കശ്മീര്‍: ആരുമായും ചര്‍ച്ചക്ക്​ തയ്യാറെന്ന്​ കേന്ദ്രം

ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷം 50ാം ദിവസത്തിലേക്ക് അടുത്തപ്പോള്‍ കാര്‍ക്കശ്യത്തിന്‍െറ ചുവടുമാറ്റി കേന്ദ്രസര്‍ക്കാര്‍.  സര്‍വകക്ഷി സംഘത്തെ വൈകാതെ കശ്മീരിലേക്ക് അയക്കുന്നതിനും വിഘടിതവിഭാഗങ്ങളടക്കം ആരുമായും ചര്‍ച്ചക്കുള്ള സന്നദ്ധതയും സര്‍ക്കാര്‍ പ്രകടിപ്പിച്ചു. ഒട്ടേറെ പേരുടെ കണ്ണു കളഞ്ഞ പെല്ലറ്റ് ഗണ്‍ പ്രയോഗവും  നിര്‍ത്തിവെച്ചേക്കും. കശ്മീരില്‍ രണ്ടാംവട്ട സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനു മുമ്പ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് സുപ്രധാനമായ ഈ മൂന്നു സൂചനകള്‍ നല്‍കിയത്. സര്‍വകക്ഷി സംഘം വൈകാതെ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് വിവിധ ജനവിഭാഗങ്ങളുമായി സംഭാഷണം നടത്തുമെന്നും അതിന് ക്രമീകരണം ചെയ്യാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്നാഥ് സിങ് ശ്രീനഗറില്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.
പെല്ലറ്റ്ഗണ്‍ പ്രയോഗത്തെക്കുറിച്ച് പഠിക്കാന്‍ ആഭ്യന്തരമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി രണ്ടു ദിവസത്തിനകം ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കും. 2010ലും പെല്ലറ്റ്ഗണ്‍ പ്രയോഗിച്ചിട്ടുണ്ട്. നാശം ഏറ്റവും കുറക്കുന്ന ആയുധമായാണ് ഇത് കരുതിപ്പോന്നത്. അതിനൊരു ബദല്‍ വേണമെന്നാണ് ഇപ്പോഴത്തെ കാഴ്ചപ്പാടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിഘടിതവിഭാഗമായ ഹുര്‍റിയതുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ സന്നദ്ധമാണോ എന്ന ചോദ്യത്തിന് മന്ത്രി നേരിട്ടൊരു ഉത്തരം പറഞ്ഞില്ല. എന്നാല്‍ മനുഷ്യത്വം, സ്വാതന്ത്ര്യം, കശ്മീര്‍ സ്വത്വം എന്ന വാജ്പേയിയുടെ നയം മുന്‍നിര്‍ത്തി ആരുമായും ചര്‍ച്ചക്ക് തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ 20 പ്രതിനിധിസംഘങ്ങളും 300ഓളം വ്യക്തികളും തന്നെ സന്ദര്‍ശിച്ചു. കശ്മീരില്‍ സമാധാനം വേണമെന്ന ആഗ്രഹമാണ് അവര്‍ പങ്കുവെച്ചത്. ദു$സ്ഥിതിയില്‍നിന്ന് കശ്മീരിനെ ഉയര്‍ത്തിയെടുക്കാന്‍ പറ്റുമോയെന്നതാണ് വിഷയം. യുവാക്കളുടെ ഭാവികൊണ്ട് കളിക്കരുതെന്നാണ് ഓരോരുത്തരോടും അഭ്യര്‍ഥിക്കാനുള്ളത്. ഇത്തരമൊരു സംഘര്‍ഷസ്ഥിതി കശ്മീരിലുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

പെല്ലറ്റ് വഴിമാറും; പകരം ‘പവ ഷെല്‍’

ന്യൂഡല്‍ഹി: കശ്മീരില്‍ അക്രമാസക്തരായ ജനക്കൂട്ടത്തിനുനേരെ സൈന്യത്തിന്‍െറ പെല്ലറ്റ്ഗണ്‍ ഉപയോഗം നിലക്കുന്നു. പകരം പുതുതായി വികസിപ്പിച്ചെടുത്ത ‘പവ ഷെല്‍’ പ്രയോഗത്തില്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മുളകിന്‍െറ സ്വഭാവഗുണങ്ങളുള്ള ജൈവസംയുക്തമാണ് പവ ഷെല്ലുകള്‍. പെല്ലറ്റ്ഗണ്‍ പോലെ  അത്ര മാരകമല്ലാത്ത ഇത് പ്രക്ഷോഭകര്‍ക്കുനേരെ പ്രയോഗിച്ചാല്‍ താല്‍ക്കാലികമായി കൊടിയ തളര്‍ച്ചയും ക്ഷീണവുമായിരിക്കും അനുഭവപ്പെടുക. എരിഞ്ഞുനീറി ഏറെനേരത്തേക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥയുണ്ടാകും. കഴിഞ്ഞദിവസങ്ങളില്‍ ഡല്‍ഹിയില്‍ പരീക്ഷിച്ച് ഫലം ബോധ്യപ്പെട്ടതായി ഇതുസംബന്ധിച്ച് പഠനം നടത്തുന്ന വിദഗ്ധസമിതി കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു.

കശ്മീരിലെ അനിയന്ത്രിതമായ പെല്ലറ്റ് ഗണ്‍ പ്രയോഗം വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ‘ആയുധം’ കണ്ടത്തൊന്‍ സമിതിയെ നിയോഗിച്ചത്. ഗ്വാളിയോറില്‍ ബി.എസ്.എഫിന്‍െറ കണ്ണീര്‍വാതക നിര്‍മാണ യൂനിറ്റിനാണ് പവഷെല്ലിന്‍െറയും നിര്‍മാണച്ചുമതല. ആദ്യഘട്ടത്തില്‍ 50,000 റൗണ്ട് ഉപയോഗിക്കാവുന്നത്രയായിരിക്കും പുറത്തിറക്കുക. പെലര്‍ഗോണിക് ആസിഡ് വനിലൈല്‍ എമൈഡ് എന്നതിന്‍െറ ചുരുക്ക രൂപമാണ് ‘പവ’. നൊനിവമൈഡ് എന്നും ഇതിന് പേരുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.