വെല്ലൂരിൽ എന്‍ജിനീയറിങ് കോളജ് കാമ്പസില്‍ പതിച്ചത് ഉല്‍ക്കയെന്ന് സ്ഥിരീകരണം

ചെന്നൈ: വെല്ലൂര്‍ ജില്ലയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജ് കാമ്പസില്‍ പതിച്ചത് ‘ഉല്‍ക്ക’ യെന്ന് മുഖ്യമന്ത്രി ജയലളിത സ്ഥിരീകരിച്ചു. നത്രംപള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീദാസന്‍ എന്‍ജിനീയറിങ് കോളജില്‍ കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏഴു കോളജ് ബസുകളുടെയും കെട്ടിടങ്ങളുടെയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു. സംഭവസ്ഥലത്ത് രണ്ടടി താഴ്ചയില്‍ മണ്ണ് മാറിയിട്ടുണ്ട്. ഡ്രോണ്‍പോലുള്ള വസ്തുക്കള്‍ ആകാശത്തുനിന്ന് പതിച്ചതാണെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ജില്ലാ ഭരണകൂടം ആദ്യം നിഷേധിച്ചു. പ്രദേശത്ത് കത്തിയനിലയില്‍ കണ്ട വസ്തുക്കള്‍ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനകളിലാണ് ഉല്‍ക്കയാണെന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയത്.
കോളജ് ബസിന്‍െറ ഡ്രൈവറായിരുന്ന കൊല്ലപ്പെട്ട കാമരാജിന്‍െറ കുടുംബത്തിന് ലക്ഷം രൂപ അടിയന്തരസഹായം മുഖ്യമന്ത്രി അനുവദിച്ചു. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി ചികിത്സ ലഭ്യമാക്കും. ഇവര്‍ക്ക് 25,000 രൂപ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഉല്‍ക്ക വീണ് മനുഷ്യജീവന്‍ നഷ്ടപ്പെടുന്നതും സാരമായി പരിക്കേല്‍ക്കുന്നതും സംസ്ഥാനത്ത് ആദ്യ സംഭവമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.