്പെട്ട സ്വന്തം മകളെയോര്‍ക്കുമ്പോള്‍  സന്താനഗോപാലത്തിന് സമാധാനിക്കാന്‍ ഇതുമാത്രമേ ബാക്കിയുള്ളൂ. കഴിഞ്ഞ വെള്ളിയാഴ്ച ആറരക്കാണ് ചൂളൈമേട് സ്വദേശി സന്താനഗോപാലത്തിന്‍െറ മകളും ഇന്‍ഫോസിസ് ജീവനക്കാരിയുമായ സ്വാതി എന്ന 24കാരി ചെന്നൈയിലെ നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ കുത്തേറ്റുമരിച്ചത്. പൊലീസ് ഇരുട്ടില്‍ തപ്പുമ്പോഴും സ്വാതിയുടെ കുടുംബം പ്രതീക്ഷയിലാണ്.

കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബു സമാശ്വാസവുമായി സ്വാതിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പറഞ്ഞ ഖുശ്ബു, പൊലീസ് വീഴ്ചയെ വിമര്‍ശിച്ചു. സി.സി.ടി.വി അടക്കമുള്ള സംവിധാനങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കാത്തത് പൊലീസിന്‍െറ ഗുരുതരവീഴ്ചയാണ്. സംഭവം നടക്കുമ്പോള്‍ നിസ്സംഗരായി നോക്കിനിന്ന യാത്രക്കാരെയും ഖുശ്ബു വിമര്‍ശിച്ചു. നൂറുകണക്കിനാളുകളുടെ മുന്നിലാണ് സ്വാതി കുത്തേറ്റു വീണത്. അത് തടയാനോ, അവളെ ആശുപത്രിയിലത്തെിക്കാന്‍ ആംബുലന്‍സ് വിളിക്കാനോ യാത്രക്കാര്‍ തയാറായില്ളെന്നും ഖുശ്ബു കുറ്റപ്പെടുത്തി. കുറ്റകൃത്യങ്ങള്‍ കണ്ടുനില്‍ക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രതികരണ കോലാഹലമിളക്കുകയും ചെയ്യുന്നത് കാപട്യമാണെന്നും അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.