മുംബൈ സര്‍ക്കാര്‍ സ്കൂളുകളില്‍ യോഗയും സൂര്യനമസ്കാരവും നിര്‍ബന്ധമാക്കി

മുംബൈ: മുംബൈ നഗരത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ യോഗയും സൂര്യനമസ്കാരവും നിര്‍ബന്ധമാക്കി. കോര്‍പറേഷനില്‍ ബി.ജെ.പിയംഗം സമിത കാംബ്ളെകൊണ്ടുവന്ന പ്രമേയം ഭരണപക്ഷമായ ശിവസേന-ബി.ജെ.പി സഖ്യം അംഗീകരിക്കുകയായിരുന്നു. ബി.ജെ.പി അംഗത്തിന്‍െറ പ്രമേയത്തെ രണ്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ശിവസേന അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്തില്ല. എന്നാല്‍, വോട്ടിങ്ങില്‍ പിന്തുണച്ചു. പ്രതിപക്ഷം ശക്തമായി എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല.
സൂര്യനമസ്കാരവും യോഗയും നിര്‍ബന്ധമാക്കാതെ ഐച്ഛികമാക്കണമെന്ന കോണ്‍ഗ്രസിന്‍െറ നിര്‍ദേശവും ഹൈന്ദവ ആചാരത്തിന്‍െറ ഭാഗമായ സൂര്യനമസ്കാരം ഒഴിവാക്കണമെന്ന സമാജ്വാദി പാര്‍ട്ടിയുടെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. സ്കൂളുകളില്‍ ഹിന്ദുത്വ ആശയം പ്രചരിപ്പിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് റയിസ് ശൈഖ് ആരോപിച്ചു. നിര്‍ബന്ധമാക്കിയാല്‍ മുസ്ലിം രക്ഷിതാക്കള്‍ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ അയക്കുന്നത് നിര്‍ത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നഗരസഭ പാസാക്കിയ നിര്‍ദേശത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് മുനിസിപ്പല്‍ കമീഷണറാണ്. ബൃഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനുകീഴില്‍ നഗരത്തില്‍ 1237 സ്കൂളുകളുണ്ട്. 5.40 ലക്ഷം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.