സുനന്ദയുടെ മരണം: തരൂരിനെ കുരുക്കി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: തിരുവനന്തപുരം എം.പി ശശി തരൂരിന്‍െറ ഭാര്യ സുനന്ദ പുഷ്കറിന്‍െറ മരണം വിഷാംശം മൂലമാണെന്നും ഉത്കണ്ഠ ശമിപ്പിക്കാനുള്ള ആല്‍പ്രാക്സ് മരുന്ന് അമിത അളവില്‍ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നും അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. സുനന്ദയുടെ ആന്തരികാവയവ ഭാഗങ്ങള്‍ പരിശോധിച്ച് അമേരിക്കന്‍ അന്വേഷണവിഭാഗമായ എഫ്.ബി.ഐ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ ഈ റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.
സുനന്ദയുടെ ദുരൂഹമരണത്തെക്കുറിച്ച പലവിധ നിഗമനങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ഡല്‍ഹി പൊലീസിന്‍െറ പക്കല്‍ എയിംസ് മെഡിക്കല്‍ ബോര്‍ഡിന്‍െറ അന്തിമ റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. കുത്തിവെക്കാവുന്ന വിഷാംശം ഉണ്ടാകാനുള്ള സാധ്യതയും മെഡിക്കല്‍ ബോര്‍ഡ് തള്ളിക്കളഞ്ഞിട്ടില്ല. മൃതദേഹത്തില്‍ കണ്ട പ്രത്യേക പാടുകളാണ് ഈ നിഗമനത്തിന് കാരണം. ശരീരത്തില്‍ ലിഡോകേയ്ന്‍ എന്ന രാസപദാര്‍ഥത്തിന്‍െറ സാന്നിധ്യമുള്ളതായി എഫ്.ബി.ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുമുണ്ട്.
വിഷാംശംകൊണ്ടാണ് മരണമെന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ഏകാഭിപ്രായമാണ് രേഖപ്പെടുത്തിയത്. സുനന്ദയുടെ ശരീരത്തില്‍ സിറിഞ്ചിന്‍െറ പാട് കണ്ടതിനാല്‍ ഏതെങ്കിലും വ്യക്തി ഇത് ചെയ്തിട്ടുണ്ടോ എന്ന കാര്യം പ്രത്യേകാന്വേഷണ സംഘം വിശദമായി അന്വേഷിക്കണം. ശരീരത്തില്‍ കണ്ട സിറിഞ്ചിന്‍െറ പാട്, ഏതോ മരുന്ന് കുത്തിവെച്ചിരിക്കാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. വിശദീകരിക്കപ്പെടാത്ത 15 പരിക്കുകള്‍ ദേഹത്തുണ്ട്. മരണത്തിന് 12 മണിക്കൂറിനുള്ളിലാണ് ഇതത്രയും ഉണ്ടായിരിക്കുന്നത്. കടിച്ചതിന്‍െറ പാടുണ്ട്. മരണത്തിനുമുമ്പ് പിടിവലി നടന്നിരിക്കാമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ആല്‍പ്രാസോളം അധിക അളവില്‍ ഉള്ളില്‍ ചെന്നതുമൂലമാണ് മരണമെന്ന് സ്ഥിരീകരിക്കുന്നതാണ് 27 ആല്‍പ്രാക്സ് ഗുളികകളുടെ സ്ട്രിപ് കണ്ടെടുത്തതും എഫ്.ബി.ഐയുടെ റിപ്പോര്‍ട്ടുമെന്ന് മെഡിക്കല്‍ ബോര്‍ഡ് വിശദീകരിച്ചു. രക്തത്തിലും വൃക്കയിലും കരളിലും മൂത്രാംശമുള്ള തുണികളിലുമെല്ലാം ഇതിന്‍െറ അംശമുണ്ട്.
ആല്‍പ്രാക്സ് ഉള്ളില്‍ ചെന്നാലുള്ള പ്രത്യാഘാതം ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് മെഡിക്കല്‍ ബോര്‍ഡ് വിശദീകരിക്കുന്നു. ശാരീരികസ്ഥിതി, മെഡിക്കല്‍ പശ്ചാത്തലം, മരുന്നിന്‍െറ അളവ്, ഉള്ളില്‍ ചെന്ന ശേഷമുള്ള സമയം എന്നിവയെല്ലാം പ്രധാനമാണ്. നിശ്ചിതപരിധിയില്‍ കവിഞ്ഞ ഡോസ് വിഷമായി പ്രവര്‍ത്തിക്കും.
മെഡിക്കല്‍ ബോര്‍ഡിന്‍െറ അഭിപ്രായത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സി തയാറായില്ല. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ മാത്രമേ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ റിപ്പോര്‍ട്ട് കോടതിക്ക് നല്‍കും. വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിക്കും. ഏറ്റവും നേരത്തെ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ബസ്സി പറഞ്ഞു.
2014 ജനുവരി 14ന് പൂര്‍ണ ആരോഗ്യവതിയായാണ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍നിന്ന് സുനന്ദ പുഷ്കറെ ഡിസ്ചാര്‍ജ് ചെയ്തതെന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു. നിരവധി ആശുപത്രികളില്‍ പരിശോധിച്ചെങ്കിലൂം ലൂപ്പസ് രോഗം കണ്ടത്തെിയില്ല.
2014 ജനുവരി 17നാണ് സുനന്ദ പുഷ്കറെ ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. 2015 ജനുവരിയില്‍ ഡല്‍ഹി പൊലീസ് സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് കൊലപാതക കേസാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മരണത്തിന് കാരണം വിഷാംശമാണെന്ന് എയിംസ് മെഡിക്കല്‍ ബോര്‍ഡ് കണ്ടത്തെുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.