അശ്ലീമെഴുത്ത്: ഉര്‍ദു എഴുത്തുകാരന്‍ റഹ്മാന്‍ അബ്ബാസിനെ കുറ്റമുക്തനാക്കി

മുംബൈ: നോവലില്‍ അശ്ളീലം എഴുതിയെന്ന കേസില്‍ ഉര്‍ദു നോവലിസ്റ്റ് റഹ്മാന്‍ അബ്ബാസിനെ കോടതി കുറ്റമുക്തനാക്കി. 92ലെ മുംബൈ കലാപത്തിന്‍െറയും തീവ്രവാദത്തിന്‍െറയും പശ്ചാത്തലത്തിലുള്ള പ്രണയം ഇതിവൃത്തമായ ‘നഖ്ലിസ്താന്‍ കി തലാശ്’ എന്ന നോവലുമായി ബന്ധപ്പെട്ടാണ് കേസ്. മതേതരവാദിയായ മുഖ്യകഥാപാത്രം ജമാല്‍ കശ്മീര്‍ തീവ്രവാദ സംഘത്തില്‍ ചേരുന്നതും കാമുകി ഫരീദയുമായുള്ള ഓര്‍മകളുമാണ് പ്രമേയം. ജമാലിന്‍െറ കാമുകിയെക്കുറിച്ചുള്ള ഓര്‍മകള്‍ രേഖപ്പെടുത്തുന്നിടത്താണ് അശ്ളീലം ആരോപിക്കപ്പെട്ടത്.

2005ല്‍ മുംബൈ സര്‍വകലാശാല ഉര്‍ദു വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലായിരുന്നു കേസ്. ഉര്‍ദു പ്രഫസര്‍ പുസ്തക നിരൂപണത്തിന് നോവല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയതായിരുന്നു. പുസ്തകത്തില്‍ അശ്ളീലം ആരോപിച്ച് വിദ്യാര്‍ഥിനി ആദ്യം പ്രഫസര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. പ്രഫസറെ മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതോടെ, പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് ഐ.പി.സി 292ാം വകുപ്പ് ചുമത്തി റഹ്മാന്‍ അബ്ബാസിനെ ഗോരെഗാവ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം ദിവസം ജാമ്യത്തിലിറങ്ങിയ റഹ്മാന്‍ അബ്ബാസ് വിചാരണ നേരിട്ടു. നോവല്‍ വിവാദമായതോടെ അന്‍ജുമാനെ ഇസ്ലാം സ്കൂളിലെ അധ്യാപക ജോലി നഷ്ടപ്പെടുകയും മതനേതാക്കളുടെയും ഉര്‍ദു മാധ്യമങ്ങളുടെയും എതിര്‍പ്പ് നേരിടുകയും ചെയ്തു. 11 വര്‍ഷം നീണ്ട കാത്തിരിപ്പിനു ശേഷം കഴിഞ്ഞമാസമാണ് അന്തേരി മജിസ്ട്രേറ്റ് കോടതി റഹ്മാന്‍ അബ്ബാസിനെ കുറ്റമുക്തനാക്കിയത്. തെറ്റിദ്ധാരണമൂലമാണ് പരാതി നല്‍കിയതെന്ന് പരാതിക്കാരി കോടതിയില്‍ പറയുകയും പരാതിയില്ളെന്ന് അറിയിക്കുകയുമായിരുന്നു. 

കോടതി കുറ്റമുക്തനാക്കിയെങ്കിലും സര്‍ഗസൃഷ്ടിക്കു വിഘാതമാകുന്ന ഐ.പി.സി 292ാം വകുപ്പിനെതിരെ ബോധവത്കരണം നടത്താനുള്ള ശ്രമത്തിലാണ് റഹ്മാന്‍ അബ്ബാസ്. ബ്രിട്ടീഷുകാര്‍പോലും ഉപേക്ഷിച്ച നിയമമാണ് രാജ്യം ഇപ്പോഴും പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. 2015 അസഹിഷ്ണുതക്കെതിരെ സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കി പ്രതികരിച്ചവരില്‍ റഹ്മാന്‍ അബ്ബാസുമുണ്ടായിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.