യു.പിയില്‍ പറക്കുംതളിക കണ്ടെന്ന്; സ്ഥിരീകരണമില്ല


ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ആകാശത്ത് ‘പറക്കുംതളിക’യെ കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.  പറക്കുംതളികയുടെ ചിത്രങ്ങള്‍ വാട്സ്ആപ്പിലും ഫേസ്ബുക്കിലുമെല്ലാം പ്രചരിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. അതിനിടെ, കാണ്‍പൂരിലും ലഖ്നോവിലും പറക്കുംതളികയെ കണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍, സര്‍ക്കാര്‍ വൃത്തങ്ങളോ ഏതെങ്കിലും വാനനിരീക്ഷകരോ സംഭവം സ്ഥിരീകരിച്ചിട്ടില്ല.
അന്യഗ്രഹജീവികളുടെ വാഹനങ്ങളാണ് പറക്കുംതളികകള്‍ എന്നാണ് വിശ്വാസം. പറക്കുംതളിക വഴി അന്യഗ്രഹജീവികള്‍ ഭൂമിയില്‍ സന്ദര്‍ശനം നടത്തുമെന്നും അവര്‍ പലവിധ ആവശ്യങ്ങള്‍ക്കായി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമെന്നുവരെയുള്ള ‘സിദ്ധാന്തങ്ങള്‍’ ഈ വിശ്വാസത്തിന്‍െറ ഭാഗമായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഇതിന് ശാസ്ത്രീയമായ പിന്‍ബലമില്ല. ലോകത്ത് എവിടെയെങ്കിലും പറക്കുംതളികകള്‍ കണ്ടതിന് തെളിവുമില്ല. നേരത്തേ ലോകത്തിന്‍െറ പല ഭാഗങ്ങളിലും പറക്കുംതളികകള്‍ കണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍, പിന്നീട് അവയൊക്കെ തെറ്റാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു. ഗോരഖ്പൂരിലെ പാദ്രി മാര്‍ക്കറ്റിലെ റിങ്കു എന്നയാളാണ് പറക്കുംതളികയെ കണ്ടെന്ന് പറയുന്നത്. വെളുത്ത ഒരു തളിക ആകാശത്ത് കറങ്ങുന്നത് ശ്രദ്ധയില്‍പെട്ട ഇദ്ദേഹം അതിന്‍െറ ചിത്രങ്ങളും കാമറയില്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ ഗോരഖ്പൂര്‍ സര്‍വകലാശാല അധികൃതര്‍ പരിശോധിച്ചുവരുകയാണ്.
1960കളില്‍ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ഐസനോവര്‍ ഇതുപോലെ പറക്കുംതളികകളെ കണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, വിശദാന്വേഷണത്തില്‍, തൊട്ടടുത്ത ഒരു മരത്തിലെ ഇലകളുടെ നിഴല്‍രൂപം അദ്ദേഹത്തിന് പറക്കുംതളികയായി തോന്നുകയായിരുന്നെന്ന് വ്യക്തമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.