പാതിരാവില്‍ പരിക്കേറ്റവരെയും കൊണ്ടുറങ്ങാതെ ഗ്രാമങ്ങള്‍

ഇത്രയും കടുത്ത പ്രതിഷേധം താഴ്വരക്ക് പുറത്തുള്ള ഇന്ത്യക്കാര്‍ക്കെതിരെ ഉയരുന്നതിന്‍െറ പ്രകോപനം പിടികിട്ടാന്‍ ശ്രീനഗര്‍ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയിലെ ആദ്യ വാര്‍ഡിലേക്ക് കടക്കേണ്ടിയേ വന്നുള്ളൂ. മുഖവും നെഞ്ചും കൈകാലുകളും ബാന്‍ഡേജുകളില്‍ പൊതിഞ്ഞ നിലയില്‍ സൈനിക ഓപറേഷനില്‍ പരിക്കേറ്റ് 30ഓളം പേരെ നിരത്തി കിടത്തിയിരിക്കുന്നു. സൈനികരുടെ വെടിയുണ്ടകളും പെല്ലറ്റുകളും ഏറ്റവരും അടിയും തൊഴിയും ഏറ്റവരുമെല്ലാം അക്കൂട്ടത്തിലുണ്ട്. കുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ. തലേന്ന് രാത്രി പുല്‍വാമ ജില്ലയിലെ ക്രിയൂ ഗ്രാമത്തില്‍ രാത്രി വീടുവീടാന്തരം കയറിയിറങ്ങി സൈന്യം നടത്തിയ ഓപറേഷന്‍െറ ഇരകളാണ് ഈ കിടക്കുന്നതെന്ന് തനിക്ക് ചുറ്റിലുമുള്ളവരെ കാണിച്ച് നിസാര്‍ അഹ്മദ് ഭട്ട് പറഞ്ഞു. രാത്രി 10 മണിക്ക് തുടങ്ങിയ ഓപറേഷന്‍ അവസാനിച്ചത് പുലര്‍ച്ചെ മൂന്നിനായിരുന്നുവത്രെ.

ഹുര്‍റിയത്തിന്‍െറ ആഹ്വാനം കേട്ട് തലേന്ന് ഗ്രാമത്തില്‍ സമാധാനപരമായി റാലി സംഘടിപ്പിച്ചവരെ അന്വേഷിച്ചാണ് സൈന്യം അവിടെയത്തെിയത്. എന്നാല്‍, കണ്ട ചെറുപ്പക്കാരെയെല്ലാം കസ്റ്റഡിയിലെടുത്ത് മര്‍ദിക്കുകയായിരുന്നു. പല വീടുകളിലെ സ്ത്രീകളെയും മുതിര്‍ന്നവരെയും വെറുതെ വിട്ടില്ല. സൈന്യം വീടുകള്‍ കയറിയിറങ്ങുന്നുണ്ടെന്ന് പള്ളിയില്‍നിന്ന് വിളിച്ചുപറഞ്ഞു. അതോടെ ആ ഗ്രാമത്തില്‍ പിന്നെ ആരും ഉറങ്ങിയില്ല. തങ്ങളുടെ ഊഴം എപ്പോഴെന്ന് കാത്ത് ഓരോ വീട്ടുകാരും ഉറക്കമിളച്ചിരിക്കുകയായിരുന്നു.

സൈനികനടപടിയില്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞ ശ്രീനഗര്‍ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രി വാര്‍ഡ്
 


‘ഞങ്ങളുടെ വീട്ടില്‍ വന്ന് അവര്‍ വാതിലില്‍ മുട്ടുമ്പോള്‍ പുലര്‍ച്ചെ രണ്ടുമണിയെങ്കിലും ആയിക്കാണും. എന്നെയും രണ്ട് സഹോദരങ്ങളെയും തോക്കുകൊണ്ട് അടിച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്തു. പിതാവിനെയും മര്‍ദിച്ചു. വീട്ടുപകരണങ്ങളെല്ലാം തകര്‍ത്തു. പരിക്കേറ്റ ഞങ്ങള്‍ മൂന്നുപേരെയും ആശുപത്രിയിലത്തെിക്കാന്‍ നേരം പുലരുവോളം കാത്തിരിക്കേണ്ടിവന്നു. പരിക്കേറ്റവരെ വഹിച്ച ആംബുലന്‍സുകളും സൈന്യം തടഞ്ഞു. സൈന്യം ഗ്രാമത്തില്‍നിന്ന് മടങ്ങിയശേഷമാണ് ശ്രീനഗറിലേക്ക് തിരിക്കാനായത്. അവിടെ കര്‍ഫ്യൂ തീര്‍ത്ത പ്രതിസന്ധികള്‍ മറികടന്ന് ആശുപത്രിയിലത്തൊന്‍ പിന്നെയും മണിക്കൂറുകളെടുത്തു’ -നിസാര്‍ പറഞ്ഞു. തൊട്ടടുത്ത കിടക്കയില്‍ പരിക്കേറ്റ് സഹോദരന്‍ സമീര്‍ അഹ്മദ് ഭട്ടും കിടക്കുന്നുണ്ട്.

