അനിശ്ചിതത്വത്തിലേക്കുള്ള ഒരു യാത്രയാകുമെന്നതിന്‍െറ സൂചന തുടക്കത്തിലേ കിട്ടി. ബുക് ചെയ്ത ശ്രീനഗര്‍ സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസിലെ മുറികളെല്ലാം മുകളില്‍നിന്ന് ഇടപെട്ട് തടഞ്ഞത് കശ്മീര്‍ താഴ്വരയില്‍ ലഭിക്കാന്‍ പോകുന്ന വരവേല്‍പിന്‍െറ സൂചനയായിരുന്നു. ഒന്നരമാസമായി കര്‍ഫ്യൂവിലമര്‍ന്ന് ശൂന്യമായ ശ്രീനഗറില്‍ താഴ്വരക്ക് പുറത്തെ 12 ഇന്ത്യക്കാര്‍ക്ക് രണ്ടുനാള്‍ താമസിക്കാന്‍ നിരവധി ഹോട്ടലുകള്‍ കയറിയിറങ്ങേണ്ടിവന്നു. കശ്മീരിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സമ്മതം മൂളാത്തതിന്‍െറ രഹസ്യവും ഈ അന്യതാബോധമായിരിക്കണം.  

വിമാനത്താവളത്തില്‍നിന്ന് നേരെ ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയിലത്തെി. കശ്മീരിലെ ഏറ്റവും വലിയ ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ സൈന്യവും അര്‍ധസൈനികരുമില്ല. അത്യാഹിതങ്ങളുടെ കേസ് രജിസ്റ്റര്‍ ചെയ്യാനെങ്കിലുമെത്തേണ്ട  പൊലീസിനെയും കാണുന്നില്ല. ആള്‍ക്കൂട്ടത്തിനിടയില്‍ ചെവി വട്ടംപിടിക്കുന്ന പൊലീസ് ഇന്‍ഫോര്‍മര്‍മാര്‍. തിരിച്ചറിയപ്പെട്ടാല്‍ തലവെട്ടിച്ചും മുഖം മറച്ചും അരികിലേക്ക് മാറിനില്‍ക്കുകയാണവര്‍. വലിയൊരു അപകടം കഴിഞ്ഞിട്ടെന്നപോലെ ഡോറുകള്‍ തുറന്ന് നിര്‍ത്തിയിട്ട ആംബുലന്‍സുകള്‍. ചികിത്സക്കായി നെട്ടോട്ടമോടുന്നവര്‍. തലേന്ന് രാത്രി രാഷ്ട്രീയ റൈഫിള്‍സും സി.ആര്‍.പി.എഫും നടത്തിയ സൈനികനടപടിയില്‍ പരിക്കേറ്റവരാണ് കൂടുതലും.

ശ്രീനഗറില്‍ മുഖാമുഖം ഏറ്റുമുട്ടുന്ന സുരക്ഷാസേനയും പ്രക്ഷോഭകരും (ചിത്രം: ഫാറൂഖ് ജാവേദ് ഖാന്‍)
 


തെക്കന്‍ കശ്മീരില്‍നിന്നും വടക്കന്‍ കശ്മീരില്‍നിന്നും പുലര്‍ച്ചെ പുറപ്പെട്ട പലരും ആംബുലന്‍സിലായിട്ടും കര്‍ഫ്യൂ കാരണം ഉച്ചയോടെയാണ് ആശുപത്രിയിലത്തെിയത്. മരുന്നും ഭക്ഷണവുമായി സന്നദ്ധപ്രവര്‍ത്തകര്‍ ഓടുകയാണ്. അതിനായി ആശുപത്രി വളപ്പില്‍ പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. സയ്യിദ് അലി ഷാ ഗീലാനിയുടെയും മീര്‍വാഇസ് ഉമര്‍ ഫാറൂഖിന്‍െറയും യാസീന്‍ മാലികിന്‍െറയും ഹുര്‍റിയത്തുകള്‍ അടക്കം  താഴ്വരയിലെ ഏതാണ്ടെല്ലാ ഗ്രൂപ്പുകളും സന്നദ്ധസഹായവിഭാഗങ്ങളെ ആശുപത്രിയില്‍ അണി നിരത്തിയിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകര്‍ സംഘടനാ ബന്ധം തെളിയിക്കുന്ന ബാഡ്ജ് ധരിച്ചിട്ടുണ്ട്. അതിലും കുടുതല്‍ ഹുര്‍റിയത്ത് അനുഭാവികള്‍ തന്നെ. ആശുപത്രി വാര്‍ഡുകള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.

