ഗുല്‍ബര്‍ഗ് കൂട്ടക്കൊല: ശിക്ഷാവിധി തീയതി ഇന്ന് തീരുമാനിക്കും

അഹ്മദാബാദ്: ഗുജറാത്ത് വംശഹത്യയിലെ കുപ്രസിദ്ധമായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടത്തെിയ 24 പേര്‍ക്ക്  എസ്.ഐ.ടി സ്പെഷല്‍ കോടതി ശിക്ഷ വിധിക്കുന്ന തീയതി വെള്ളിയാഴ്ച തീരുമാനിക്കും. ഒരു പ്രാവശ്യം മാറ്റിവെച്ചതിനുശേഷം വ്യാഴാഴ്ചയാണ് ശിക്ഷ വിധിക്കേണ്ടിയിരുന്നത്. എന്നാല്‍, വാദം പൂര്‍ത്തിയാകാത്തതിനാല്‍ ശിക്ഷാവിധി മാറ്റുകയായിരുന്നു.

ഈ മാസം രണ്ടിന് സ്പെഷല്‍ കോടതി ജഡ്ജി പി.ബി. ദേശായ് കേസില്‍ 24 പേര്‍ കുറ്റക്കാരാണെന്ന് കണ്ടത്തെിയിരുന്നു. പ്രതികള്‍ക്ക് വധശിക്ഷയോ മരണംവരെ തടവോ നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍ നേരത്തേ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, വ്യാഴാഴ്ച നടന്ന വാദത്തില്‍ പ്രതികള്‍ക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ശിക്ഷ വിധിക്കുന്നതിനെതിരെ പ്രതിഭാഗം അഭിഭാഷകന്‍ അഭയ് ഭരദ്വാജ്, സ്പെഷല്‍ ജഡ്ജി പി.ബി. ദേശായ് മുമ്പാകെ നീണ്ട വാദങ്ങള്‍ ഉന്നയിച്ചു. പ്രതികളോട് ദയ കാണിക്കണമെന്നും അഭ്യര്‍ഥിച്ചു.  വെള്ളിയാഴ്ച എസ്.ഐ.ടി അഭിഭാഷകന്‍െറകൂടി വാദം കേട്ട് ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുന്നതു സംബന്ധിച്ച് ആരാഞ്ഞശേഷം ശിക്ഷ വിധിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുമെന്ന് ജഡ്ജി ദേശായ് വ്യക്തമാക്കി.

അഹ്മദാബാദ് നഗരത്തില്‍നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ ചമന്‍പുരയിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലാണ് 2002 ഫെബ്രുവരി 28ന് കൂട്ടക്കുരുതി അരങ്ങേറിയത്. ഗുജറാത്ത് വംശഹത്യ തുടങ്ങിയതിന്‍െറ പിറ്റേന്നായിരുന്നു സംഭവം. സായുധരായ അക്രമിസംഘം നിരപരാധികളായ താമസക്കാരെ ഒരു പ്രകോപനവും കൂടാതെ ജീവനോടെ തീവെച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. 69 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കോണ്‍ഗ്രസ് മുന്‍ എം.പി ഇഹ്സാന്‍ ജാഫരിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് 14 വര്‍ഷത്തിനുശേഷമാണ് കുറ്റക്കാരെ കണ്ടത്തെിയത്. 24 പേരില്‍ 11 പേര്‍ക്കെതിരെയാണ് കൊലപാതകക്കുറ്റം. ബാക്കിയുള്ളവര്‍ക്കെതിരെ തീവെപ്പ്, കലാപം, അനുമതിയില്ലാതെ സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.