ടി.എസ്. ഠാക്കൂര്‍ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 43ാം ചീഫ് ജസ്റ്റിസായി തിരഥ് സിങ് ഠാകുര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വ്യാഴാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി  സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ ജമ്മു-കശ്മീര്‍ ഉപമുഖ്യമന്ത്രിയും ജമ്മു-കശ്മീര്‍ ഹൈകോടതി ജഡ്ജിയുമായിരുന്ന ദേവിദാസ് ഠാകുറിന്‍െറ മകനായി 1952 ജനുവരി നാലിന് ജനിച്ച ഠാകുര്‍ 1972ല്‍ അഭിഭാഷകനായി. 1994 ഫെബ്രുവരി 16ന് ജമ്മു-കശ്മീര്‍ ഹൈകോടതിയില്‍ അഡീഷനല്‍ ജഡ്ജിയായി. 1994 മാര്‍ച്ചില്‍ കര്‍ണാടക ഹൈകോടതി ജഡ്ജിയായി.  

ഡല്‍ഹി ഹൈകോടതി ജഡ്ജിയായും ചീഫ് ജസ്റ്റിസായും പഞ്ചാബ്- ഹരിയാന ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ച ശേഷമാണ് 2009 നവംബറില്‍ സുപ്രീംകോടതി ജഡ്ജിയായത്. 2017 ജനുവരി നാലിന് വിരമിക്കും വരെ ഠാകുര്‍ ചീഫ് ജസറ്റിസായി തുടരും.

ജസ്റ്റിസ് എച്ച്.എല്‍ ദത്തു ബുധനാഴ്ച വിരമിച്ച ഒഴിവിലാണ് 63കാരനായ ഠാകുര്‍ സ്ഥാനമേല്‍ക്കുന്നത്. വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് ബി.സി.സി.ഐയില്‍ പരിഷ്കരണം കൊണ്ടുവരാന്‍ വിധി പ്രസ്താവിച്ച ബെഞ്ചിനെ നയിച്ചിരുന്നത് ടി.എസ്. ഠാകുര്‍ ആയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.