തൂത്തുക്കുടിയില്‍ കരക്കടിഞ്ഞ തിമിംഗലങ്ങള്‍ക്ക് രോഗബാധയെന്ന്

കൊച്ചി: തൂത്തുക്കുടിയില്‍ കൂട്ടത്തോടെ കരക്കടിഞ്ഞ തിമിംഗലങ്ങള്‍ക്ക് രോഗബാധയുണ്ടായിരുന്നോയെന്ന് സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ കൊച്ചിയില്‍ പരിശോധന നടത്തും. കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് (സി.എം.എഫ്.ആര്‍.ഐ) ഇതുസംബന്ധിച്ച് പരിശോധന നടത്തുക. മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ജയഭാസ്കറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ചത്തടിഞ്ഞ തിമിംഗലങ്ങളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. തിരിച്ചത്തെിയശേഷം സാമ്പിളുകള്‍ സി.എം.എഫ്.ആര്‍.ഐയില്‍ പരിശോധിക്കാനാണ് തീരുമാനം. തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരക്കടിഞ്ഞതില്‍, സമുദ്രാന്തര്‍ഭാഗത്ത് പെട്ടെന്നുണ്ടായ മാറ്റങ്ങളോ രോഗബാധയോ തന്നെയാകാം കാരണമെന്നാണ് സി.എം.എഫ്.ആര്‍.ഐയിലെ വിദഗ്ധരുടെയും പ്രാഥമിക നിഗമനം.

എന്നാല്‍, തിമിംഗലങ്ങള്‍ക്ക് വൈറസ്ബാധ സാധ്യതയും ഉണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇത്തരത്തിലെ രോഗങ്ങള്‍ കടലില്‍ വലിയ പ്രത്യാഘാതം സൃഷ്ടിച്ചേക്കാനിടയുള്ള സാഹചര്യത്തിലാണ് ഇക്കാര്യം വിശദമായി  പരിശോധിക്കാന്‍ സി.എം.എഫ്.ആര്‍.ഐ തീരുമാനിച്ചത്. ഭൂമികുലക്കം പോലുള്ള പ്രതിഭാസങ്ങള്‍ ഇത്തരത്തിലുള്ള മത്സ്യങ്ങളുടെ ഇന്ദ്രിയങ്ങളെ ബാധിക്കുക സാധാരണയാണെന്ന് ഡോ. ജയഭാസ്കര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

തരംഗങ്ങള്‍ സ്വീകരിച്ച് ദിശനിര്‍ണയിക്കുന്ന(എക്കോ ലൊക്കേഷന്‍) രീതിയാണ് ഡോള്‍ഫിനടക്കം തിമിംഗലങ്ങള്‍ക്കുള്ളത്. കടലിലെ അസാധാരണ പ്രകമ്പനങ്ങള്‍ ദിശനിര്‍ണയത്തിന് തടസ്സമാകുന്നതാണ് ഇത്തരം പ്രതിഭാസങ്ങള്‍ക്ക് കാരണം. ശബ്ദതരംഗങ്ങള്‍, ഒഴുക്ക്, മറ്റ് മത്സ്യങ്ങളുടെ സാന്നിധ്യം എന്നിവയെല്ലാം മനസ്സിലാക്കി സഞ്ചരിക്കുന്ന തിമിംഗലങ്ങളെ ഇത്തരം മാറ്റങ്ങള്‍ സ്വാധീനിച്ചിരിക്കാം. തീരത്തടിഞ്ഞ മത്സ്യങ്ങളെ ഷോര്‍ട്ട് ഫിന്‍ പൈലറ്റ് വെയില്‍സ് (ചെറിയ ചിറകുള്ള ചെറുതിമിംഗലങ്ങള്‍)എന്നാണ് പൊതുവെ വിളിക്കുന്നതെങ്കിലും ഇവ ഡോള്‍ഫിന്‍ വര്‍ഗത്തില്‍നിന്നുള്ളവയാണെന്ന് സി.എം.എഫ്.ആര്‍.ഐയിലെ വിദഗ്ധര്‍ പറഞ്ഞു. 1973 ജനുവരിയിലും തമിഴ്നാട്ടില്‍ തൂത്തുക്കുടിക്ക് സമീപം ഇത്തരമൊരു പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിരുന്നതായും അവര്‍ വ്യക്തമാക്കി.

144 തിമിംഗലങ്ങളാണ് അന്ന് കരക്കടിഞ്ഞത്. കടലില്‍ പലായന സ്വഭാവം പ്രകടിപ്പിക്കുന്ന ഇത്തരം മത്സ്യങ്ങളുടെ പ്രധാന ആവാസകേന്ദ്രം ശാന്തസമുദ്രമാണെന്നും ഡോ. ജയഭാസ്കര്‍ പറഞ്ഞു. തൂത്തുക്കുടി ജില്ലയിലെ തിരുച്ചെരുന്തൂരിലണ് 300 കിലോയില്‍ അധികം തൂക്കമുള്ള നൂറുകണക്കിന് തിമിംഗലങ്ങള്‍ കരക്കടിഞ്ഞത്. ഇവയില്‍ നൂറിലധികം തിമിംഗലങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്ക്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.