ഐ.ആന്‍ഡ് ബി മന്ത്രാലയത്തിന്‍െറ മാധ്യമപഠന സ്ഥാപനത്തില്‍ മേധാവിയില്ല, സര്‍ട്ടിഫിക്കറ്റും

ന്യൂഡല്‍ഹി: വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനുകീഴിലെ സ്വയംഭരണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (ഐ.ഐ.എം.സി) ഡിപ്ളോമാ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാത്തതുമൂലം വിദ്യാര്‍ഥികളുടെ ഉപരിപഠനം അവതാളത്തില്‍. എല്ലാവര്‍ഷവും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാറ്. എന്നാല്‍, ഡയറക്ടര്‍ ജനറല്‍ ഇല്ളെന്ന കാരണത്താല്‍ 2014-15 വര്‍ഷം പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയില്ല.  

ദൂരദര്‍ശനിലെ ശ്രദ്ധേയ വാര്‍ത്താ അവതാരകനും ലോകസഭാ ടി.വി മേധാവിയുമായിരുന്ന സുനിത് തണ്ഡനായിരുന്നു ഡയറക്ടര്‍ ജനറല്‍. മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്‍െറ നീട്ടിനല്‍കിയ സേവനവും ഒക്ടോബറില്‍ അവസാനിച്ചിരുന്നു. ചടങ്ങിലല്ലാതെ സര്‍ട്ടിഫിക്കറ്റും കോഷന്‍ ഡെപ്പോസിറ്റും നല്‍കണമെന്നഭ്യര്‍ഥിച്ച് വിദ്യാര്‍ഥികള്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും കഴിയില്ളെന്നും പുതിയ ഡി.ജിയെ ഉടന്‍ നിയോഗിച്ച് പ്രശ്നം പരിഹരിക്കാമെന്നുമായിരുന്നു മറുപടി. നാലു മാസം പിന്നിട്ടെങ്കിലും അതുണ്ടായില്ല. പരീക്ഷ വിജയിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇന്ത്യക്ക് അകത്തും പുറത്തുമുള്ള സര്‍വകലാശാലകളില്‍ ഉപരിപഠനത്തിന് പ്രവേശം നേടിയവര്‍ക്ക് ഒറിജിനല്‍ ഡിപ്ളോമ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ അനുവദിച്ചസമയം കഴിഞ്ഞിരിക്കുന്നു.

പൂര്‍വവിദ്യാര്‍ഥികളായ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് പല സര്‍വകലാശാലകളും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സമയം ദീര്‍ഘിപ്പിച്ചത്. യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ പഠനം തുടരാന്‍ അനുവദിക്കുന്നത് പല സര്‍വകലാശാലകളുടെയും നിയമാവലിക്ക് വിരുദ്ധമാണ്.
പല സ്ഥാപനങ്ങളും വരുന്ന അധ്യയനവര്‍ഷത്തേക്കുള്ള പ്രവേശത്തിനും സ്കോളര്‍ഷിപ്പുകള്‍ക്കും അപേക്ഷ ക്ഷണിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ രാജ്യത്തെ ഏറ്റവുംമികച്ച മാധ്യമപഠന സ്ഥാപനത്തില്‍ പഠനം നടത്തിയ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ആ അവസരവും നഷ്ടമാകും. സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് 15 പേരുടെ ചുരുക്കപ്പട്ടിക ഏറെനാള്‍ മുമ്പ് തയാറാക്കിയിരുന്നു.

ആര്‍.എസ്.എസ് അനുകൂലികളായ മാധ്യമവിദഗ്ധരാണ് പട്ടികയില്‍ ഏറെയും. മന്ത്രാലയം സെക്രട്ടറി സുനില്‍ അരോറ, സംഘ്പരിവാര്‍ ബന്ധുക്കളായ രജത് ശര്‍മ, സപന്‍ദാസ് ഗുപ്ത എന്നിവരടങ്ങുന്ന തെരഞ്ഞെടുപ്പുസമിതിയാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.