പ്രക്ഷോഭത്തിലെ കല്ലേറുകാരും നുഴഞ്ഞുകയറ്റക്കാരും

ബുര്‍ഹാന്‍ വാനി വധത്തെ തുടര്‍ന്ന് താഴ്വരയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആഹ്വാനമാണ് കശ്മീരികളെ ഇത്തവണ പ്രക്ഷോഭമുഖത്ത് എത്തിച്ചതെന്ന് കശ്മീര്‍ സര്‍വകലാശാല ടീച്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. ഹര്‍ത്താല്‍കൊണ്ട് അവസാനിപ്പിച്ചില്ല ഹുര്‍റിയത്. ഓരോ ദിവസത്തേക്കുമുള്ള പ്രക്ഷോഭ കലണ്ടറുമിറക്കി. ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ സൈനികരെ ഇറക്കുകയും പ്രക്ഷോഭത്തില്‍ പങ്കെടുക്കാത്തവര്‍പോലും ആക്രമിക്കപ്പെടുകയും ചെയ്തതോടെ 10 ജില്ലകളിലും പ്രക്ഷോഭം പടര്‍ന്നു.

രാവിലെയും വൈകീട്ടും ഹുര്‍റിയത് ഇളവുനല്‍കിയ ഏതാനും മണിക്കൂറുകളില്‍ കടകമ്പോളങ്ങള്‍ തുറക്കും. പിന്നീട് വീടുകളടച്ച് അകത്തിരിക്കും. പ്രക്ഷോഭത്തിനും കല്ളെറിയുന്നതിനും പിന്നിലുള്ള പാകിസ്താന്‍െറ സാമ്പത്തിക സഹായത്തെക്കുറിച്ച ചോദ്യത്തെ അസി. പ്രഫ. മുഷ്താഖ് സിദ്ദീഖി നേരിട്ടത് പുലര്‍ച്ചെ രണ്ടിനും മൂന്നിനും പതിനായിരങ്ങള്‍ വീടുകളില്‍നിന്നിറങ്ങി വന്ന് പ്രക്ഷോഭത്തില്‍ പങ്കെടുക്കുമോ എന്ന മറുചോദ്യംകൊണ്ടായിരുന്നു. കശ്മീരികളുടെ പ്രതിഷേധത്തെ ലഘൂകരിച്ച് കാണരുതെന്ന് അഭ്യര്‍ഥിച്ചശേഷം ഹുര്‍റിയത്തിന്‍െറ പ്രക്ഷോഭങ്ങളിലേക്ക് തീവ്രവാദി സംഘടനകളിലെ പ്രവര്‍ത്തകരും ഭാഗഭാക്കാകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹചര്യം അവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ബുര്‍ഹാന്‍ വാനിയുടെ വധത്തിനുശേഷം കൂടുതല്‍ യുവാക്കളും കുട്ടികളും അവരോട് അടുക്കുന്നുണ്ട്.

പ്രതിഷേധ റാലിയില്‍ പ്രത്യക്ഷപ്പെട്ട മുഖംമൂടിധാരികള്‍ (ഫാറൂഖ് ജാവേദ് ഖാന്‍)
 


തീവ്രവാദ ഘടകം സംബന്ധിച്ച മുഷ്ത്താഖിന്‍െറ മുന്നറിയിപ്പ് അനന്ത്നാഗില്‍ ഐ ക്ളിനിക് നടത്തുന്ന ഖയ്യൂം പാണ്ഡെ ശരിവെച്ചു. പ്രക്ഷോഭ റാലികളില്‍ ഗ്രാമീണര്‍ക്ക് അപരിചിതരായവര്‍ പ്രത്യക്ഷപ്പെടാറുണ്ട്. ലശ്കറെ ത്വയ്യിബയുടെയും ഹിസ്ബുല്‍ മുജാഹിദീന്‍െറയും അംഗങ്ങളാണ് പലപ്പോഴും ഇങ്ങനെ പങ്കെടുക്കുന്നത്.  മിക്കവാറും ഗ്രാമങ്ങളിലാണവര്‍ വരാറുള്ളത്. തിരിച്ചറിയാതിരിക്കാനാണ് മുഖം മൂടിക്കെട്ടി ഇവര്‍ വരാറ്. തീവ്രവാദികള്‍ പങ്കെടുത്ത വിവരം ഓരോ റാലിക്കുശേഷവും നാട്ടുകാര്‍തന്നെ സാക്ഷ്യപ്പെടുത്താറുമുണ്ട്. അനന്ത്നാഗില്‍ തീവ്രവാദി വേഷത്തില്‍ മൂഖം മൂടിക്കെട്ടി വന്ന രണ്ടുപേരെ പ്രക്ഷോഭകര്‍ കൈകാര്യംചെയ്ത സംഭവവും ഖയ്യൂം പറഞ്ഞു.

ബലം പ്രയോഗിച്ച് ഇവരെ തടഞ്ഞ പ്രക്ഷോഭകര്‍ ഇരുവരുടെയും മുഖംമൂടി അഴിച്ചപ്പോഴാണ് ജമ്മു-കശ്മീര്‍ പൊലീസിലുള്ളവരാണെന്നറിയുന്നത്. അതിലൊരാള്‍ വിവാഹം കഴിച്ചത് പ്രക്ഷോഭം നടന്ന ഗ്രാമത്തില്‍നിന്നായിരുന്നതുകൊണ്ടാണ് ജനം ഇവരെ തിരിച്ചറിഞ്ഞത്. ഈ വാര്‍ത്ത പരന്നതോടെ മുഖംമൂടികളുടെ സാന്നിധ്യം നിരുത്സാഹപ്പെടുത്തുകയാണ് പ്രക്ഷോഭകരെന്ന് ഖയ്യൂം പറഞ്ഞു.
(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.