രോഹിതിനെച്ചൊല്ലി രാജ്യസഭ സ്തംഭിച്ചു; മായാവതിയും സ്മൃതി ഇറാനിയും കൊമ്പുകോര്‍ത്തു

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെച്ചൊല്ലി ബഹുജന്‍ സമാജ് പാര്‍ട്ടി രാജ്യസഭ സ്തംഭിപ്പിച്ചു. രോഹിത് വിഷയത്തില്‍ ആരോപണവിധേയയായ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും ബി.എസ്.പി നേതാവ് മായാവതിയും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുന്നതിനും ബജറ്റ് സമ്മേളനത്തിന്‍െറ രണ്ടാംദിവസം രാജ്യസഭ വേദിയായി. രോഹിതിന്‍െറ മരണം അന്വേഷിക്കാന്‍ നിയുക്തമായ സമിതിയില്‍ ദലിത് അംഗത്തെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് മായാവതിയുടെ നേതൃത്വത്തില്‍ ബി.എസ്.പി അംഗങ്ങള്‍ രാജ്യസഭ സ്തംഭിപ്പിച്ചത്. മായാവതി-ഇറാനി വാഗ്വാദത്തിനിടെ അന്വേഷണ കമീഷന്‍െറ കാര്യത്തില്‍ സര്‍ക്കാറിന്‍െറ ഒളിച്ചുകളി പുറത്താകുകയും ചെയ്തു.
ഏഴുതവണയാണ് രാജ്യസഭ നിര്‍ത്തിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസര്‍ക്കാറിന്‍െറയും ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്ത മായാവതി, കണ്ണില്‍പൊടിയിടാനുള്ള അന്വേഷണമാണ് നടത്തുന്നതെന്നും അതുകൊണ്ടാണ് ജുഡീഷ്യല്‍ കമീഷനില്‍ ദലിത് അംഗമുണ്ടാകുമോയെന്ന് പറയാന്‍ മടിക്കുന്നതെന്നും മായാവതി വ്യക്തമാക്കി. അന്വേഷണ സംഘത്തില്‍ ഒരു ദലിതനെയെങ്കിലും ഉള്‍പ്പെടുത്തുമോയെന്ന് മറുപടിനല്‍കണമെന്ന് മായാവതി ആവശ്യപ്പെട്ടു.

മറുപടിപറയാന്‍ കൂട്ടാക്കാതിരുന്ന കേന്ദ്രമന്ത്രി, രോഹിതിന്‍െറ മരണം രാഷ്ട്രീയ ഉപകരണമാക്കുകയാണെന്നും ഇത് രാഷ്ട്രീയതന്ത്രമാണെന്നും വിളിച്ചുപറഞ്ഞു. ഒരു കുട്ടിയുടെ മരണംകൊണ്ട് രാഷ്ട്രീയം കളിക്കരുതെന്നുകൂടി സ്മൃതി ഇറാനി പറഞ്ഞതോടെ രോഷത്തോടെ വെല്ലിലേക്കിറങ്ങിയ മായാവതി വിരല്‍ചൂണ്ടി അവര്‍ക്ക് നേരെ പോയത് ബി.എസ്.പി നേതാവ് സതീഷ് ചന്ദ്ര മിശ്ര ഇടപെട്ടാണ് തടഞ്ഞത്. ഇരുവരും തമ്മിലുള്ള വാക്തര്‍ക്കം രൂക്ഷമാകുംമുമ്പെ പി.ജെ. കുര്യന്‍ സഭ നിര്‍ത്തിവെച്ചു. ഉച്ചക്കുശേഷം സഭ ചേര്‍ന്നപ്പോഴും ഇരുവരും വീണ്ടും ഏറ്റുമുട്ടി. ദലിത് അംഗം കമീഷനിലുണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കുന്നതിന് പകരം ജാതി നോക്കി ജഡ്ജിമാര്‍ അന്വേഷണം നടത്തുമെന്ന് പറയുന്നത് ശരിയല്ളെന്നായിരുന്നു സ്മൃതിയുടെ മറുപടി. ചോദ്യത്തിനുത്തരം പറയാതെ സഭ നടത്താനാവില്ളെന്ന് മായാവതി ആവര്‍ത്തിച്ചു. രോഹിതിന്‍െറ മരണവും ജെ.എന്‍.യു വിഷയവും വെവ്വേറെ ചര്‍ച്ച ചെയ്യണമെന്നാണ് തങ്ങളുടെ നിലപാടെന്നും ബി.എസ്.പി നേതാവ് പറഞ്ഞു. രാവിലെ സഭ ചേര്‍ന്നയുടന്‍തന്നെ അടിയന്തര പ്രാധാന്യമുള്ള വിഷയം ഉന്നയിക്കാനുണ്ടെന്ന് പറഞ്ഞ് ബി.എസ്.പി നേതാവ് മായാവതി എഴുന്നേറ്റിരുന്നു. സഭാരേഖകള്‍ മേശപ്പുറത്ത് വെച്ചശേഷം അനുവദിക്കാമെന്നായിരുന്നു അധ്യക്ഷന്‍െറ ചെയറിലുണ്ടായിരുന്ന പി.ജെ. കുര്യന്‍െറ മറുപടി. തുടര്‍ന്ന് രോഹിതിന്‍െറ ആത്മഹത്യവിഷയം ഉന്നയിച്ച മായാവതി ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ കടുത്ത കടന്നാക്രമണമാണ് നടത്തിയത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നോട്ടീസ് നല്‍കിയ ജെ.എന്‍.യു, ഹൈദരാബാദ് വിഷയം ചര്‍ച്ചക്കെടുക്കുകയാണെന്ന് പി.ജെ. കുര്യന്‍ അറിയിച്ചെങ്കിലും മായാവതി വഴങ്ങിയില്ല. അന്വേഷണസമിതിയില്‍ ദലിത് അംഗമുണ്ടാകുമോ എന്ന ഒരേയൊരു ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഉത്തരമാണ് താന്‍ ആവശ്യപ്പെട്ടതെന്നും അത് നല്‍കണമെന്നും മായാവതി പറഞ്ഞു. എന്നാല്‍, രോഷത്തോടെ എഴുന്നേറ്റ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി, ആ ചോദ്യത്തിനല്ല എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ ഉത്തരം നല്‍കുമെന്നും അതിന് ചര്‍ച്ച തുടങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതേ നിലപാട് സഭാനേതാവ് കൂടിയായ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രിയും ആവര്‍ത്തിച്ചു. എന്നാല്‍, അനുവദിക്കില്ളെന്നുപറഞ്ഞ് ബി.എസ്.പി അംഗങ്ങള്‍ മുദ്രാവാക്യം തുടര്‍ന്നു. ഇതിനിടയില്‍ യെച്ചൂരി ചര്‍ച്ച തുടങ്ങാന്‍ ശ്രമം നടത്തിയെങ്കിലും അരുതെന്നുപറഞ്ഞ് മായാവതി വിലക്കി.
തുടര്‍ന്ന് മായാവതി ചോദിച്ച ചോദ്യത്തിന് ഉണ്ട് അല്ളെങ്കില്‍, ഇല്ല എന്നൊരുത്തരം പറയാന്‍ എന്താണിത്ര പ്രയാസമെന്ന് ചോദിച്ച് യെച്ചൂരിയും പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദും രംഗത്തുവന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.