അവര്‍ക്കിടയിലൂടെ ഡല്‍ഹിയില്‍നിന്നുള്ള സംഘത്തിലെ മണിശങ്കര്‍ അയ്യരും പ്രേം ശങ്കര്‍ ഝായും മുന്നിലും മറ്റുള്ളവര്‍ പിറകിലുമായി അകത്ത് കയറിയതും  ‘ഇന്ത്യക്കാര്‍ ആരും കശ്മീരികളെ കാണാന്‍ വരേണ്ടതില്ളെന്നു’ പറഞ്ഞ് ഒരുകൂട്ടം യുവാക്കള്‍ ഇടനാഴിയില്‍ തടഞ്ഞു. കോണ്‍ഗ്രസുകാരനായ അയ്യരെ അകത്തുകയറ്റുന്ന പ്രശ്നമേയില്ളെന്ന് സംഘം ആണയിട്ടു... ‘ഒന്നര മാസമായിട്ടും ഇന്ത്യയില്‍നിന്ന് ആരും ഞങ്ങളെ കാണാന്‍ വന്നിട്ടില്ല. ഇനി ഞങ്ങള്‍ക്ക് നിങ്ങളുടെ ആവശ്യമില്ല. അതിനാല്‍ ഡല്‍ഹിയില്‍നിന്ന് വന്നവര്‍ മുഴുവനും ആശുപത്രിയില്‍നിന്ന് തിരിച്ചുപോകണം’, അവര്‍ ആവശ്യപ്പെട്ടു.സമാധാനിപ്പിക്കാന്‍ അയ്യരും ഝായും കൈകള്‍ നീട്ടിയപ്പോള്‍ കൊലപാതകികള്‍ക്ക് ഹസ്തദാനം നടത്തില്ളെന്ന് പറഞ്ഞ് പ്രതിഷേധക്കാര്‍ തിരസ്കരിച്ചു.

മണിശങ്കര്‍ അയ്യരെ ഒരുനിലക്കും കടക്കാന്‍ അനുവദിക്കില്ളെന്നവര്‍ തീര്‍ത്തുപറഞ്ഞു. ആശുപത്രിയില്‍ ‘ഇന്ത്യാ ഗോ ബാക്ക്’, ‘ഹം ചാഹ്തേ ഹേ ആസാദി’ മുദ്രാവാക്യങ്ങളുയര്‍ന്നു. മണി ശങ്കര്‍ അയ്യരും പ്രേം ശങ്കര്‍ ഝായും തിരിഞ്ഞുനടന്നു. മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഇടപെട്ട് സംഘത്തിലെ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് പ്രതിഷേധക്കാരോട് അഭ്യര്‍ഥിച്ചതോടെയാണ് അവശേഷിക്കുന്നവര്‍ക്ക് ആശുപത്രിയിലേക്ക് കടക്കാനായത്. ഓരോ വാര്‍ഡിലേക്ക് സംഘം കടക്കുമ്പോഴും തിരിച്ചുവരുമ്പോഴും ഓരോ രോഗിയോടുമുള്ള സംസാരം ആരംഭിക്കുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഇന്ത്യാ ഗോ ബാക്ക്, ആസാദി മുദ്രാവാക്യങ്ങള്‍ മുഴങ്ങി.

(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.