മതേതരത്വം ഇന്ത്യയില്‍ ചീത്തവാക്കായി മാറുന്നു –സച്ചിദാനന്ദന്‍

ന്യൂഡല്‍ഹി: ഒരാളെ സെക്കുലര്‍ എന്നുവിളിക്കുന്നത് ചീത്തപറയുന്നതിന് തുല്യമായ സാഹചര്യമാണ് ഇന്ത്യയില്‍ ഇപ്പോഴെന്ന് കവി കെ. സച്ചിദാനന്ദന്‍. അസഹിഷ്ണുതയും അപരവത്കരണവും എല്ലാ മേഖലയിലേക്കും വ്യാപിക്കുകയാണ്. സ്വാതന്ത്ര്യത്തിന് വിലയില്ലാതായിരിക്കുന്നു, എതിരഭിപ്രായങ്ങള്‍ അനുവദനീയമല്ലാതായിരിക്കുന്നു. ഹിറ്റ്ലറുടെ ഉയര്‍ച്ചയുടെ കാലത്ത് ജര്‍മനിയും ഇതേ മട്ടിലായിരുന്നു. ജനസംസ്കൃതിയുടെ ‘പ്രസക്തി’ ത്രൈമാസിക പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈവിധ്യം എന്ന മുഖമുദ്രയെ പാടെ വിസ്മരിച്ച് ഏകശിലാ നിര്‍മിതമായ ഹിന്ദുത്വം കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ത്യയിലെ എഴുത്തുകാരും ചിന്തകരുമൊക്കെ പാകിസ്താനിലേക്ക് പോകണമെന്നാണ് അസഹിഷ്ണുതയുടെ കേന്ദ്രങ്ങള്‍ ആവശ്യപ്പെടുന്നത്. മുമ്പൊരിക്കല്‍ എം.എഫ്. ഹുസൈന് ഇന്ത്യവിട്ട് മറ്റൊരു രാജ്യത്ത് അഭയം തേടേണ്ടിവന്നത് ഓര്‍മ വേണം. നാസി ജര്‍മനിയില്‍നിന്ന് എഴുത്തുകാര്‍ക്ക് ഓടിപ്പോവേണ്ട സാഹചര്യമുണ്ടായിരുന്നു. ഇന്ത്യയെ ഇല്ലാതാക്കാന്‍ അനുവദിച്ചുകൂടാ. എല്ലാ രീതിയിലുമുള്ള ചെറുത്തുനില്‍പുകള്‍ എല്ലാ കോണുകളില്‍നിന്നും ഉയര്‍ന്നുവരണം. അവാര്‍ഡ് തിരിച്ചുനല്‍കുന്നതിനുപരിയായ പ്രതിഷേധ മാര്‍ഗങ്ങള്‍ക്ക് തുടക്കമിടാന്‍ സമയമായെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.