‘ആപി’ല്‍നിന്ന് രാജിവെച്ചെന്ന് ജിഗ്നേഷ് മേവാനി

ന്യൂഡല്‍ഹി: ഗുജറാത്തിലെ ദലിത് പ്രക്ഷോഭത്തിന് രാഷ്ട്രീയമില്ളെന്നും ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചതായും ദലിത് സമര നായകന്‍ ജിഗ്നേഷ് മേവാനി. ഡല്‍ഹി പ്രസ്ക്ളബില്‍  നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന വക്താവാണ് മേവാനി. തന്‍െറ  രാഷ്ട്രീയ നിലപാട് സമരത്തെക്കുറിച്ച് തെറ്റായ ധാരണ പരത്തുന്നത് ഒഴിവാക്കാനാണ് ആം ആദ്മിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത്.

ദലിത് സമരത്തിന് രാഷ്ട്രീയമില്ല. എന്നാല്‍, സമരത്തിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയാണെന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്.
ദലിതരും മുസ് ലിംകളും ചേര്‍ന്നുള്ള മുന്നേറ്റം ഗുജറാത്ത് രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവാണെന്ന് മേവാനി പറഞ്ഞു. ദലിതര്‍ക്കിടയില്‍ വര്‍ഷങ്ങളായി പുകയുന്ന അസ്വസ്ഥതയാണ് പ്രതിഷേധമായി പുറത്തുവന്നത്.

കൊട്ടിഘോഷിക്കപ്പെട്ട  ഗുജറാത്ത് മാതൃകയുടെ മറുവശമാണത്. പട്ടേല്‍ സമുദായക്കാര്‍ സമരം നടത്തിയപ്പോള്‍ അവരുമായി ചര്‍ച്ചക്ക് തയാറായ സര്‍ക്കാര്‍  ദലിതരോട് ചര്‍ച്ച നടത്താന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്നും മേവാനി ചോദിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ല. അതേസമയം, സാധ്യത തള്ളിക്കളയാനാവില്ല.  അദാനിക്കും അംബാനിക്കും ഭൂമി നല്‍കുന്ന ഗുജറാത്ത് സര്‍ക്കാറിന്  ദലിതര്‍ ഭൂമി ചോദിക്കുമ്പോള്‍ തീരുമാനമെടുക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ളെന്നും മേവാനി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.