ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: ശിക്ഷ ഇന്ന് പ്രഖ്യാപിച്ചേക്കും

അഹ്മദാബാദ്: ഗുജറാത്ത് വംശഹത്യയിലെ കുപ്രസിദ്ധമായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടത്തെിയ 24പേരുടെ ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും. ഈ മാസം രണ്ടിന് എസ്.ഐ.ടി സ്പെഷല്‍ കോടതി ജഡ്ജി പി.ബി ദേശായ് കേസില്‍ 24പേര്‍ കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു. ഇതില്‍ 11പേര്‍ക്കെതിരെയാണ് കൊലപാതകമടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞിട്ടുള്ളത്.

അതേസമയം, ക്രിമിനല്‍ ഗൂഢാലോചനക്കുറ്റത്തില്‍നിന്ന് എല്ലാ പ്രതികളെയും കോടതി ഒഴിവാക്കിയതിനാല്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് അതുല്‍ വൈദ്യ അടക്കമുള്ള അവശേഷിക്കുന്ന 13 പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കില്ളെന്നാണ് കരുതുന്നത്. 14 വര്‍ഷം നീണ്ട നിയമ നടപടികള്‍ക്കൊടുവിലാണ് വിധിപ്രഖ്യാപനം. കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാവും കോര്‍പറേറ്ററുമായ ബിബിന്‍ പട്ടേല്‍, കൂട്ടക്കൊലയുടെ തെളിവ് നശിപ്പിച്ച പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ജി എര്‍ഡ എന്നിവരടക്കം 36 പേരെ കുറ്റമുക്തരാക്കിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വിധിപറയാനിരുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വധശിക്ഷയോ മരണംവരെ തടവോ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സംഭവം പെട്ടെന്നുണ്ടായ പ്രകോപനം കാരണമാണെന്ന് പ്രതിഭാഗം വാദിച്ചു. കേസിനാസ്പദമായ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ഇഹ്സാന്‍ ജാഫരിയടക്കം 69പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.