മുസ്ലിം ആയതിന്‍െറ പേരില്‍ ഷാറൂഖ് ഖാനെ അധിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേന

മുംബൈ: മുസ്ലിം ആയതിന്‍െറ പേരില്‍ ഷാറൂഖ് ഖാനെ അധിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേന. ഷാറൂഖ് ഖാനെ പാക് ഏജന്‍െറന്ന് വിളിച്ചും ഹാഫിസ് സഈദുമായി താരതമ്യം ചെയ്തും അധിക്ഷേപിച്ച ബി.ജെ.പി എം.പിമാര്‍ക്കെതിരെ ശിവസേനാ വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവുത്ത് രംഗത്ത്.മറ്റുള്ളവരെ പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഷാറൂഖ് ഖാനുമുണ്ടെന്ന് റാവുത്ത് ഓര്‍മപെടുത്തി. അതെസമയം, ഷാറൂഖ് അനാവശ്യമായി വിവാദത്തിന് വഴിവെക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഷാറൂഖിനെതിരെ പ്രസ്താവന നടത്തിയ ബി.ജെ.പി എം.പിമാര്‍ക്കെതിരെ പാര്‍ട്ടി അനുഭാവിയായി അറിയപ്പെടുന്ന നടന്‍ അനുപം ഖേറും രംഗത്തെത്തി.ബിജെപി എം.പിമാരുടെ പ്രസ്താവന വിഢിത്തമാണെന്നും ഷാറൂഖ് രാജ്യത്തിന്‍െറ പ്രതീകമാണെന്നും അനുപം ഖേര്‍ പ്രതികരിച്ചു. എം.പിമാര്‍ക്ക് ബി.ജെ.പി ഹൈക്കമാന്‍റ് ശക്തമായ താക്കീത് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഷാറൂഖിനെ പാക് ഏജെന്‍െറന്ന് വിളിച്ച വി.എച്ച്.പി നേതാവ് സ്വാധ്വി പ്രാച്ചികെതിരെ നിയമനടപടി എടുക്കണമെന്ന് പ്രമുഖ സംവിധായക അപര്‍ണാ സെന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തെ പിളര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് അവരെന്നും അപര്‍ണാ സെന്‍ കുറ്റപ്പെടുത്തി.

അമ്പതാം പിറന്നാള്‍ ദിനത്തില്‍ ഷാറൂഖ് ഖാന്‍ ‘ഇന്ത്യാ ടുഡെ’ ചാനലിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് ബി.ജെ.പി ആയുധമാക്കിയത്. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്നും മതപരമോ മറ്റു തരത്തിലുള്ളതോ ആയ അസഹിഷ്ണുത മോശമാണെന്നും  ഇരുണ്ടയുഗത്തിലേക്കായിരിക്കും അത് നമ്മെ നയിക്കുകയെന്നുമാണ് ഷാറൂഖ് പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.