രാജി വെച്ചത് പുന:പരിശോധിക്കില്ല; മന്ത്രിയോട് യുദ്ധം ചെയ്യാനുറച്ച് അനുപമ ഷേണായ്

ബംഗളൂരു: തീരുമാനം പുന:പരിശേധിക്കില്ലെന്ന് കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ച കർണാടക ഡി.വൈ.എസ്.പി അനുപമ ഷേണായ്. തൊഴില്‍മന്ത്രി പരമേശ്വര്‍ നായിക്കുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് അനുപമ കഴിഞ്ഞ ദിവസം രാജി വെച്ചത്. എന്നാൽ അനുപമയുടെ രാജി സ്വീകരിച്ചിട്ടില്ലെന്ന് കർണാടക ഡി.ജി.പി വ്യക്തമാക്കി.

തന്‍റെ ഏറ്റവും പുതിയ പോസ്റ്റിലും അനുപമ മന്ത്രിയെ വെല്ലുവിളിക്കുന്നുണ്ട്. 'മിസ്റ്റർ പരമേശ്വർ നായിക്.. ഞാൻ രാജി വെച്ചു, താങ്കൾ എപ്പോഴാണ് രാജിവെക്കുന്നത്‍?' എന്നാണ് കന്നഡത്തിൽ എഴുതിയ പോസ്റ്റിൽ അനുപമ ചോദിക്കുന്നത്. എന്നാൽ പുതിയ സംഭവ വികാസങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാടിലാണ് മന്ത്രി.  

രാജി വെച്ച ഡി.വൈ.എസ്.പിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. നല്ല പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം കെടുത്തുന്ന നീക്കങ്ങളാണ് ഈ സർക്കാർ നടത്തുന്നതെന്ന് എച്ച്.ഡി.ദേവഗൗഡ ആരോപിച്ചു. അതേ സമയം, ഏതു വിധേയനയും അനുപമയെ അനുനയിപ്പിച്ച് രാജി തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

അനുപമയെ എങ്ങനെയാണ് താൻ ബെല്ലാരിയിലേക്ക് സ്ഥലം മാറ്റിയത് എന്ന് വീരവാദം മുഴക്കുന്ന മന്ത്രിയുടെ വീഡിയോ സംഭാഷണം കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മന്ത്രി ഒദ്യോഗികാവശ്യത്തിനായി വിളിച്ച  ടെലിഫോൺ കോൾ അനുപമ ഹോൾഡിലിട്ടു എന്ന കാരണത്താലാണത്രെ മന്ത്രി അനുപമയെ സ്ഥലം മാറ്റിയത്. ഇതിന് ശേഷമാണ് അനുപമ തന്‍റെ രാജിതീരുമാനം പ്രഖ്യാപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.