രാത്രി പള്ളിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനന്ത്നാഗിലെ ഗുല്‍സാര്‍ അഹ്മദ്. പൊടുന്നനെയാണ് വൈദുതി നിലച്ചത്. തെരുവിലെയും വീടുകളിലെയും വിളക്കുകളെല്ലാം അണഞ്ഞു. കൂരിരുട്ടില്‍ പ്രയാസപ്പെട്ട് വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ ചെറിയൊരു ഇരമ്പം കേട്ടു. ഇരുട്ടിലെന്തോ വന്ന് നെഞ്ചിലും മുഖത്തും തലയിലും ഇരച്ചുകയറിയ പോലെ. വീട്ടിലത്തെിയിട്ടും ഗുല്‍സാറിന് ഒന്നും മനസ്സിലായില്ല. ഒരു വിധം വീട്ടിലത്തെി തലക്കകത്തേക്ക് എന്തോ പെരുത്തുകയറുന്നതായി തോന്നുന്നുവെന്ന് പറഞ്ഞു. വീട്ടുകാര്‍ നോക്കുമ്പോള്‍ മുഖത്ത് അവിടവിടെയായി രക്തം പൊടിഞ്ഞ പാടുകള്‍.  

ഗുല്‍സാറിനെയുമെടുത്ത് വീട്ടുകാര്‍ ആശുപത്രിയിലെ നേത്ര ശസ്ത്രക്രിയാ വിദഗ്ധന്‍ സജ്ജാദ് ഖാണ്ഡെയുടെ അടുക്കലത്തെി. മുമ്പില്‍ വന്ന ഗുല്‍സാറിനോട് തലയൊന്ന് കുടയാനാണ് ഡോ. സജ്ജാദ് ആവശ്യപ്പെട്ടത്. ഗുല്‍സാര്‍ തല കുടഞ്ഞപ്പോള്‍ വളരെ നേര്‍ത്ത ഇരുമ്പുചീളുകള്‍ മുടിയിഴകള്‍ക്കിടയില്‍നിന്ന് പൊഴിയുന്നു. ഇന്ത്യന്‍ സൈനികര്‍ തൊടുത്തുവിട്ട പെല്ലറ്റുകളാണിതെന്ന് പറഞ്ഞ് ഡോ സജ്ജാദ് ഖാണ്ഡെ നിലത്തുനിന്ന് അവയെല്ലാം നുള്ളിപ്പെറുക്കി കൈവെള്ളയില്‍വെച്ച് കൊടുത്തു.

മനുഷ്യത്വരഹിതമായ പെല്ലറ്റ് ഗണ്‍ മേലില്‍ ഉപയോഗിക്കരുതെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്‍റിനെ അറിയിച്ച് പത്തു ദിവസം കഴിഞ്ഞാണ് ഗുല്‍സാറിന്‍െറ തലയിലേക്ക് സൈനികര്‍ പെല്ലറ്റുകള്‍ വര്‍ഷിച്ചത്. ദിനേന ശരീരമാസകലം പെല്ലറ്റു ചീളുകള്‍ വഹിച്ചത്തെുന്ന ഒരുപാടുപേരെ ഓപറേഷന്‍ ടേബിളില്‍ കണ്ടുകൊണ്ടിരിക്കുന്നു ഡോ. സജ്ജാദ്. ആക്രമിക്കാന്‍ വരുന്നവരെ തിരിച്ചടിക്കാനാണ് സൈന്യം പെല്ലറ്റ് ഉപയോഗിക്കുന്നതെന്ന ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയുടെയും രാജ്നാഥ് സിങ്ങിന്‍െറയും ന്യായീകരണം ശരിയല്ളെന്ന് തെളിയിക്കുന്നതാണ് ഗുല്‍സാറിന്‍െറ കഥ.

