ചോരുന്ന മണ്ണ് ഹുര്‍റിയത്തിന്‍െറ കാലിനടിയിലേക്ക്

ഇത്തവണ രണ്ടിലൊന്നറിഞ്ഞേ കശ്മീരികള്‍ പ്രക്ഷോഭം അവസാനിപ്പിക്കൂ എന്ന് ഹൈകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അബ്ദുല്‍ ഖയ്യൂം പറയുമ്പോള്‍ അസോസിയേഷന്‍ ഓഫിസിലിരുന്ന് 34 നിര്‍വാഹക സമിതി അംഗങ്ങളും അംഗീകരിച്ച് തലയാട്ടുന്നു. പ്രക്ഷോഭത്തിന്‍െറ സ്വാധീനമറിയാന്‍ കോടതി മുറികളിലൊന്നില്‍ പോയി നോക്കാന്‍ ഖയ്യൂം സംഘാംഗങ്ങളോട് ആവശ്യപ്പെട്ടു.

എല്ലാ ദിവസവും ജഡ്ജിമാരും സര്‍ക്കാര്‍ അഭിഭാഷകരും വരുന്നുണ്ട്. എന്നാല്‍, ഈ ബാര്‍ അസോസിയേഷനിലെ ഒരു അഭിഭാഷകന്‍പോലും കേസ് വാദിക്കുന്നില്ല. രാവിലെ കോടതിമുറിയിലത്തെുന്ന ജഡ്ജി കേസുകളുടെ പട്ടിക വായിക്കുന്നു. അഭിഭാഷകരില്ലാതെ ചില ഹരജിക്കാര്‍ തങ്ങളുടെ ഭാഗം പറയുന്നു. കേസ് മാറ്റിവെക്കുന്നു. കേവലം ഒരു മണിക്കൂര്‍കൊണ്ട് കോടതി നടപടികള്‍ അവസാനിക്കുന്നു. ഒന്നരമാസമായി ഇത് തുടരുകയാണ്. ഹര്‍ത്താലിന്‍െറയും പ്രക്ഷോഭത്തിന്‍െറയും നാശനഷ്ടം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് നിങ്ങളല്ളേ എന്ന ചോദ്യത്തിന് ഒന്നരമാസം സഹിച്ചതിലും വലുതെന്താണ് ഇനി വരാനുള്ളത് എന്നായിരുന്നു കശ്മീര്‍ ട്രേഡേഴ്സ് ആന്‍ഡ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുടെ മറുചോദ്യം.

8000 കോടിയുടെ നഷ്ടമാണ് ഇതുവരെ സഹിച്ചതെന്ന് പ്രസിഡന്‍റ് ബശീര്‍ അഹ്മദ് പറഞ്ഞു. കശ്മീരില്‍ ഈ വര്‍ഷം പറിക്കുന്ന ആപ്പിളുകള്‍ ചീഞ്ഞുപോയാലും പ്രക്ഷോഭം വിജയിപ്പിക്കും. കച്ചവടം പണമുണ്ടാക്കാനല്ളേ. ജീവിതമില്ലാത്തവര്‍ക്ക് എന്തിനാണ് പണം. കച്ചവടവും പണവും പിന്നീടുമുണ്ടാക്കാം. എന്നാല്‍, ഇത്തവണത്തേത് കശ്മീരികളുടെ അവസാനത്തെ പ്രക്ഷോഭമാകണം. കശ്മീരികള്‍ക്കിടയില്‍ മുമ്പില്ലാത്ത ഐക്യമുണ്ടായതുകൊണ്ടാണ് ദുരിതത്തിനിടയിലും പ്രക്ഷോഭത്തെ പിന്തുണക്കുന്നതെന്നും ബശീര്‍ പറഞ്ഞു.

