സെബി അധ്യക്ഷസ്ഥാനം: അരുന്ധതി ഭട്ടാചാര്യയും യു.കെ.സിന്‍ഹയും പരിഗണനയില്‍

ന്യൂഡല്‍ഹി: വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അധ്യക്ഷസ്ഥാനത്തേക്ക് എസ്.ബി.ഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യയും മുന്‍ സെബി ചെയര്‍മാന്‍ യു.കെ. സിന്‍ഹയും പരിഗണനയില്‍. രണ്ടു തവണ ചെയര്‍മാനായിരുന്ന സിന്‍ഹയുടെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഓഹരി വിപണികള്‍ വില്‍പന സമ്മര്‍ദവും തകര്‍ച്ചയും നേരിടുന്ന സവിശേഷ സാഹചര്യത്തില്‍ പരിചയസമ്പന്നനായ യു.കെ. സിന്‍ഹക്ക് ഒരവസരം കൂടി നല്‍കണമെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഫോര്‍വേഡ് മാര്‍ക്കറ്റ് കമീഷന്‍ ചെയര്‍മാനായിരുന്ന രമേഷ് അഭിഷേക്, രാഷ്ട്രപതി ഭവനില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയായ തോമസ് മാത്യു, എസ്.ബി.ഐ അധ്യക്ഷ അരുന്ധതി ഭട്ടാചാര്യ എന്നിവരെയാണ് സെലക്ഷന്‍ കമ്മിറ്റി ഹ്രസ്വ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, വ്യവസായനയ പ്രോത്സാഹന വകുപ്പ് സെക്രട്ടറിയായി അടുത്തിടെ നിയമിതനായ രമേഷ് അഭിഷേകിനെ ഇനി പുതിയ സ്ഥാനത്തേക്ക് മാറ്റാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ധനവകുപ്പില്‍ കാപിറ്റല്‍ മാര്‍ക്കറ്റ് വിഭാഗം കൈകാര്യം ചെയ്ത് പരിചയമുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനാണ് തോമസ് മാത്യു. അരുന്ധതി ഭട്ടാചാര്യ അധ്യക്ഷസ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നില്ല. എന്നാല്‍, സെലക്ഷന്‍ സമിതി ഇവരെ വിളിച്ചുവരുത്തി അഭിമുഖം നടത്തുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാല്‍ സെബിയുടെ ആദ്യ വനിത അധ്യക്ഷയാവും അവര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.