വാഹനാപകടം കൂടുതല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി: ബോധവത്കരണവും പ്രതിരോധനടപടികളും മുറക്ക് തുടരുമ്പോഴും രാജ്യത്തെ വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞവര്‍ഷം 5,01,423 വാഹനാപകടങ്ങളാണ് ഉണ്ടായതെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോയവര്‍ഷത്തെക്കാള്‍ 2.5 ശതമാനമാണ് വര്‍ധന. മരണ നിരക്കിലെ വര്‍ധന അതിലേറെയാണ്. 1,46,133 പേര്‍ക്കാണ് വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. അതായത് ദിവസം അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം 400, അപകടങ്ങള്‍ 1374.

അപകടങ്ങളില്‍ 86.7 ശതമാനവും 13 സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്ടിലാണ് കഴിഞ്ഞവര്‍ഷം ഏറ്റവുംകൂടുതല്‍ അപകടമുണ്ടായത്; 69,059. കര്‍ണാടകം, കേരളം, ആന്ധ്ര സംസ്ഥാനങ്ങളും ഈ കുരുതിപ്പട്ടികയിലുണ്ട്. 39,014 അപകടങ്ങളാണ് കേരളത്തിലുണ്ടായത്. കൂടുതല്‍ മരണം ഉത്തര്‍ പ്രദേശിലാണ്; 17,666 പേര്‍. തമിഴ്നാട്ടില്‍ 15,642 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ കേരളത്തില്‍ 4196 പേര്‍ മരിച്ചു, 43,735 പേര്‍ക്ക് പരിക്കേറ്റു.

15-34 പ്രായത്തില്‍ പെട്ടവരാണ് മരിച്ചവരില്‍ കൂടുതലും. ദേശീയ-സംസ്ഥാന പാതകളിലെ സ്ഥിരം അപകടമേഖലകളിലാണ് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഈ മേഖലകള്‍ കണ്ടത്തെി അപകടസാധ്യത ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. മോട്ടോര്‍ വാഹന ബില്‍, റോഡ് സുരക്ഷാനിയമം എന്നിവ കാലതാമസമില്ലാതെ അവതരിപ്പിക്കും. റോഡ് സുരക്ഷക്കായി സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

തലക്കിണങ്ങിയ ഹെല്‍മറ്റ്:
രൂപകല്‍പനക്ക് മത്സരം

 തലക്കേല്‍പിക്കുന്ന ഭാരവും വിഷമങ്ങളുമോര്‍ത്താണ് ഭൂരിഭാഗം ഇരുചക്രവാഹനക്കാരും ഹെല്‍മറ്റില്ലാത്ത യാത്ര ശീലമാക്കുന്നത്. അത് അപകടങ്ങളില്‍ കൊണ്ടത്തെിക്കുന്നു. ഭാരമേല്‍പിക്കാതെ തലയെ കാത്തുരക്ഷിക്കുന്ന ഹെല്‍മറ്റിനെക്കുറിച്ച് ആശയങ്ങളുണ്ടെങ്കില്‍ അവ സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്ര ഗതാഗതമന്ത്രാലയം. കുറഞ്ഞ ഭാരമുള്ള ഹെല്‍മറ്റ് രൂപകല്‍പനക്ക് മത്സരം നടത്താനാണ് പദ്ധതി. ഉചിത മോഡല്‍ നിര്‍ദേശിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.