നിയമലംഘനം പൊറുപ്പിക്കില്ലെന്ന് അരുണാചല്‍ മുഖ്യമന്ത്രി

ഗുവാഹതി: നിയമലംഘനം പൊറുപ്പിക്കില്ലെന്നും ക്രമസമാധാനപാലനം ഉറപ്പുവരുത്തുമെന്നും അരുണാചല്‍പ്രദേശിന്‍റെ ഒമ്പതാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ കാലിഖോ പുല്‍. ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അഴിമതി നിര്‍മാര്‍ജനം, കാര്യക്ഷമമായ ധനകാര്യ മാനേജ്മെന്‍റ്, സമഗ്ര വികസനം, സുതാര്യത തുടങ്ങിയവയായിരിക്കും സര്‍ക്കാറിന്‍െറ മുഖ്യ അജണ്ട. അഴിമതിയുടെ വേരറുക്കാന്‍ പുതിയ മുഖ്യമന്ത്രി എല്ലാവരുടെയും സഹകരണം  തേടി. വികസനഫണ്ട് നീതിപൂര്‍വമായി വിനിയോഗിച്ച് സാധാരണക്കാരനുപോലും അതിന്‍െറ ഗുണം ലഭ്യമാക്കിയാല്‍ അഴിമതിയെ ചെറക്കാനാകുമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് പുതിയ സര്‍ക്കാര്‍ സ്ഥാനമേറ്റത്. കോണ്‍ഗ്രസ് വിമതര്‍ക്ക് പുറമെ 11 ബി.ജെ.പി എം.എല്‍.എമാരും രണ്ടു സ്വതന്ത്രരുമുള്‍പ്പെടെ 32 അംഗ എം.എല്‍.എ സംഘവുമായി ബുധനാഴ്ച ഗവര്‍ണറെ കണ്ട കാലിഖോ പുല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ശിപാര്‍ശ അംഗീകരിച്ചാണ് പ്രണബ് മുഖര്‍ജി രാഷ്ട്രപതിഭരണം അവസാനിപ്പിച്ചത്.

60 അംഗ അസംബ്ലിയിലെ 47 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 21 വിമതര്‍ മുന്‍ മുഖ്യമന്ത്രി നബാം തുക്കിക്കുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഒരു മാസം നീണ്ട പ്രതിസന്ധിക്കൊടുവിലാണ് ബി.ജെ.പി പിന്തുണയോടെ മുന്‍ ആരോഗ്യ-ധനകാര്യ മന്ത്രിയായ പുല്‍ സര്‍ക്കാര്‍ രൂപവത്കരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.