ന്യൂഡൽഹി: സൂപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് എച്ച്.എൽ ദത്തു ദേശീയ മനുഷ്യാവകാശ കമീഷൻ (എൻ.എച്ച്.ആർ.സി) ചെയർമാനായേക്കും. ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ വിരമിച്ചതിനെ തുടർന്ന് കഴിഞ്ഞ മെയ് 11 മുതൽ ദേശീയ മനുഷ്യാവകാശ കമീഷൻ ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. അഞ്ച് വർഷമാണ് എൻ.എച്ച്.ആർ.സി ചെയർമാൻെറ കാലാവധി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ കുര്യൻ എന്നിവരടങ്ങുന്ന സമിതിയാണ് എച്ച്.എൽ ദത്തുവിനെ എൻ.എച്ച്.ആർ.സി ചെയർമാനാക്കാൻ തീരുമാനമെടുത്തത്. യോഗത്തിൽ ലോക്സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പങ്കെടുത്തില്ല. പേര് അംഗീകാരത്തിനായി രാഷ്ട്രപതിക്ക് അയക്കും.
കർണാടകയിലെ ചിക്മഗളൂരു സ്വദേശിയായ ഹണ്ട്യാല ലക്ഷ്മി നാരായണസ്വാമി ദത്തു എന്ന എച്ച്.എൽ ദത്തു കഴിഞ്ഞ ഡിസംബർ രണ്ടിനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നും വിരമിച്ചത്. 2014 സെപ്റ്റംബറിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റത്. കർണാടക, കേരള, ഛത്തീസ്ഗഡ് ഹൈകോടതികളിൽ അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.