ന്യൂഡല്‍ഹി: ഹരിയാന മുന്‍ മുഖ്യമന്ത്രി ഭജന്‍ലാലിന്‍െറ മകന്‍ കുല്‍ദീപ് ബിഷ്ണോയ് നയിച്ചുവന്ന ഹരിയാന ജനഹിത കോണ്‍ഗ്രസ്, കോണ്‍ഗ്രസില്‍ ലയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തില്‍ സോണിയയുടെ വസതിയിലായിരുന്നു ലയന ചടങ്ങ്. എന്നാല്‍, മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ വിട്ടുനിന്നു.
കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് 2007ല്‍ ജനഹിത കോണ്‍ഗ്രസ് രൂപവത്കരിച്ചത് ഭജന്‍ലാലാണ്. 2005ല്‍ മുഖ്യമന്ത്രിയായി ജാട്ട് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയെ ഹൈകമാന്‍ഡ് വാഴിച്ചതു വഴി പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടതോടെയായിരുന്നു ഇത്. 2011ല്‍ ഭജന്‍ലാലിന്‍െറ നിര്യാണത്തെ തുടര്‍ന്നാണ് മകന്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി ഹരിയാന ജനഹിത കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബി.ജെ.പി അടുപ്പിച്ചില്ല. ഒറ്റക്ക് മത്സരിച്ചപ്പോള്‍ പാര്‍ട്ടിക്ക് രണ്ടു സീറ്റു മാത്രമാണ് കിട്ടിയത്. പിതാവ് തുടര്‍ച്ചയായി മത്സരിച്ച ആദംപൂരില്‍ കുല്‍ദീപ് ബിഷ്ണോയിയും ഹാന്‍സിയയില്‍ ഭാര്യ രേണുകയും ജയിച്ചു. ഹരിയാനയില്‍ ജാട്ട്-ഇതര വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ലയനം സഹായിക്കുമെന്നാണ് കോണ്‍ഗ്രസിന്‍െറ പ്രതീക്ഷ. കോണ്‍ഗ്രസുമായി ഒരിക്കലും വേര്‍പിരിഞ്ഞിട്ടില്ളെന്നും കുടുംബത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും കുല്‍ദീപ് ബിഷ്ണോയ് ലയന ചടങ്ങില്‍ പറഞ്ഞു. കോണ്‍ഗ്രസ് രക്തമാണ് തങ്ങളുടേത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഇപ്പോള്‍ അവസാനിച്ചു. ഉപാധികളില്ലാതെയുള്ള മടക്കമാണിത് -ബിഷ്ണോയ് പറഞ്ഞു.
ഭൂപീന്ദര്‍ സിങ് ഹൂഡ പങ്കെടുക്കാത്തത് മറ്റു കാരണങ്ങള്‍കൊണ്ടാണെന്നും ലയനത്തിന് അനുകൂലമാണെന്നും ഹരിയാനയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹ്മദ് വിശദീകരിച്ചു. അഭിപ്രായ ഭിന്നതകള്‍ കഴിഞ്ഞ കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.