പെല്ലറ്റ് ഗണ്ണിനിരയായ പെണ്‍കുട്ടി ആശുപത്രിക്കിടക്കയില്‍  
 


ഗ്രാമങ്ങളില്‍ രാത്രി വൈദ്യുതിബന്ധം വിച്ഛേദിച്ച് ആളുകള്‍ക്കുനേരെ പെല്ലറ്റ് വര്‍ഷം നടത്തുന്നത് താഴ്വരയില്‍ എല്ലായിടത്തും നടക്കുന്നുണ്ടെന്നാണ് നേത്ര വിദഗ്ധനും ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയിലെ ഡോക്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റുമായ ഡോ. നിസാര്‍ അഹ്മദ് പറയുന്നത്. ഒരാളുടെ ശരീരത്തില്‍ നൂറുകണക്കിന് പെല്ലറ്റുകളാണ് ഒരേസമയം തുളച്ചുകയറുന്നത്. പലരുടെയും നെഞ്ചിനകത്തും തലച്ചോറിലും ഇവ കുടുങ്ങിക്കിടക്കുകയാണ്. ശസ്ത്രക്രിയപോലും നടത്താനാകാത്ത അവസ്ഥ. നൂറുകണക്കിന് പേരെ പെല്ലറ്റുകള്‍ നീക്കം ചെയ്യാതെ ഇങ്ങനെ വിട്ടിട്ടുണ്ട്. ഈയം കൊണ്ടുള്ള നേര്‍ത്ത ചീളുകളാണ് പെല്ലറ്റുകള്‍. ഈയം രക്തത്തില്‍ കലരുന്നതിലൂടെ വിഷാംശമാണ് ശരീരത്തിലത്തെുന്നത്. അതിന്‍െറ പ്രത്യാഘാതങ്ങള്‍ സങ്കീര്‍ണമാണ്. കിടക്കുന്നിടത്തുനിന്ന് ഇളകിയാല്‍ മരണവും സംഭവിക്കാം. നീക്കം ചെയ്യാത്ത ഈ പെല്ലറ്റുകള്‍ കശ്മീരികളുടെ ഭാവിജീവിതം ദുരിതപൂര്‍ണമാക്കുമെന്ന് നിസാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കശ്മീരിന്‍െറ ഭാവിതലമുറയെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാനുള്ള മാരകായുധമാണ് പെല്ലറ്റ് ഗണ്‍ എന്ന അഭിപ്രായക്കാരനാണ് ഡോ. നിസാര്‍.

പ്രക്ഷോഭകരെ നോക്കിയല്ല സൈന്യത്തിന്‍െറ പെല്ലറ്റ് പ്രയോഗമെന്നതിന് തെളിവായി ശസ്ത്രക്രിയ കഴിഞ്ഞ് കണ്ണ് പൊതിഞ്ഞ നിലയില്‍ കിടത്തിയ കൊച്ചു പെണ്‍കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ഡോ. നിസാര്‍ അഹ്മദ് കാണിച്ചുതന്നു. ഈ കൊച്ചുകുട്ടികള്‍ കല്ളെറിയാന്‍ പോയവരാണെന്നാണ് പറയുന്നത്. ഈ വാദം അംഗീകരിച്ചാല്‍പോലും കല്ളെറിയുന്ന കുട്ടികളോട് കൊല്ലാനുള്ള പെല്ലറ്റുപയോഗിച്ചാണോ സുരക്ഷാ സൈനികര്‍ പ്രതികരിക്കേണ്ടതെന്ന് ഡോ. നിസാര്‍ ചോദിക്കുന്നു. തുടര്‍ന്ന് പെല്ലറ്റുകളേറ്റ് കിടക്കുന്ന വൃദ്ധ ദമ്പതികളെ കാണിച്ചു. പുല്‍വാമയിലെ ബുച്ചൂ കംല ഗ്രാമത്തില്‍നിന്നുള്ള 85കാരനായ അബ്ദുല്‍ ഖയ്യൂമിനും  80 വയസ്സുള്ള ഭാര്യ നസീറക്കും നേരെ പെല്ലറ്റ് പ്രയോഗിച്ചത് റോഡില്‍നിന്ന് പോലുമല്ല. പ്രക്ഷോഭത്തിനിറങ്ങിയ അവരുടെ മകന്‍ മുഫ്തി മുജാഹിദ് ശബീര്‍ ഫലാഹിയെ ചോദിച്ച പൊലീസിനോട് അവന്‍ വീട്ടിലില്ളെന്ന് പറഞ്ഞു. അതോടെ അനിയന്‍ നൂറിനെ പിടിച്ച് മര്‍ദിച്ചു പുറത്തേക്ക് കൊണ്ടുപോയി. വന്നവര്‍ പോയോ എന്നറിയാന്‍ വാതില്‍ക്കലത്തെിയ ദമ്പതികള്‍ക്കുനേരെ പൊലീസ് പെല്ലറ്റുതിര്‍ത്തു. അന്ന് രാതി പുല്‍വാമയില്‍ നടത്തിയ റെയ്ഡില്‍ 12ാളം പേര്‍ക്കെങ്കിലും പരിക്കേറ്റിരുന്നുു. ഈ റെയ്ഡുകള്‍ക്കെതിരായ പ്രതിഷേധം രണ്ട് നാള്‍ കഴിഞ്ഞ് സി.ആര്‍.പി.എഫുകാര്‍ക്കെതിരായ ആക്രമണമായി മാറുകയും ചെയ്തു.
(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.