ബാലനീതി നിയമ ഭേദഗതി ബില്‍: ചര്‍ച്ചയില്‍ നിറഞ്ഞത് വികാര പ്രകടനം

ന്യൂഡല്‍ഹി: പൊതുവികാരത്തിന്‍െറ പുറത്ത് ബാലനീതി നിയമ ഭേദഗതി ബില്‍ പാസാക്കാന്‍ രാജ്യസഭ ചര്‍ച്ചക്കെടുത്തപ്പോള്‍ നിയമപരമായ ഗുണദോഷങ്ങളേക്കാള്‍ മുഴച്ചുനിന്നത് മന്ത്രിയടക്കമുള്ളവരുടെ വികാരപ്രകടനം. ബില്‍ സഭക്ക് മുമ്പാകെവെച്ച മേനക ഗാന്ധിയും പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്റേനും റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാവ് രാംദാസ് അത്താവാലെയും വികാരപ്രകടനങ്ങള്‍ക്ക് അശേഷം കുറവുവരുത്തിയില്ല.
ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയായ കൗമാരക്കാരന് കശ്മീര്‍ ഭീകരനെയാണ് ജുവനൈല്‍ ഹോമില്‍ കൂട്ടിന് കിട്ടിയിരുന്നതെന്ന് മേനക ഗാന്ധി പറഞ്ഞു.
മാനസാന്തരത്തിന് പകരം പുതുതായി ഒരു ഭീകരനുണ്ടാകുകയാണ് ഇതിലൂടെ സംഭവിക്കുന്നത്. ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടുവന്ന് താന്‍ കൊലപാതകം നടത്തിയിട്ടുണ്ടെന്നും മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്നും മോഷ്ടിച്ചിട്ടുണ്ടെന്നും കുറ്റസമ്മതം നടത്തി ജുവനൈല്‍ ഹോമിലേക്ക് വിട്ടോളൂ എന്ന് പറയുന്ന മാനസികാവസ്ഥ ഇല്ലാതാക്കാന്‍ നിയമഭേദഗതികൊണ്ട് കഴിയുമെന്നും അവര്‍ പറഞ്ഞു.  ഈ വാദത്തെ പിന്തുണച്ച ഗുലാം നബി ആസാദ് ഒരു പടികൂടി കടന്ന് പണമുള്ളവരുടെ മക്കള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാറില്ളെന്നും പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ളവരാണ് ഇത്തരം കേസുകളില്‍ പ്രതികളാകാറുള്ളതെന്നും അഭിപ്രായപ്പെട്ടത് ജനതാദള്‍-യുവിലെ പല അംഗങ്ങളെയും പ്രകോപിപ്പിച്ചു.
ജനതാദള്‍-യുവിലെ കെ.സി. ത്യാഗി എതിര്‍ത്തപ്പോള്‍ പാവപ്പെട്ടവന്‍ എന്നതിന് പകരം വിദ്യാഭ്യാസമില്ലാത്ത കുടുംബങ്ങളില്‍നിന്നുള്ളവര്‍ എന്നാക്കി ഗുലാം നബി ന്യായീകരിച്ചത് ജെയ്റ്റ്ലി അടക്കമുള്ളവര്‍ തലകുലുക്കി സമ്മതിക്കുകയും ചെയ്തു.
