വിലക്ക് ചരിത്രമായി; ശനി ഷിഗ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകൾ പ്രവേശിച്ചു

അഹ്മദ് നഗർ: മഹാരാഷ്ട്രയിലെ ശനി ഷിംഗ്നാപൂരിലെ ക്ഷേത്ര ശ്രീകോവിലിലേക്ക് സ്ത്രീകൾ പ്രവേശിച്ചു. അനുകൂലമായി കോടതി  ഉത്തരവുണ്ടായിട്ടും ക്ഷേത്രപ്രവേശനത്തിന് ഭാരവാഹികൾ അനുവദിക്കാത്ത സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് സംഘർഷം നിലനിന്നിരുന്നു. വനിതാ പ്രവർത്തക തൃപ്തി ദേശായി ഉൾപ്പെടെയുള്ളവർ നിരവധി തവണ ക്ഷേത്രത്തിലെത്തയിട്ടും അധികൃതരുടെ നിലപാടിനെ തുടർന്ന് പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല.

ക്ഷേത്രത്തിൽ പ്രവേശിക്കാൻ പുരുഷൻമാർക്കും സ്ത്രീകൾക്കും തുല്യ അവകാശമാണുള്ളതെന്നും അതിനാൽ സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്നുമായിരുന്നു കോടതിവിധി. ഇത് നടപ്പാക്കാതിരിക്കാനായി കഴിഞ്ഞയാഴ്ച മുതൽ ശ്രീകോവിലിലേക്ക് പുരുഷൻമാർക്കും കൂടി അനുമതി നിഷേധിക്കുകയായിരുന്നു അധികൃതർ. ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ന് നൂറോളം പുരുഷന്മാർ ക്ഷേത്രത്തിനകത്തേക്ക് തള്ളിക്കയറി. തുടർന്നാണ് ക്ഷേത്രം അധികൃതർ നിലപാട് മാറ്റിയത്. ഒരു സ്ത്രീയേയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ക്ഷേത്രം ഭാരവാഹികളുടെ തീരുമാനത്തെ 'ഭൂമാത ബ്രിഗേഡ്' നേതാവ് തൃപ്തി ദേശായ് സ്വാഗതം ചെയ്തു. ഇത് സ്ത്രീകളുടെ വിജയമാണ്. ലിംഗസമത്വത്തിനുവേണ്ടിയുള്ള പോരാട്ടത്തിലെ വലിയൊരു നാഴികക്കല്ലാണിത്. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും അവർ പറഞ്ഞു. ബോംബെ ഹൈകോടതി വിധി നടപ്പാക്കിയ സംസ്ഥാന സർക്കാരിനും തൃപ്തി ദേശായ് നന്ദി രേഖപ്പെടുത്തി.

കോടതിവിധിക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത്. അമ്പലത്തിലെ ആരാധനക്ക് തടസം നിൽക്കുന്നവരെ ആറ്മാസം വരെ ജയിലിടക്കുന്ന വൈകാതെ തന്നെ പാസാക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വ്യക്തമാക്കിയിരുന്നു.

നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സ്ത്രീകളുടെ ക്ഷേതപ്രവേശ വിലക്കിന് അന്ത്യം കുറിച്ചുകൊണ്ടാണ് ശനീശ്വര ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക്  നടന്നുകയറി സ്ത്രീകൾ ഇന്ന് ആരാധന നടത്തിയത്. മഹാരാഷ്ട്രക്കാരുടെ പുതുവർഷാരംഭമായ ഗുഡി പദ്വക്ക് മുന്നോടിയായി ലഭിച്ച ഈ അപൂർവ അവസരം സ്ത്രീകൾ സന്തോഷത്തോടെയാണ് വരവേറ്റത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.