പ്രക്ഷോഭത്തിനിറങ്ങിയവര്‍ സൈനികരുമായി മുഖാമുഖം
 


തീക്ഷണമാണ് കശ്മീരിലെ പ്രതിസന്ധിയെന്ന് പ്രതിനിധികളെ കൂടിക്കാഴ്ചക്ക് ക്ഷണിച്ച ഗവര്‍ണര്‍ എന്‍.എന്‍. വോറയും സമ്മതിച്ചു. കശ്മീരിന്‍െറ ചരിത്രത്തില്‍ സമാനതകളില്ലാത്ത സാഹചര്യമാണ് രൂപപ്പെട്ടതെന്നും അദ്ദേഹം ഉള്ളുതുറന്നു. കാര്യങ്ങള്‍ കൈവിട്ടുപോയ അസ്വസ്ഥതയില്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി ഒരു കൂടിക്കാഴ്ചക്കുള്ള മാനസികാവസ്ഥയിലല്ളെന്നാണ് സംഘത്തെ അറിയിച്ചത്.

ഇതേ തുടര്‍ന്നാണ് ജമ്മു-കശ്മീരിലെ പിഡി.പി-ബി.ജെ.പി സഖ്യത്തിന്‍െറ ബുദ്ധികേന്ദ്രവും മഹ്ബൂബയുടെ പിതാവ് മുഫ്തി മുഹമ്മദ് സഈദിന്‍െറ വലംകൈയുമായ കശ്മീരി പണ്ഡിറ്റ് നേതാവ് അമിതാഭ് മട്ടുവിനെ സംഘം കണ്ടത്. കശ്മീര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ നിലപാട് ജമ്മുവില്‍ ബി.ജെ.പിക്ക് നേട്ടമായേക്കാമെങ്കിലും തങ്ങളുടെ കാലിനടിയിലെ മണ്ണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മട്ടു പറഞ്ഞു. പി.ഡി.പിയുടെ നഷ്ടം നാഷനല്‍ കോണ്‍ഫറന്‍സിനല്ല, ഹുര്‍റിയത്തിനാണ് നേട്ടമാകുന്നതെന്ന് മട്ടു ഓര്‍മിപ്പിച്ചു.

മണിശങ്കര്‍ അയ്യര്‍, ശബ്നം ഹശ്മി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പ്രേം ശങ്കര്‍ ഝാ, റിട്ട. വൈസ് എയര്‍ മാര്‍ഷല്‍ കപില്‍ കാക്, മുന്‍ പ്രസ് കൗണ്‍സില്‍ അംഗം ഓം പ്രകാശ് ഷാ, ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ വിനോദ് ശര്‍മ, ദ വയര്‍ ഫൗണ്ടിങ് എഡിറ്റര്‍ എം.കെ. വേണു, നെറ്റ്വര്‍ക് 18 അസോസിയേറ്റ് എഡിറ്റര്‍ റൂബി അരുണ്‍, രജനി ശാലിന്‍ ചോപ്ര തുടങ്ങിയവരായിരുന്നു ഈ ലേഖകനെ കൂടാതെ ന്യൂഡല്‍ഹിയില്‍നിന്നുള്ള വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കൂടിക്കാഴ്ചകള്‍ക്കും സന്ദര്‍ശനങ്ങള്‍ക്കുമൊടുവില്‍ സംഘത്തെ യാത്രയാക്കുമ്പോഴും ഇത്തവണ കശ്മീര്‍ ആര്‍ക്കും നിയന്ത്രിക്കാനാകാത്ത അരാജകത്വത്തിലാണെന്ന ആധിയായിരുന്നു കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ ശുജാഅത്ത് ബുഖാരിക്ക്.  

90കള്‍ക്കുശേഷം തോക്കിന്‍െറ നിഴലില്‍ ജനിച്ചുവളര്‍ന്ന തലമുറയാണിപ്പോള്‍ തെരുവിലിറങ്ങിയത്. നേതാക്കളുടെ കൈകളില്‍ നില്‍ക്കാത്ത ദിശയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അതിനാല്‍, സംഭാഷണത്തിലേക്കും രാഷ്ട്രീയ പരിഹാരത്തിലേക്കും ന്യൂഡല്‍ഹിയെ കൊണ്ടത്തെിക്കാന്‍ ആവുന്നത് ചെയ്യണമെന്നായിരുന്നു സംഘത്തോടുള്ള ശുജാഅത്തിന്‍െറ അവസാനത്തെ അപേക്ഷ.
(അവസാനിച്ചു)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.