മോദിയുടെ സൗദി സന്ദര്‍ശനവും സൂഫി ഫോറവും ബി.ജെ.പിക്ക് ഗുണം ചെയ്യും –ന്യൂനപക്ഷ മന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി അറേബ്യന്‍ സന്ദര്‍ശനവും ലോക സൂഫി ഫോറത്തിലെ സാന്നിധ്യവും മുസ്ലിംകള്‍ നിര്‍ണായകമായ അസം, ബംഗാള്‍ അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി നജ്മ ഹിബത്തുല്ല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോദിയുടെ സൗദി സന്ദര്‍ശനത്തിന്‍െറ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ മന്ത്രാലയം വിളിച്ച പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബി.ജെ.പിയോട് മുസ്ലിംകള്‍ക്കുള്ള സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ടെന്ന് അസം, ബംഗാള്‍ സന്ദര്‍ശനങ്ങളില്‍നിന്ന് തനിക്ക് നേരില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍നിന്നുള്ള വലിയൊരു വിഭാഗം സൗദി അറേബ്യയില്‍ പ്രവാസികളാണ്. അവരുടെ തൊഴില്‍പരമായ സുരക്ഷിതത്വത്തിന് മോദി ഇടപെട്ടു. വെട്ടിക്കുറച്ച ഹജ്ജ് ക്വോട്ട പുനഃസ്ഥാപിക്കാനും ശ്രമം നടത്തി. ഈ വര്‍ഷം കൂട്ടാന്‍ കഴിയില്ളെങ്കിലും അടുത്ത വര്‍ഷത്തേക്ക് കൂട്ടാനാണ് നോക്കിയത്. ഹാജിമാര്‍ക്ക് താമസ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികളും മോദി കൈക്കൊണ്ടു.
ഭീകരതക്കെതിരായ പോരാട്ടത്തില്‍ സൗദി അറേബ്യയെ കൊണ്ടുവരാന്‍ കഴിഞ്ഞതാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍െറ ഏറ്റവും വലിയ നേട്ടം. മുമ്പ് അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പാര്‍ലമെന്‍റ് ആക്രമണം നടന്നപ്പോള്‍ അറബ്- മുസ്ലിം രാജ്യങ്ങളിലേക്ക് തന്നെ അയച്ചിരുന്നുവെന്ന് നജ്മ അനുസ്മരിച്ചു. ഭീകരതക്കെതിരായ പോരാട്ടത്തിന് ഈ രാജ്യങ്ങളുടെ സഹകരണം തേടിയായിരുന്നു അത്. എണ്ണ മേഖലയിലടക്കം ഉണ്ടാക്കിയ സാമ്പത്തിക സഹകരണം രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചക്ക് ഗുണം ചെയ്യും. മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് കഴിയാത്ത കാര്യമാണിത്.
ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായി ബി.ജെ.പി ചെയ്യുന്ന ഈ കാര്യങ്ങളെങ്കിലും അംഗീകരിക്കാന്‍ പ്രതിപക്ഷം തയാറാകണം. എന്നാല്‍, സൗദി അറേബ്യയില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനത്തെയും വിമര്‍ശിക്കാനും മോദിക്ക് ലഭിച്ച പരമോന്നത ബഹുമതിയെ വിലകുറച്ചുകാണിക്കാനുമാണ് പ്രതിപക്ഷം മുതിര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.