ബംഗളൂരു: താന്‍സനിയന്‍ സ്വദേശിയായ 21കാരിയെ ജനക്കൂട്ടം മര്‍ദിച്ച് അര്‍ധനഗ്നയാക്കി തെരുവിലൂടെ നടത്തിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായി. ഇവർക്കെതിരെ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തയായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അതേസമയം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വിശദീകരണം ആവശ്യപ്പെട്ടു. മാത്രമല്ല വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും ഭരണകക്ഷിയായ കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാഹുൽ ഗാന്ധിയുടെ ഓഫിസ് ട്വിറ്ററിൽ കുറിച്ചു.
താൻസാനിയൻ വിദ്യാർഥിനിക്കുനേരെയുണ്ടായ അക്രമം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്നും പ്രതികളെ ഉടൻ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ കുറിച്ചു.
സംഭവത്തിൽ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ബംഗളൂരു പൊലീസിന്‍റെ ആദ്യം അറിയിച്ചത്. എന്നാൽ വിവാദം കത്തിപ്പടർന്നതോടെ സംഭവത്തിൽ കുറച്ച്പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് മാധ്യമപ്രവർത്തകരെ അറിയിച്ചു. എന്നാൽ, വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ടു എന്ന വാർത്ത ശരിയല്ലെന്ന് ബംഗളൂരു പോലീസ് മേധാവി പറഞ്ഞു.
ഞായറാഴ്ച രാത്രി കര്‍ണാടകയിലെ ഹെസരഘട്ടയിൽ പൊലീസ് നോക്കിനില്‍ക്കെയാണ് സംഭവം അരങ്ങേറിയത്. ഗണപതിപുരയിലെ സോളദേവനഹള്ളിയില്‍ കാറിടിച്ച് ഹെസരഘട്ട സ്വദേശി ശബാന താജ് (35) മരിച്ചിരുന്നു. അപകടം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞാണ് ആചാര്യ കോളജിലെ ബി.ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ യുവതി ഉള്‍പ്പെടെയുള്ള സംഘം മാരുതി കാറില്‍ ഇവിടെ എത്തിയത്. കാര്‍ തടഞ്ഞുനിര്‍ത്തിയ ജനക്കൂട്ടം യുവതിയെ കാറില്‍നിന്ന് വലിച്ച് പുറത്തിറക്കുകയും വസ്ത്രം വലിച്ചുകീറിയ ശേഷം തെരുവിലൂടെ നടത്തുകയും ചെയ്തു. വഴിയിലുണ്ടായിരുന്ന യുവാവ് ബനിയന്‍ ഊരി വിദ്യാര്‍ഥിക്ക് നല്‍കിയെങ്കിലും ഇയാള്‍ക്കും മര്‍ദനമേറ്റു. സമീപത്തെ ബസില്‍ ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും യാത്രക്കാര്‍ പുറത്തേക്ക് തള്ളിയിട്ടു.
കാറിലുണ്ടായിരുന്ന നാലു സഹയാത്രികരും ക്രൂര മര്‍ദനത്തിനിരയായി. അപകടത്തിനിടയാക്കിയ കാറും താന്‍സനിയന്‍ വിദ്യാര്‍ഥി സഞ്ചരിച്ചിരുന്ന കാറും അക്രമികള്‍ അഗ്നിക്കിരയാക്കി. വിദ്യാര്‍ഥികളുടെ പാസ്പോര്‍ട്ട്, എ.ടി.എം കാര്‍ഡ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചു. ഈ സമയമത്രയും കാഴ്ചക്കാരായി പൊലീസുമുണ്ടായിരുന്നു. യുവതി സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.