അരുണാചലില്‍ സുപ്രീംകോടതിക്ക് നിലപാട് മാറ്റം

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിന്‍െറ കാര്യത്തില്‍ ഗവര്‍ണര്‍ രാജ് ഖോവയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നേരത്തേ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി അസാധുവാക്കി. അരുണാചല്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാ സംരക്ഷണമുണ്ടെന്നും അതിനാല്‍ അദ്ദേഹത്തെ കേസില്‍ കക്ഷിയാക്കി നോട്ടീസ് അയക്കാന്‍ പാടില്ളെന്നുമുള്ള വാദം അംഗീകരിച്ചാണ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ അധ്യക്ഷനായ ബെഞ്ച്, നേരത്തേ പുറപ്പെടുവിച്ച ഉത്തരവ് അസാധുവാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ഉടന്‍ ഗവര്‍ണര്‍ അടച്ച് മുദ്രവെച്ച മുഖ്യമന്ത്രിയുടെയും സഹമന്ത്രിമാരുടെയും ഓഫിസുകളിലുണ്ടായിരുന്ന വ്യക്തിപരമായ രേഖകളെല്ലാം വിട്ടുകൊടുക്കാനും കമ്പ്യൂട്ടറുകളിലുള്ള വിവരങ്ങള്‍ പകര്‍ത്തിനല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.
ഭരണഘടന പ്രകാരം രാഷ്ട്രപതിയെയും ഗവര്‍ണറെയും കോടതി വ്യവഹാരങ്ങളില്‍ കക്ഷിചേര്‍ക്കാനാവില്ളെന്ന് കേസ് പരിഗണിച്ചപ്പോള്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി വാദിച്ചു. ഇതേതുടര്‍ന്ന് ഗവര്‍ണറുടെ പേരില്‍ നോട്ടീസ് കൈപ്പറ്റിയ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനോട് നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. കോടതി ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ബോധിപ്പിച്ചു. ഇതേതുടര്‍ന്നാണ് ഗവര്‍ണറുടെ റിപ്പോര്‍ട്ട് ചോദിച്ചത് തെറ്റാണെന്നു സമ്മതിച്ച് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ അത് റദ്ദാക്കി തിരുത്തുകയാണെന്ന് അറിയിച്ചത്. അക്കാര്യം കോടതിയുടെ ഇഷ്ടത്തിന് വിടുകയാണെന്നു പറഞ്ഞ എതിര്‍ഭാഗം അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍, ക്രിമിനലുകളോടെന്നപോലെ ഒരു മുഖ്യമന്ത്രിയോടും സഹമന്ത്രിമാരോടും പെരുമാറിയ ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നും ബോധിപ്പിച്ചു.
ഹോട്ടല്‍മുറിയില്‍ അനധികൃതമായി നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത നടപടി ചോദ്യംചെയ്ത് തങ്ങള്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിച്ചുകൊണ്ടിരിക്കേയാണ് ഗവര്‍ണര്‍ നിയമസഭ സസ്പെന്‍ഡ് ചെയ്യാനും മന്ത്രിസഭ പിരിച്ചുവിടാനും ഉത്തരവിട്ടത്. ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും നരിമാന്‍ വാദിച്ചു. ഓഫിസുകളില്‍നിന്നും ഒൗദ്യോഗിക വസതികളില്‍നിന്നുമുള്ള രേഖകളെല്ലാം ഗവര്‍ണര്‍ കൈവശപ്പെടുത്തി. ഇതില്‍ ചില രേഖകള്‍ കേന്ദ്രസര്‍ക്കാറിന്‍െറ സത്യവാങ്മൂലത്തോടൊപ്പം പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്നും തങ്ങള്‍ക്ക് മറുപടി സത്യവാങ്മൂലം നല്‍കാന്‍പോലും കഴിയാത്ത സാഹചര്യം ഇതുവഴി സംജാതമായിരിക്കുകയാണെന്നും നരിമാന്‍ ബോധിപ്പിച്ചു. ഇതേതുടര്‍ന്നാണ് പിടികൂടിയ മുഴുവന്‍ രേഖകളുടെയും കത്തുകളുടെയും പകര്‍പ്പുകള്‍ മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കും നല്‍കാനും വ്യക്തിപരമായ രേഖകള്‍ തിരിച്ചേല്‍പിക്കാനും ബെഞ്ച് ഉത്തരവിട്ടത്. സ്വകാര്യ ഹോട്ടലില്‍ അനധികൃതമായി നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്തതടക്കമുള്ള നടപടികള്‍ക്കെതിരെ സ്പീക്കര്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ചൊവ്വാഴ്ച മുതല്‍ വാദംകേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി. അതിനിടെ, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ മുന്‍ മുഖ്യമന്ത്രി നബാം തുകി സമര്‍പ്പിച്ച മറ്റൊരു ഹരജിയില്‍  കേന്ദ്രസര്‍ക്കാറിനും അരുണാചല്‍ സ്പീക്കര്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ അരുണാചല്‍പ്രദേശ് പ്രതിസന്ധി ഗുരുതരമാണെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി, അസാധാരണ നടപടിയില്‍ 15 മിനിറ്റിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സമയം നീട്ടിനല്‍കിയ സുപ്രീംകോടതി രാഷ്ട്രപതി ഭരണത്തിന്‍െറ ആവശ്യം തെളിയിക്കുന്ന രേഖകള്‍ വെള്ളിയാഴ്ചക്കകം ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാറിനോടും ഗവര്‍ണറോടും ആവശ്യപ്പെടുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.