ന്യൂഡല്‍ഹി: ദലിതരും പിന്നാക്കക്കാരും മുന്നേറി തങ്ങളെ മറികടക്കുമെന്ന ഭയമാണ് വിവേചനത്തിലൂടെയും മാനസികമായും തകര്‍ത്ത് അവരുടെ വഴിമുടക്കാന്‍ ജാതിചിന്തക്കാരെ പ്രേരിപ്പിക്കുന്നതെന്ന് മണ്ഡല്‍ കമീഷന്‍ വിജ്ഞാപനം പുറത്തിറക്കിയ റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പി.എസ്.കൃഷ്ണന്‍. സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നാക്ക വിദ്യാര്‍ഥികള്‍ക്കെതിരെ വിവേചനം കാണിക്കുന്നതും അക്രമം നടത്തുന്നതും ദലിതരുടെ പുരോഗതിയെ മാത്രമല്ല രാഷ്ട്രത്തിന്‍െറ മുന്നേറ്റത്തിനാണ് തിരിച്ചടി സൃഷ്ടിക്കുന്നതെന്ന് ഡല്‍ഹിയില്‍ സന്നദ്ധസംഘടനകള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
രോഹിത് വെമുല മികച്ച വിദ്യാര്‍ഥിയായിരുന്നു. സംവരണത്തിന് അര്‍ഹനായിട്ടും ജനറല്‍ കാറ്റഗറിയിലാണ് കോളജ് പ്രവേശം ലഭിച്ചത്. വൈസ് ചാന്‍സലര്‍മാരുടെ കീഴിലല്ലാത്ത സ്വതന്ത്ര പരാതിപരിഹാര സമിതികള്‍ ആരംഭിച്ചാലേ ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ദലിതരോ ആദിവാസികളോ പിന്നാക്ക വിഭാഗങ്ങളോ ദേശവിരുദ്ധരല്ല, അവര്‍ക്ക് അങ്ങനെ ആവാനും കഴിയില്ല. വധശിക്ഷയെ എതിര്‍ക്കുന്നവര്‍ക്കു മേല്‍ ദേശദ്രോഹ മുദ്ര കുത്തുന്നത് അപഹാസ്യമാണ്. ഏതാണ്ടെല്ലാ പത്രങ്ങളും വധശിക്ഷക്കെതിരായ നിലപാടുകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ലോകത്തെ പരിഷ്കൃത രാജ്യങ്ങളെല്ലാം ഈ ശിക്ഷാരീതി ഉപേക്ഷിക്കുന്നു. ജാതിമേല്‍ക്കോയ്മയും ഭരണ സ്വാധീനവും ഉപയോഗിച്ച് പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ പടിക്കു പുറത്താക്കിയ ശേഷം ഇത്തരം കുറ്റങ്ങള്‍ ആരോപിക്കുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.