തന്‍െറ മകള്‍ക്കാണിത് സംഭവിച്ചിരുന്നതെങ്കില്‍ രാജ്യത്തെ നല്ല വക്കീലുമാരെ വിളിക്കുകയോ പ്രതികളെ വെടിവെക്കുകയോ ചെയ്യുമെന്നായിരുന്നു തൃണമൂല്‍ എം.പി ഡെറിക് ഒബ്റേന്‍ പറഞ്ഞത്. ഇത്തരം കാര്യങ്ങള്‍ക്ക് പോകുന്നവരെ പിടിച്ച് നേരത്തേ വിവാഹം കഴിപ്പിച്ചുകൊടുക്കണമെന്നാണ് രാംദാസ് അത്താവാലെ ആവശ്യപ്പെട്ടത്. നിയമനിര്‍മാണം വികാരത്തിന്‍െറ അടിസ്ഥാനത്തിലല്ളെന്ന് പറയുന്ന സി.പി.എം പ്രായമല്ല, കുറ്റകൃത്യത്തിന്‍െറ കാഠിന്യമാണ് പരിഗണിക്കേണ്ടത് എന്ന നിലപാടാണ് കൈക്കൊണ്ടത്. കോടതി വിചാരണക്കുള്ള പ്രായം 18ല്‍നിന്ന്  16 ആക്കി കുറക്കുന്നതുകൊണ്ട് കാര്യമില്ളെന്നും അതിലും താഴെയുള്ളവര്‍ അതിലും വലിയ കുറ്റകൃത്യം ചെയ്യുന്നുണ്ടെന്നും സി.പി.എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ഐ.എസിലേക്കുള്ള റിക്രൂട്ട്മെന്‍റ് 14നും 15നും ഇടയിലാണ്. ഭീകരത ഹീനമായ കുറ്റകൃത്യമാണ്. വിഷയം മെറിറ്റിലെടുക്കണം. നിയമനിര്‍മാണം ഉത്തരവാദിത്തത്തോടുകൂടി ചെയ്യണം. അതിനാല്‍ ഭാവിയിലേക്ക് കൂടുതല്‍ കരുതലോടെയുള്ള നിയമമുണ്ടാക്കുന്നതിന് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ്
സി.പി.എം ഇറങ്ങിപ്പോയത്.


സാക്ഷികളായി ജ്യോതി സിങ്ങിന്‍െറ മാതാപിതാക്കള്‍
ന്യൂഡല്‍ഹി: ജനവികാരത്തിന് വഴങ്ങി ബാലനീതി നിയമഭേദഗതി ബില്‍ രാജ്യസഭ പാസാക്കുമ്പോള്‍ ഇതിനെല്ലാം നിമിത്തമായ 2012ലെ ഡല്‍ഹി കൂട്ടമാനഭംഗത്തിലെ ഇരയായ ജ്യോതി സിങ്ങിന്‍െറ മാതാപിതാക്കള്‍ സാക്ഷികളായി ഗാലറിയിലിരുന്നു. പാസാക്കുന്ന നിയമത്തിന് മുന്‍കാല പ്രാബല്യമില്ളെന്നും മകളോട് ക്രൂരത കാണിച്ച കൗമാര കുറ്റവാളിക്ക് ഇതുവഴി ശിക്ഷ ലഭിക്കില്ളെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് രക്ഷിതാക്കള്‍ രാജ്യസഭാ ഗാലറിയിലത്തെിയത്.
സ്വന്തം മകളുടെ പേരിലുണ്ടാക്കിയ ‘ജ്യോതി’ എന്ന സര്‍ക്കാറേതര സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ രാവിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് നിയമ ഭേദഗതിക്ക് പിന്തുണ തേടിയശേഷമാണ് ജ്യോതിയുടെ മാതാപിതാക്കള്‍ പാര്‍ലമെന്‍റിലത്തെിയത്. ബാലനീതി നിയമഭേദഗതി ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസ് പിന്തുണയുണ്ടാകുമെന്ന് രാഹുല്‍ അറിയിച്ചതായി ജ്യോതിയുടെ മാതാവ് ആശാദേവി രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങുംമുമ്പേ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ഉച്ചക്ക് രണ്ടിന് മേനക ഗാന്ധി ബില്‍ ചര്‍ച്ചക്കായി സഭക്ക് മുമ്പാകെ വെക്കുമ്പോള്‍ സന്ദര്‍ശക ഗാലറിയിലെ അവസാനത്തിന് തൊട്ടുമുമ്പുള്ള ഇരിപ്പിടത്തില്‍ ‘ജ്യോതി’യിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ആശാദേവി ഇരുന്നിരുന്നത്. തുടര്‍ന്ന് മേനക ഗാന്ധിയില്‍ തുടങ്ങി ഗുലാം നബി ആസാദ് അടക്കം മിക്കവരും ജ്യോതി സിങ്ങിന്‍െറ മാതാപിതാക്കള്‍ ഗാലറിയിലിരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടുകയും അവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. ബില്‍ പാസായതില്‍ സന്തോഷമുണ്ടെന്നും മറ്റു പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുമെന്നും ആശാദേവി സഭ പിരിഞ്ഞശേഷം പ്രതികരിച്ചു. അതേസമയം, തന്‍െറ മകള്‍ക്ക് നീതി കിട്ടാത്തതില്‍ ദുഃഖമുണ്ടെന്നും അവര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.