ലിഗോയുടെ കേന്ദ്രബിന്ദുവാകാന്‍ ഇന്ത്യ

വാഷിങ്ടണ്‍: ശാസ്ത്രലോകത്തിന് ഇക്കാലമത്രയും സമസ്യയായിരുന്ന ഗുരുത്വാകര്‍ഷണ തരംഗങ്ങളെ (ഗ്രാവിറ്റേഷനല്‍ വേവ്സ്) കണ്ടത്തെിയ ഗവേഷകസംഘത്തിന്‍െറ മുന്‍നിരയിലേക്ക് ഇന്ത്യയത്തെുന്നു. നൂറ്റാണ്ടുമുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങളെ കണ്ടത്തെിയ ലിഗോ ഒബസര്‍വേറ്ററി ഇന്ത്യയില്‍ സ്ഥാപിക്കുന്നതുസംബന്ധിച്ച് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ നാഷനല്‍ സയന്‍സ് ഫൗണ്ടേഷനുമായി ധാരണപത്രത്തില്‍ ഒപ്പുവെച്ചു. ഒമ്പതു വര്‍ഷമായി തുടരുന്ന ചര്‍ച്ചക്കുശേഷമാണ് വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലത്തെിയത്. ഇതോടെ, അമേരിക്കക്കു പുറത്തുള്ള ആദ്യത്തെ ലിഗോ ഒബ്സര്‍വേറ്ററി ഇന്ത്യയില്‍ സ്ഥാപിതമാകുമെന്നുറപ്പായി. ഫെബ്രുവരിയില്‍ ലിഗോ ഇന്ത്യ (ഇന്‍ഡിഗോ) എന്നപേരില്‍ ഗുരുത്വതരംഗങ്ങളെ നിരീക്ഷിക്കുന്നതിനായുള്ള ഒബ്സര്‍വേറ്ററിക്ക് കേന്ദ്രസര്‍ക്കാര്‍ 1200 കോടി രൂപ അനുവദിച്ചിരുന്നു. 
 വാഷിങ്ടണില്‍ ആണവസുരക്ഷാ ഉച്ചകോടിക്കത്തെിയ മോദി ലിഗോ സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘത്തിലെ ഇന്ത്യന്‍ ഗവേഷകര്‍ക്ക് ഇനി സ്വന്തം രാജ്യത്തുതന്നെ പ്രവര്‍ത്തിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. കരാര്‍ ഒപ്പുവെച്ചതോടെ, ഗുരുത്വതരംഗ ഗവേഷണങ്ങളുടെ കേന്ദ്രബിന്ദുവായി ഇന്ത്യ മാറിയെന്ന് ലിഗോ ഡയറക്ടര്‍ ഡോ. ഫ്രാന്‍സ് എ. കൊര്‍ദോവ് പറഞ്ഞു. ഇന്ത്യ-യു.എസ് ശാസ്ത്രസഹകരണത്തിന്‍െറ ഏറ്റവും മികച്ച ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഫെബ്രുവരി 11നാണ് ലിഗോസംഘം ഗുരുത്വതരംഗങ്ങളെ തിരിച്ചറിഞ്ഞതായി പ്രഖ്യാപിച്ചത്. ഗാലക്സികള്‍ തമ്മിലോ തമോഗര്‍ത്തങ്ങള്‍ തമ്മിലോ കൂട്ടിയിടിക്കുമ്പോള്‍ സ്ഥല-കാല ജ്യാമിതിയിലുണ്ടാകുന്ന പ്രകമ്പനങ്ങള്‍ ഓളങ്ങളായി സഞ്ചരിക്കുമെന്നായിരുന്നു 1915ല്‍ ഐന്‍സ്റ്റൈന്‍ പ്രവചിച്ചത്. 130 കോടി വര്‍ഷം മുമ്പ് രണ്ടു തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ചതിന്‍െറ ഓളങ്ങളാണ് ലിഗോയുടെ ഡിറ്റക്ടറുകളില്‍ പതിഞ്ഞത്. നൂറ്റാണ്ടിന്‍െറ കണ്ടുപിടിത്തമെന്നാണ് ശാസ്ത്രലോകം ഇതിനെ വിശേഷിപ്പിച്ചത്. 15 രാജ്യങ്ങളില്‍നിന്നായുള്ള 900ത്തോളം ഗവേഷകരുടെ കൂട്ടായ്മയാണ് ലിഗോ. ഇന്ത്യയില്‍നിന്ന് മലയാളികളടക്കം 60ലധികം പേര്‍ ഈ സംഘത്തിലുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.