സി.ബി.ഐ റെയ്ഡ്: പന്തുകള്‍ ജെയ്റ്റ്ലിക്കു നേരെ

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ഓഫിസില്‍ റെയ്ഡ് നടത്തിയില്ളെന്ന് സി.ബി.ഐയും കേന്ദ്രവും ആണയിടുന്നതിനിടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരായ അഴിമതി അന്വേഷിക്കാനല്ല മറിച്ച്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കു പങ്കുള്ള ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ) ഫയലുകള്‍ക്കുവേണ്ടിയാണ് സി.ബി.ഐ തന്‍െറ ഓഫിസില്‍ തിരച്ചില്‍ നടത്തിയതെന്ന ആരോപണം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവര്‍ത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ഫയലുകളുടെ പട്ടിക പുറത്തുവിട്ട കെജ്രിവാള്‍ ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി അന്വേഷണത്തെ ജെയ്റ്റ്ലി ഭയപ്പെടുന്നതെന്തിനെന്നും ചോദിച്ചു.  

നവംബര്‍ 16 മുതല്‍ ഡിസംബര്‍ 14 വരെയുള്ള ഫയലുകളുടെ മൂവ്മെന്‍റ് രജിസ്റ്റര്‍, മന്ത്രിസഭായോഗ തീരുമാനങ്ങളുടെ ഫയല്‍ എന്നിവയടക്കം സെക്രട്ടറി രജേന്ദര്‍കുമാറിനെതിരായ അന്വേഷണവുമായി ബന്ധമില്ലാത്ത ഫയലുകളും ഉദ്യോഗസ്ഥര്‍ കൊണ്ടുപോയിട്ടുണ്ട്. ക്രിക്കറ്റ് അഴിമതി സംബന്ധിച്ച ഫയലുകള്‍ പരിശോധിച്ച സി.ബി.ഐ താന്‍ ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞതിനാല്‍ കൊണ്ടുപോയില്ല. എന്നാല്‍, അവയുടെ പകര്‍പ്പെടുത്തിരിക്കാമെന്നും കെജ്രിവാള്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ തിരച്ചില്‍ നടത്തിയില്ളെന്നു പാര്‍ലമെന്‍റില്‍ കളവുപറഞ്ഞ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരുമെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് അശുതോഷ് മുന്നറിയിപ്പു നല്‍കി.

അതിനിടെ, ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി സംബന്ധിച്ച് സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം വേണമെന്നും അന്വേഷണം പൂര്‍ത്തിയാകുംവരെ ജെയ്റ്റ്ലിയെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റിനിര്‍ത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജെയ്റ്റ്ലി അധ്യക്ഷനായിരുന്ന അസോസിയേഷനില്‍ ഗുരുതര സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കോണ്‍ഗ്രസ് വക്താവും മുന്‍ സ്പോര്‍ട്സ് മന്ത്രിയുമായ അജയ് മാക്കന്‍ ആരോപിച്ചു. അതേസമയം, കെജ്രിവാളിന്‍െറ ഓഫീസില്‍ സി.ബി.ഐ കയറിയിട്ടില്ളെ ന്ന മുന്‍ നിലപാട് അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ ആവര്‍ത്തിച്ചു.  റെയ്ഡ് സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് ബുധനാഴ്ച ആപ് അംഗങ്ങള്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. രജേന്ദര്‍കുമാറിനെതിരായ പഴയ കേസിന്‍െറ പേരിലാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം കെജ്രിവാളിന്‍െറ സെക്രട്ടറി ആണെന്നല്ലാതെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയെ ഒരുവിധത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമം നടന്നിട്ടില്ളെന്നും ജെയ്റ്റ്ലി പറഞ്ഞു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.