നിസാറിന്‍െറയും മറ്റും കൂട്ടത്തിലാണ് 30കാരനായ കോളജ് ലെക്ചറര്‍ ശബീര്‍ അഹ്മദ് മംഗുവിനെയും സൈന്യം കസ്റ്റഡിയിലെടുത്തത്. പിന്നീട് ശബീറിന്‍െറ മരണവാര്‍ത്ത പുറത്തുവന്നത് കൊണ്ടാണ് ഗ്രാമത്തില്‍നിന്ന് കസ്റ്റഡിയിലെടുത്ത മുഴുവനാളുകളെയും സൈന്യം വിട്ടയച്ചത്. ശ്രീനഗറിലെ അമര്‍ സിങ് കോളജിലെ ലെക്ചററായിരുന്നു ശബീര്‍. തോക്കുകൊണ്ടുള്ള അടിയും സൈനികരുടെ തൊഴിയുമേറ്റ് ശബീര്‍ ബോധരഹിതനായി വീണിട്ടും അതിക്രമം അവസാനിപ്പിച്ചില്ല. മൃഗീയമായ മര്‍ദനമേറ്റ് ശബീര്‍ മരിച്ചുവെന്ന് മനസ്സിലാക്കിയ സൈന്യം മൃതദേഹം എങ്ങനെയെങ്കിലും നാട്ടുകാരെ ഏല്‍പിക്കാനായി ശ്രമം. അതിനായി സര്‍പഞ്ചിനെ സമീപിച്ചെങ്കിലും അദ്ദേഹം തയാറായില്ല. ശബീറിന്‍െറ മൃതദേഹവുമായി പിന്നെ സൈന്യം പോയത് ജമ്മു-കശ്മീര്‍ പൊലീസിന്‍െറയടുത്തേക്കാണ്.

എന്നാല്‍, കസ്റ്റഡി മരണത്തിന്‍െറ കുറ്റം പേറാന്‍ തയാറാകാതെ മൃതദേഹം ഏറ്റെടുക്കാന്‍ അവരും വിസമ്മതിച്ചു. നേരം പുലരുവോളം മൃതദേഹവുമായി പരക്കംപാഞ്ഞ അവര്‍ പിന്നീട് രാവിലെ ആറുമണിയോടെ ആശുപത്രിക്ക് കൈമാറുകയായിരുന്നുവെന്ന് നിസാര്‍ അഹ്മദ് പറഞ്ഞു. മരിച്ചനിലയിലാണ് ശബീറിനെ കൊണ്ടുവന്നതെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരും പറഞ്ഞു. പുറത്തും നെഞ്ചിലും തുടകളിലും മര്‍ദനമേറ്റതിന്‍െറ പാടുകളുണ്ടായിരുന്നു. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരം ശബീര്‍ അഹ്മദ് മാംഗൂ എന്നയാളുടെ മരണത്തിനും 18 ചെറുപ്പക്കാരുടെ പരിക്കിനും ഇടയാക്കിയ അക്രമത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന, വസ്തുവഹകള്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ലെക്ചററുടെ മരണത്തില്‍ ദു$ഖമുണ്ടെന്ന് ലെഫ്റ്റനന്‍റ് ജനറല്‍ സതീഷ് ദുവ പറയുമ്പോള്‍ സൈന്യം സംഭവം അന്വേഷിക്കുമെന്നാണ് സൈനിക വക്താവ് മനീഷ് കുമാര്‍ പ്രതികരിച്ചത്. സൈനിക മര്‍ദനത്തില്‍ പരിക്കേറ്റ  ശബീറിന്‍െറ സഹോദരന്‍ ഇതേ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. പുലരുംവരെ ഇതുപോലെ ഉറക്കമിളച്ചിരുന്നാണ് കശ്മീരിലെ ഓരോ ഗ്രാമത്തില്‍നിന്നും രാത്രികാലത്തെ സൈനികനടപടിക്ക് ശേഷം പരിക്കേറ്റവരെയും കൊണ്ടുള്ള ആംബുലന്‍സുകള്‍ ശ്രീനഗറിലത്തെുന്നത്. ഇത്തരം അക്രമസംഭവങ്ങളില്‍ പരിക്കേറ്റവരെയും കൊണ്ടാണ് ശ്രീ മഹാരാജ ഹരിസിങ് ആശുപത്രി നിറഞ്ഞിരിക്കുന്നത്. ഓരോ വാര്‍ഡും പറയുന്നുണ്ട് കാളരാത്രിയുടെ കഥകള്‍.

(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.