ഡി.ഡി.സി.എ അഴിമതി; മാനനഷ്​ട​ക്കേസ്​​ കൊടുക്കാൻ ജെയ്​റ്റ്​​ലിയെ വെല്ലുവിളിച്ച്​ കീർത്തി ആസാദ്​

ന്യൂഡൽഹി: ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ (ഡി.ഡി.സി.എ) അഴിമതി വെളിപ്പെടുത്തിയതിെൻറ പേരിൽ തനിക്കെതിരെ കേസ് കൊടുക്കാൻ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ വെല്ലുവിളിച്ച് ബി.ജെ.പി എം.പി കീർത്തി ആസാദ്. ‘മാനനഷ്ടക്കേസിൽ എെൻറ പേര് ഒഴിവാക്കിയത് എന്തിനാണ്. എനിക്കെതിരെയും കേസ് കൊടുക്കൂ. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാനും   വായ് മൂടിക്കെട്ടിക്കാനും ശ്രമിക്കരുത്’ – കീർത്തി ആസാദ് ട്വിറ്ററിൽ കുറിച്ചു.

അതേസമയം ഡി.ഡി.സി.എ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള നാല്  എ.എ.പി നേതാക്കള്‍ക്കെതിരെ  അരുൺ ജെയ്റ്റ്ലി  മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഡൽഹി ഹൈകോടതിയിലാണ് കേസ് ഫയൽ ചെയ്തത്. ഡൽഹി പാട്യാല ഹൗസ് കോടതിയിൽ ക്രിമിനൽ കേസും ജെയ്റ്റ്ലി ഫയൽ ചെയ്തിട്ടുണ്ട്.

അരുൺ ജെയ്റ്റ്ലി പ്രസിഡന്‍റ്  ആയിരുന്ന കാലയളവിൽ ഡി.ഡി.സി.എയിൽ നടന്ന അഴിമതിയുടെ തെളിവുകൾ ബി.ജെ.പിയുടെ ലോക്സഭാ അംഗവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് ഞായറാഴ്ച പുറത്തുവിട്ടിരുന്നു. എന്നാൽ അഴിമതി ആരോപണം ഉന്നയിച്ച ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ മാത്രമാണ് ജെയ്റ്റ്ലി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

2013 വരെയുള്ള 13 വര്‍ഷക്കാലം അരുണ്‍ ജെയ്റ്റ്ലിയായിരുന്നു ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ്. അക്കാലത്തെ അഴിമതി വിവരങ്ങളാണ്  കീര്‍ത്തി ആസാദ് പുറത്തുവിട്ടത്.  അസോസിയേഷന്‍െറ 2011–12  ജനറല്‍ ബോഡി യോഗത്തില്‍ അഴിമതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍  അരുണ്‍ ജെയ്റ്റ്ലിയുമായി നടന്ന തര്‍ക്കത്തിന്‍െറ ഒളികാമറ ദൃശ്യവും പുറത്തുവിട്ടിരുന്നു. 

നിലവിലില്ലാത്ത 14 കമ്പനികളുടെ പേരില്‍ വ്യാജ ബില്ലുകള്‍ ഹാജരാക്കി കോടികള്‍ തട്ടിയെടുത്തതിന്‍െറ വിവരങ്ങളാണ് പുറത്തുവന്നത്. തെളിവുകള്‍ ജെയ്റ്റ്ലിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവയാണെങ്കിലും ജെയ്റ്റ്ലിക്കെതിരെ നേരിട്ട് എന്തെങ്കിലും ആരോപണം ഉന്നയിക്കാന്‍ കീര്‍ത്തി ആസാദ് തയാറായില്ല. എന്തു ജോലി ചെയ്തതിനാണ് പണം നല്‍കുന്നതെന്ന് ബില്ലുകളില്‍ പലതിലും വ്യക്തമല്ല. നാല് കക്കൂസ് നിര്‍മിക്കാന്‍ നാലര കോടി നല്‍കിയെന്നാണ് ഒരു ബില്ലിലുള്ളത്. ഒരു കമ്പ്യൂട്ടറിന്  16,000 രൂപ, ഒരു പ്രിന്‍ററിന് 3000 രൂപ എന്നിങ്ങനെ നിരക്കില്‍ ദിവസവാടകക്ക് എടുത്തുവെന്ന് കാണിച്ച് കോടികള്‍ മുക്കി. പണം ആരുടെയൊക്കെ അക്കൗണ്ടിലേക്കാണ് പോയതെന്ന് അറിയാം. അക്കാര്യം പിന്നാലെ വെളിപ്പെടുത്തുമെന്നും കീര്‍ത്തി ആസാദ് പറഞ്ഞു.

ജെയ്റ്റ്ലിയെ അപകടത്തിലാക്കുന്ന വിവരങ്ങള്‍ പുറത്തുവിടരുതെന്ന  ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ വിലക്ക് ലംഘിച്ചാണ് കീര്‍ത്തി ആസാദ് വാര്‍ത്താസമ്മേളനം നടത്തിയത്. കീർത്തി ആസാദ് തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിെൻറ നേതൃത്വത്തിലുള്ള അന്വേഷണ കമീഷനെ ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ചു.

അരുണ്‍ ജെയ്റ്റ്ലിയിലേക്ക് നീളുന്ന ക്രിക്കറ്റ് അഴിമതി അന്വേഷണത്തിന്‍െറ ഫയലുകള്‍ തിരഞ്ഞാണ് തന്‍െറ ഓഫിസില്‍ സി.ബി.ഐ എത്തിയതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതിന് ബലംനല്‍കുന്ന തെളിവുകള്‍ ബി.ജെ.പി ലോക്സഭാ അംഗമായ കീര്‍ത്തി ആസാദ് പുറത്തുവിട്ടത് ജെയ്റ്റ്ലിയെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കി. ഞായറാഴ്ച ഡല്‍ഹി പ്രസ്ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍  മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിഷന്‍ സിങ് ബേദിയും കീര്‍ത്തി ആസാദിനൊപ്പമുണ്ടായിരുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.