വന്‍സാരക്ക് ഗുജറാത്തിലേക്ക് മടങ്ങാന്‍ അനുമതി

ന്യൂഡല്‍ഹി: ഇശ്റത് ജഹാന്‍, സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ കുറ്റാരോപിതരില്‍ പ്രധാനിയായ ഗുജറാത്ത് ഐ.പി.എസ് ഓഫിസര്‍ ഡി.ജി. വന്‍സാരക്ക് സ്വന്തം സംസ്ഥാനമായ ഗുജറാത്തിലേക്ക് മടങ്ങാന്‍ സി.ബി.ഐ പ്രത്യേക കോടതിയുടെ അനുമതി. ഒമ്പതു വര്‍ഷത്തിനുശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്.
സൊഹ്റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസില്‍ ജാമ്യം നല്‍കവേ ബോംബെ ഹൈകോടതിയാണ് മുംബൈ വിട്ടുപോകരുതെന്ന വ്യവസ്ഥവെച്ചത്. ഈ ഉത്തരവില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വന്‍സാര ഇളവ് നേടി. എന്നാല്‍, ഇശ്റത് ജഹാന്‍ കേസില്‍ ജാമ്യം നല്‍കവേ സി.ബി.ഐ പ്രത്യേക കോടതി ഗുജറാത്തില്‍ കടക്കുന്നതില്‍നിന്ന് അദ്ദേഹത്തെ വിലക്കിയത് നാട്ടിലേക്ക് മടങ്ങുന്നതിന് തടസ്സമായി. മുംബൈയില്‍ തീവ്രവാദ സംഘടനകളുടെയും അധോലോകസംഘങ്ങളുടെയും ഭീഷണി നേരിടുന്നുണ്ട്.
ചര്‍മരോഗമുള്ളതിനാല്‍ നാടന്‍ ഭക്ഷണം കഴിക്കാന്‍ അഹ്മദാബാദിലെ ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും വന്‍സാര ഹരജിയില്‍ പറഞ്ഞു.     ജാമ്യവ്യവസ്ഥകളില്‍ ഇളവനുവദിക്കുന്നത് അദ്ദേഹത്തിനെതിരായ തെളിവുകള്‍ നശിപ്പിക്കുന്നതിനിടയാക്കുമെന്ന് സി.ബി.ഐ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അപേക്ഷ അംഗീകരിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.