ന്യൂഡൽഹി: ഡൽഹിയിൽ 14കാരിയെ ബലാൽസംഗം ചെയ്ത സംഭവത്തിൽ 17 വയസ്സുള്ള ആൺകുട്ടിയടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ സമ്പന്നർ താമസിക്കുന്ന ഗ്രേറ്റർ കൈലാഷ് പ്രദേശത്താണ് സംഭവം നടന്നത്. വീട്ടുജോലിക്കാരിയായ പെൺകുട്ടിയുമായി ഒരുമാസത്തെ പരിചയം മാത്രമേ ആൺകുട്ടിക്കുള്ളൂ.
ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു ആൺകുട്ടി. 16ഉം 20ഉം 30ഉം വയസ്സായ മറ്റ് മൂന്നുപേർ കൂടി ഈ സമയം വീട്ടിലുണ്ടായിരുന്നു. ശനിയാഴ്ച വീട്ടിലെത്തിയ പെൺകുട്ടിയെ സെർവന്‍റ് ക്വാർട്ടേഴ്സിൽ വെച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു.
പൊലീസിന് ലഭിച്ച ടെലഫോൺകോളിന്‍റെ അടിസ്ഥാനത്തിലാണ് നാലു പേരെയും കസ്റ്റഡിയിലെടുത്തത്. രാജ്യത്ത് ബലാൽസംഗ കേസുകൾ ഏറെ റിപ്പോർട്ട് ചെയ്യപ്പെടുന്ന നഗരമാണ് ഡൽഹി. എന്നാൽ കഴിഞ്ഞ വർഷത്തേതിനേക്കാൾ 28 ശതമാനം കേസുകളിൽ കുറവുണ്ടെന്നാണ് പൊലീസിന്‍റെ അവകാശവാദം. കഴിഞ്ഞ വർഷം സെപ്തബറിൽ 1723 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ വർഷം ഇത് 1241 കേസുകളായി കുറഞ്ഞു.
ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 87 ബലാൽസംഗക്കേസുകളാണ് ഇന്ത്യയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്ത്രീകൾക്കെതിരായുള്ള അക്രമത്തിന്‍റെ പേരിൽ നാല് ലക്ഷം കേസുകളാണ് 2019ൽ റിപ്പോർട്ട് ചെയ്തത്. 2018ലെ കേസിനേക്കാൾ 7 ശതമാനം കൂടുതലാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.