വാഗാ അതിര്‍ത്തിയില്‍ രാജ്യത്തെ ഏറ്റവും വലിയ പതാക സ്ഥാപിക്കുന്നു

ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്‌താൻ അതിര്‍ത്തി കവാടമായ വാഗയിൽ രാജ്യത്തെ ഏറ്റവും വലിയ ദേശീയ പതാക സ്ഥാപിക്കാൻ ഇന്ത്യൻ അതിർത്തി രക്ഷാസേന (ബി,എസ്,എഫ്) തയാറെടുക്കുന്നു. 2017 ജനുവരിയോടെ ദേശീയ പതാക സ്ഥാപിക്കാനാണ് പദ്ധതി. 350 അടിയോളം ഉയരമുള്ളതായിരിക്കും ഈ ഭീമൻ ദേശീയ പതാക.

പാക്കിസ്താനിലെ ലഹോറിൽ നിന്നും ഇന്ത്യയിലെ അമൃത്സറിൽ നിന്നും കാണാൻ സാധിക്കുന്നത്ര വലുപ്പത്തിലായിരിക്കും പതാക സ്ഥാപിക്കുകയെന്ന് ബി.എസ്.എഫ് വക്താവ് അറിയിച്ചു. വാഗ അതിർത്തിയിലെ സന്ദർശക ഗാലറി കൂടുതൽ ആളുകളെ ഉൾകൊള്ളിക്കാനാകുന്ന തരത്തിൽ വലുതാക്കാനാണ് ബി.എസ്.എഫ് തീരുമാനം. നിലവിൽ 7000 ആളുകൾക്കാണ് അതിർത്തിയിലെ പരിപാടികൾ കാണാനാവുക. ഇത് 20,000 ആക്കി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.

പഞ്ചാബ് തലസ്‌ഥാനമായ അമൃത്സറില്‍നിന്ന് 28 കിലോമീറ്ററും പാക്ക് പഞ്ചാബ് തലസ്‌ഥാനമായ ലഹോറില്‍നിന്ന് 22 കിലോമീറ്ററുമാണ് വാഗ അതിര്‍ത്തിയിലേക്കുള്ളത്. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ദേശീയപതാകയുള്ളത് ജാർഖണ്ഡിലെ റാഞ്ചിയിലാണ്. 293 അടി ഉയരമുള്ള ഈ പതാക കഴിഞ്ഞ ജനുവരിയിൽ പ്രതിരോധമന്ത്രി മനോഹർ പരീക്കറാണ് ഉദ്ഘാടനം ചെയ്തത്.

വാഗയിൽ ദിവസവും വൈകിട്ടു നടക്കുന്ന പതാക താഴ്‌ത്തൽ ചടങ്ങ് പ്രധാന ആകർഷണമാണ്. ചടങ്ങ് കാണുന്നതിനുള്ള സന്ദർ‌ശകരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ സന്ദർശകർക്ക് ഓൺലൈൻ ബുക്കിങ് ഏർപ്പെടുത്തുന്ന കാര്യവും ബിഎസ്എഫ് പരിഗണിച്ചുവരികയാണ്. ദിവസേന നൂറിലധികം പേരാണ് സീറ്റ് ലഭ്യമല്ലാത്തതിന്‍റെ പേരിൽ ചടങ്ങ് കാണാനാകാതെ തിരിച്ചുപോകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.