തമിഴ്നാടിന്‍െറ തെക്കന്‍ തീരദേശ ജില്ലകളില്‍ ശക്തമായ മഴ

ചെന്നൈ: പ്രളയദുരന്തത്തില്‍നിന്ന് കരകയറുന്ന തമിഴ്നാടിനെ ഭീതിയിലാഴ്ത്തി തെക്കന്‍ തീരദേശ ജില്ലകളില്‍ ശക്തമായ മഴ പെയ്യുന്നു. രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലാണ് ഞായറാഴ്ച രാത്രി കനത്ത മഴ പെയ്തത്. ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച വൈകിയും മഴ തുടരുകയാണ്. ശക്തമായ കാറ്റും തിരമാലയും ആഞ്ഞടിക്കുന്നതിനാല്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടഞ്ഞിട്ടുണ്ട്. മത്സ്യത്തൊഴിലാളി മേഖലയായ മൂന്ന് ജില്ലകളുടെയും ചില പ്രദേശങ്ങള്‍ വെള്ളപ്പൊക്കഭീഷണിയിലാണ്. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ തീരദേശവാസികള്‍ക്ക് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ്-ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസ് സേനാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചില്ല.

തൂത്തുക്കുടി ജില്ലയില്‍ ആകമാനം  തിങ്കളാഴ്ച രാവിലെ 8.8 മില്ലിമീറ്റര്‍ മഴ പെയ്തു. ജില്ലയിലെ ഒറ്റപിദാരം പ്രദേശത്ത് 35 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.  നവംബര്‍ 22, 23 ദിവസങ്ങളില്‍ 100 മില്ലിമീറ്റര്‍ മഴ പെയ്തതിനെതുടര്‍ന്ന് പൂര്‍ണമായി വെള്ളത്തിനടിയിലായ പ്രദേശമാണ് ഒറ്റപിദാരം.  ഡിസംബര്‍ 19, 20 തീയതികളിലും ശക്തമായ മഴപെയ്ത് വെള്ളം പൊങ്ങിയിരുന്നു. തൂത്തുക്കുടിയില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ കടല്‍ പ്രക്ഷുബ്ധമായതിനെതുടര്‍ന്ന് തിരിച്ചത്തെി. രാമേശ്വരം ജില്ലയില്‍ 67.2 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. തങ്കച്ചിമഠം, പാമ്പന്‍ പ്രദേശങ്ങളില്‍ യഥാക്രമം 51ഉം 38ഉം മില്ലിമീറ്റര്‍ മഴ പെയ്തു. തിരുനെല്‍വേലിയിലെ പാപനാശത്ത് 23 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. വീണ്ടും ശക്തമായ മഴ പെയ്തതോടെ തീരപ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ ആളുകള്‍ ഭയത്തിലാണ് കഴിഞ്ഞുകൂടുന്നത്. കഴിഞ്ഞ മഴയില്‍ വെള്ളം പൊങ്ങി സകലതും നശിച്ച പ്രദേശങ്ങളാണിത്. ആയിരങ്ങളുടെ ജീവിതമാര്‍ഗവും കിടപ്പാടവും വെള്ളം കൊണ്ടുപോയി. ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണ് വീണ്ടും മഴയത്തെിയത്.  

അതേസമയം, വടക്കുകിഴക്കന്‍ മണ്‍സൂണ്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തിന്‍െറ തീരപ്രദേശങ്ങളില്‍ മഴപെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് കഴിഞ്ഞദിവസം ചെന്നൈയിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. ശക്തികുറഞ്ഞ മഴയാകും പെയ്യുകയെന്നും അറിയിച്ചിട്ടുണ്ട്. തമിഴ്നാടിന്‍െറ വടക്കന്‍ തീരപ്രദേശങ്ങളെ അപേക്ഷിച്ച് തെക്കന്‍ തീരദേശത്താണ് മഴക്ക് കൂടുതല്‍ സാധ്യത. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, കടലൂര്‍, വില്ലുപുരം, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, പുതുക്കോട്ട, രാമനാഥപുരം, തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി എന്നിവിടങ്ങളിലാണ്  മഴക്ക് സാധ്യത.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.