അസഹിഷ്ണുത: തൻെറ പരാമർശം തെറ്റായി വ്യാഖാനിച്ചു -ഷാരൂഖ് ഖാൻ

കൊൽക്കത്ത: അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് താൻ ഒരു മാസം മുമ്പ് നടത്തിയ പരാമർശം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്ന് ഷാരൂഖ് ഖാൻ. തൻെറ പ്രസ്താവനയിൽ ക്ഷമാപണം നടത്തണ്ട ഒന്നുമില്ലെന്നും ഷാരൂഖ് കൊൽക്കത്തയിൽ മാധ്യമങ്ങളോട് പറഞ്ഞു.

എനിക്ക് പറയാനുള്ള കാര്യങ്ങൾ ഞാൻ പറയുന്നു. എന്നാൽ പറ‍യുന്ന കാര്യങ്ങൾ പലതും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. താൻ പറഞ്ഞ കാര്യങ്ങളിൽ മാപ്പുപറയണമെന്ന് എനിക്ക് തോന്നിയിട്ടില്ല. പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും തോന്നുന്നില്ല. ജനങ്ങൾക്ക് എന്നെ അറിയാം. ചിലപ്പോൾ അവർക്ക് താൻ പറഞ്ഞത് മനസ്സിലായിക്കാണില്ല -ഷാരൂഖ് പറഞ്ഞു.

മതപരമായതും അല്ലാത്തതുമായ അസഹിഷ്ണുത മോശം കാര്യമാണെന്നും അത് നമ്മെ അന്ധകാരത്തിലേക്ക് നയിക്കുകയാണ് ചെയ്യുകയെന്നുമായിരുന്നു ഷാരൂഖ് ഖാൻ നവംബർ രണ്ടിന് പറഞ്ഞത്. അസഹിഷ്ണുതയിൽ പ്രതിഷേധിച്ചുകൊണ്ട് പുരസ്കാരങ്ങൾ തിരിച്ചുനൽകുന്നതിനെ താരം പിന്തുണക്കുകയും ചെയ്തിരുന്നു.

ഷാരൂഖിൻെറ അഭിപ്രായത്തിനെതിരെ ബി.ജെ.പി ജനറൽ സെക്രട്ടറി കൈലീഷ് വിജയവാർഗിയ ശക്തമായി രംഗത്തുവന്നിരുന്നു. ഇന്ത്യയിൽ ജീവിക്കുകയാണെങ്കിലും ഷാരൂഖിൻെറ ഹൃദയം പാകിസ്താനിലാണെന്നായിരുന്നു ബി.ജെ.പി നേതാവ് പറഞ്ഞത്.  

എന്നാൽ തൻെറ അഭിപ്രായത്തിൽ കഴിഞ്ഞദിവസം ഷാരൂഖ് മലക്കം മറിഞ്ഞിരുന്നു. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നാണ് കഴിഞ്ഞദിവസം ഷാരൂഖ് പറഞ്ഞത്. ഇന്ത്യയിൽ അസഹിഷ്ണുതയില്ല. മതത്തിൻെറ പേരിലോ ചെറിയ പ്രശ്നത്തിൻെറ പേരിലോ വിധിനിർണയം നടത്തരുതെന്നും ഷാരൂഖ് പറഞ്ഞു. പുതിയ ചിത്രമായ ദിൽവാലെയുടെ പ്രമോഷനായല്ല താൻ ഇക്കാര്യങ്ങൾ പറയുന്നതെന്നും ഷാരൂഖ് വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.