അരുണാചൽ രാഷ്ട്രപതി ഭരണം: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ നടപടിയിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്. വെള്ളിയാഴ്ചയോടെ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. കേസ് പരിഗണിക്കവെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പതിനഞ്ച് മിനിട്ടിനകം എത്തിക്കാനും അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നൽകി. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ അരുണാചല്‍പ്രദേശ് ഗവര്‍ണര്‍ ജ്യോതി പ്രസാദ് രാജ്‌കൊവയോട് കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം എടുക്കും എന്ന് ഗവര്‍ണര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് പതിനഞ്ച് മിനിട്ടിനുള്ളില്‍ റിപ്പോര്‍ട്ട് എത്തിക്കാന്‍ സുപ്രീംകോടതി ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയത്.

അരുണാചല്‍ പ്രദേശില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സ്വീകരിച്ചാണ് സുപ്രീംകോടതി അടിയന്തര നടപടികള്‍ സ്വീകരിച്ചിരിച്ചത്. ഭരണഘടനാ കാര്യങ്ങള്‍ പരിശോധിക്കുന്ന അഞ്ചംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
കഴിഞ്ഞദിവസമാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.

നബാം ടുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ ഗവര്‍ണര്‍ പുറത്താക്കുകയും പിന്നീട് ഇൗ നടപടി ഹൈകോടതി റദ്ദാക്കുകയും ചെയ്തതിനെ തുടർന്നാണ് അരുണാചലിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. കഴിഞ്ഞ നവംബറിലാണ് പ്രതിസന്ധി തുടങ്ങിയത്. അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 47 ഉം ബി.ജെ.പി.ക്ക് 11 അംഗങ്ങളുമാണുള്ളത്.  മുഖ്യമന്ത്രിയുടെ ഏകാധിപത്യ നയങ്ങളിൽ പ്രതിഷേധിച്ച് നിയമസഭാകക്ഷി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ പ്രഖ്യാപിച്ചതോടെയാണ് അരുണാചലില്‍ കുഴപ്പങ്ങള്‍ തുടങ്ങിയത്.

പ്രതിപക്ഷമായ ബി.ജെ.പി.ക്കൊപ്പം കോണ്‍ഗ്രസ്സിലെ വിമത എം.എല്‍.എ.മാരും ചേര്‍ന്ന് അവിശ്വാസ പ്രമേയം പാസാക്കിയാണ് നബാം ടുക്കി സര്‍ക്കാറിനെ പുറത്താക്കിയത്. പിന്നീട് ഇവര്‍ ചേര്‍ന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എ.യെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. എന്നാല്‍ ഇതടക്കം നിയമസഭയെടുത്ത എല്ലാ തീരുമാനങ്ങളും ഹൈകോടതി റദ്ദാക്കിയിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.