വാടക ഗര്‍ഭപാത്രം: ബില്ലിനോട് എതിര്‍പ്പുകള്‍

ന്യൂഡല്‍ഹി: കച്ചവട സ്വഭാവം കൈവരിച്ച വാടക ഗര്‍ഭപാത്ര രീതി വിലക്കി പുതിയ നിയമനിര്‍മാണത്തിന് കേന്ദ്രം ഒരുങ്ങുമ്പോള്‍, പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ എതിര്‍പ്പുയരുന്നു. വാടക ഗര്‍ഭപാത്ര രീതിയെ അനുകൂലിച്ചും എതിര്‍ത്തും മനുഷ്യാവകാശ പ്രവര്‍ത്തകരും ഡോക്ടര്‍മാരും രംഗത്തുവരുന്നുണ്ട്. ഈ രീതിക്കുപകരം ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന അഭിപ്രായം വിവിധ വനിതാസംഘടനകള്‍ പ്രകടിപ്പിച്ചു. വാടക ഗര്‍ഭപാത്ര നിയന്ത്രണം ശരിയായ ദിശയിലുള്ള ചുവടുവെപ്പാണെങ്കിലും പിന്നാമ്പുറ കച്ചവടമായി ഇത് വളരുമെന്ന് വനിതാവകാശ പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചു. ഗര്‍ഭാശയം വാടകക്ക് വാങ്ങുന്നത് കച്ചവടമായി മാറിയിട്ടുള്ളതിനാല്‍ നിയന്ത്രിക്കപ്പെടണം.

ബില്‍ പാര്‍ലമെന്‍റ് പാസാക്കിയാലും വ്യവസ്ഥകള്‍ നടപ്പില്‍ വരുത്തുന്നത് വെല്ലുവിളിയാവും. അടുത്ത ബന്ധുവിന് ഗര്‍ഭം വഹിക്കാമെന്ന സ്ഥിതി, കുടുംബങ്ങളില്‍തന്നെ സമ്മര്‍ദങ്ങള്‍ക്കും ചൂഷണത്തിനുമിടയാക്കും. കുട്ടികളുണ്ടാകാത്ത ദമ്പതികള്‍ക്ക് വാടക ഗര്‍ഭപാത്ര രീതി അവസാനത്തെ വഴിയാണെന്നിരിക്കെ, അതിനു കൊണ്ടുവരുന്ന വിലക്കുകള്‍ അവകാശലംഘനമാണെന്ന് വാദിക്കുന്നവരുണ്ട്. വിവേകരഹിതമായൊരു നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നിയന്ത്രണ വ്യവസ്ഥകള്‍ ഇന്ത്യന്‍ കുടുംബ വ്യവസ്ഥിതിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാവില്ളെന്ന വാദവും അവരുന്നയിക്കുന്നുണ്ട്.

ഈ രീതിയിലുള്ള പ്രസവം ഇല്ലാതാവുകയാണ് ഫലത്തില്‍ സംഭവിക്കുക. വര്‍ഷങ്ങളുടെ നിഷ്ഫലമായ കാത്തിരിപ്പിനുശേഷം കുട്ടികള്‍ക്കുവേണ്ടി മറ്റു വഴികള്‍ തേടുന്നവര്‍ക്കുമുന്നില്‍ വലിയൊരു പ്രതിസന്ധിയാണ് രൂപപ്പെടുന്നത്. നിസ്വാര്‍ഥമായി ഗര്‍ഭം വഹിക്കാന്‍ തയാറാവുന്ന സ്ത്രീകളെ കിട്ടാത്ത പ്രതിസന്ധിയാണ് വരാന്‍പോകുന്നത്. സ്വവര്‍ഗ ജോടികള്‍ അടക്കം, വിവിധ വിഭാഗങ്ങളെ വാടക ഗര്‍ഭപാത്ര രീതിയുടെ പരിധിയില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിനെയും ഡോക്ടര്‍മാരില്‍ ഒരു വിഭാഗം ചോദ്യം ചെയ്യുന്നുണ്ട്.

വാടക ഗര്‍ഭപാത്രം നേടുന്നതിന് അനധികൃത ശ്രമമുണ്ടാവും. സാമ്പത്തികനേട്ടമില്ലാതെ ഗര്‍ഭപാത്രം വിട്ടുനല്‍കാന്‍ സ്ത്രീകള്‍ തയാറാവുമോയെന്ന ചോദ്യവും ഈ വാദമുയര്‍ത്തുന്ന ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നു. എന്നാല്‍, ഡോക്ടര്‍മാരുടെ കൊള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വാടക ഗര്‍ഭപാത്ര രീതി ഫാഷനായി മാറിയിരിക്കുന്നു. ചൂഷണവും കച്ചവടവുമാണ് ഈ ഏര്‍പ്പാടിലുള്ളത്. പാവപ്പെട്ടവര്‍ ഗര്‍ഭം വഹിക്കുമ്പോള്‍, ഈ രംഗത്തെ ക്ളിനിക്കുകളാണ് യഥാര്‍ഥത്തില്‍ വന്‍തുക കൊള്ളയടിക്കുന്നതെന്ന് അവര്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.