രാജീവിന് ജന്മദിന പ്രണാമം; സോണിയക്ക് പങ്കെടുക്കാനായില്ല

ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് 72ാം ജന്മവാര്‍ഷികത്തില്‍ നാടിന്‍െറ പ്രണാമം. ആരോഗ്യപരമായ കാരണങ്ങളാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഡല്‍ഹിയിലെ ചടങ്ങുകളില്‍ ഇതാദ്യമായി പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര എന്നിവരും പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുത്തില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ജന്മവാര്‍ഷിക പരിപാടികള്‍ നയിച്ചത്.

രാജീവിന്‍െറ സമാധിയായ വീര്‍ഭൂമിയില്‍ നടന്ന പ്രാര്‍ഥനച്ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ ആനന്ദ് ശര്‍മ, മോത്തിലാല്‍ വോറ തുടങ്ങിയവര്‍ പങ്കെടുത്തു. രാജീവിന്‍െറ മൂല്യങ്ങളും അഗാധമായ പ്രതിബദ്ധതയും എന്നും പ്രചോദനമായി നില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റര്‍ സന്ദേശത്തില്‍ അനുസ്മരിച്ചു. ഗംഗറാം ആശുപത്രിയില്‍നിന്ന് സോണിയയെ വെള്ളിയാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം. വൈകീട്ടു നടന്ന ചടങ്ങില്‍ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം ഗായിക ശുഭ മുദ്ഗലിന് സമ്മാനിച്ചു. 10 ലക്ഷം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഇതിനിടെ, ജന്മവാര്‍ഷികത്തില്‍ രാജീവിന്‍െറ വിവാദ പരാമര്‍ശം ട്വിറ്റര്‍ സന്ദേശമായി അയച്ച പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് ഘടകം വെട്ടിലായി. ഇന്ദിര ഗാന്ധിയുടെ വധത്തെ തുടര്‍ന്നു നടന്ന സിഖ് കൂട്ടക്കൊലയെക്കുറിച്ച് ‘വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങു’മെന്ന് രാജീവ് നടത്തിയ പരാമര്‍ശമാണ് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് ഘടകം ട്വീറ്റ് ചെയ്തത്.

രാജീവിനെ ആദരിക്കുന്ന വേളയില്‍ ഇത്തരമൊരു ട്വീറ്റ് കോണ്‍ഗ്രസ് നടത്തരുതായിരുന്നുവെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്‍െറ പ്രതികരണം വന്നപ്പോഴാണ് ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചത്. തങ്ങളുടെ അക്കൗണ്ട് ഹാക് ചെയ്തതാണെന്ന വിശദീകരണത്തോടെ പി.സി.സി പ്രസിഡന്‍റ് അധിര്‍ രഞ്ജന്‍ ചൗധരി ട്വീറ്റ് പിന്‍വലിച്ചു. ഏതു സന്ദര്‍ഭത്തില്‍ പറഞ്ഞുവെന്ന് ശ്രദ്ധിക്കാതെ ട്വിറ്ററില്‍ രാജീവിന്‍െറ സന്ദേശം പോസ്റ്റ് ചെയ്തതാണെന്ന് ആക്ഷേപം ബാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.