ആരുമറിയാതെ മുംബൈയിലെ അംബേദ്കര്‍ ഹൗസ് പൊളിച്ചു

മുംബൈ: ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച നഗരത്തിലെ ദാദറിലുള്ള അംബേദ്കര്‍ ഹൗസ് പൊളിച്ചുനീക്കി. അംബേദ്കറുടെ ബന്ധുക്കള്‍ പോലുമറിയാതെ ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു പൊളിച്ചുമാറ്റല്‍. പീപ്ള്‍സ് ഇംപ്രൂവ്മെന്‍റ് ട്രസ്റ്റാണ് കെട്ടിടം പൊളിച്ചത്. ട്രസ്റ്റിനെതിരെ അംബേദ്കറുടെ ചെറുമകനും ഭാരിപ്പ ബഹുജന്‍ മഹാസംഘ് അധ്യക്ഷനുമായ പ്രകാശ് അംബേദ്കര്‍ പൊലീസില്‍ പരാതി നല്‍കി.

ട്രസ്റ്റിന്‍െറ വാണിജ്യലക്ഷ്യത്തിന് ചരിത്രമാണ് പൊളിച്ചുനീക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാറും ട്രസ്റ്റിലെ ചിലരും ചേര്‍ന്ന് ദലിത് സമൂഹത്തിന്‍െറ വികാരം വ്രണപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. പീപ്ള്‍സ് ഇപ്രൂവ്മെന്‍റ് ട്രസ്റ്റിന്‍െറ നിയന്ത്രണം കൈയടക്കാന്‍ ദലിത് ഗ്രൂപ്പുകള്‍ തമ്മില്‍ പോരടിക്കുന്നതിനിടെയാണ് കെട്ടിടം പൊളിക്കല്‍. അംബേദ്കറുടെ ലൈബ്രറിയും പ്രിന്‍റിങ് പ്രസും പൊതുപരിപാടികള്‍ക്കായുള്ള ഹാളും അടങ്ങിയതാണ് കെട്ടിടം. സര്‍ക്കാര്‍ അനുമതിയോടെ കെട്ടിടം 17 നിലകളിലായി നിര്‍മിക്കാനാണ് പൊളിച്ചുമാറ്റിയതെന്ന് ട്രസ്റ്റ് അധ്യക്ഷന്‍ മധുകര്‍ കാംബ്ളെ പറഞ്ഞു. കെട്ടിടം പഴകിയ അവസ്ഥയിലായിരുന്നു. പൊളിച്ച് പുതുക്കിപ്പണിയാന്‍ മുംബൈ നഗരസഭ നോട്ടീസ് നല്‍കുകയും ചെയ്തെന്നും കാംബ്ളെ അവകാശപ്പെട്ടു.

എന്നാല്‍, കെട്ടിടം പുതുക്കിപ്പണിയാനുള്ള അപേക്ഷ നഗരസഭ നേരത്തേ തള്ളിയതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രകാശ് അംബേദ്കറുടെ ഓഫിസും ഈ കെട്ടിടത്തിന് തൊട്ടാണ്. കെട്ടിടം പുതുക്കിപ്പണിയുന്നതോടെ പ്രകാശ് അംബേദ്കറുടെ ഓഫിസിനും ഇടംനല്‍കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. കെട്ടിടത്തിനുള്ള ഭൂമിപൂജ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉടന്‍ നിര്‍വഹിക്കുമെന്നും ട്രസ്റ്റ് അധികൃതര്‍ പറയുന്നു. കെട്ടിടം പുലര്‍ച്ചെ പൊളിച്ചത് മറ്റു ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണെന്നും അവര്‍ പറയുന്നു. കെട്ടിടംപൊളി വിവാദമായതോടെ നഗരസഭയും പൊലീസും കൈയൊഴിയുകയാണ്. പൊളിക്കലില്‍ തങ്ങള്‍ക്ക് പങ്കില്ളെന്ന് നഗരസഭയും തങ്ങള്‍ അറിയുകയോ കാവല്‍ നില്‍ക്കുകയോ ചെയ്തിട്ടില്ളെന്ന് പൊലീസും പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.