ചാറ്റ് ജി.പി.ടിയോട് സഹായം തേടി 17-കാരി; പത്തു വർഷത്തോളം മകളെ പീഡിപ്പിച്ച പിതാവ് നവി മുംബൈയിൽ അറസ്റ്റിൽ

നവി മുംബൈ: പിതാവിന്റെ പത്തു വർഷത്തോളമുള്ള ക്രൂരമായ ലൈംഗിക പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നിർമിത ബുദ്ധി പ്ലാറ്റ്‌ഫോമായ ചാറ്റ് ജി.പി.ടിയുടെ സഹായം തേടി കൗമാരക്കാരി. ചാറ്റ് ജിപിടി നിർദ്ദേശിച്ചതനുസരിച്ച് ചൈൽഡ് ഹെൽപ്പ് ലൈനിൽ വിവരമറിയിച്ച 17-കാരിയുടെ പരാതിയിൽ 55-കാരനായ പിതാവിനെ ഖണ്ഡേശ്വർ പൊലീസ് അറസ്റ്റ് ചെയ്തു. നവി മുംബൈയിലെ ന്യൂ പൻവേലിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ജൂൺ 17നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വർഷങ്ങളായി തുടരുന്ന ക്രൂരത ആരോട് പറയണമെന്നോ എങ്ങനെ അധികാരികളെ അറിയിക്കണമെന്നോ അറിയാതെ ഭയന്നു കഴിയുകയായിരുന്നു പെൺകുട്ടി. ഒടുവിലാണ് കുട്ടി മൊബൈൽ ഫോണിൽ ചാറ്റ് ജി.പി.ടിയോട് സഹായം അഭ്യർഥിച്ചത്.

ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ ഔദ്യോഗികമായി പരാതിപ്പെടാമെന്നും ആരെയാണ് ബന്ധപ്പെടേണ്ടതെന്നും ചാറ്റ് ജി.പി.ടി കുട്ടിക്ക് കൃത്യമായ വിവരങ്ങൾ നൽകി. എ.ഐ നിർദേശിച്ച ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് കുട്ടി ഉടൻ തന്നെ ബന്ധപ്പെടുകയും, ഹെൽപ്പ് ലൈൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പൊലീസ് നൽകുന്ന വിവരമനുസരിച്ച് 2016ൽ പെൺകുട്ടിക്ക് വെറും ഏഴ് വയസ്സുള്ളപ്പോഴാണ് പിതാവ് ആദ്യമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നത്.വർഷങ്ങളോളം വീട്ടിൽ വെച്ച് കുട്ടി ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി. കുട്ടിക്കാലത്ത് മറ്റ് മോശം പ്രവൃത്തികൾക്ക് സാക്ഷിയാകാൻ പിതാവ് ഇവരെ നിർബന്ധിച്ചിരുന്നതായും എഫ്.ഐ.ആറിൽ പറയുന്നു.

കുട്ടി പ്രായപൂർത്തിയായതിന് ശേഷം, 2024ൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി പ്രതി കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തതായും പരാതിയിൽ വ്യക്തമാക്കുന്നു.

മൂന്ന് മക്കളിൽ ഏറ്റവും ഇളയവളാണ് അതിജീവിച്ച പെൺകുട്ടി. ഇവരുടെ അമ്മ വർഷങ്ങൾക്ക് മുമ്പ് കുട്ടികളെ ഉപേക്ഷിച്ചു പോയതാണ്. പ്രതി ന്യൂ പൻവേലിൽ ഒരു വെൽഡിങ് ഷോപ്പ് നടത്തിവരികയാണ്. വീട്ടിൽ പിതാവിന്റെ പൂർണ നിയന്ത്രണത്തിലായിരുന്നു കുട്ടികൾ കഴിഞ്ഞിരുന്നത്. താൻ എപ്പോൾ ഒറ്റക്കാകുന്നോ അപ്പോഴെല്ലാം പിതാവ് തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. ഭയം കാരണം വർഷങ്ങളോളം താൻ മൗനം പാലിക്കുകയായിരുന്നുവെന്നും ഒടുവിലാണ് പ്രതികരിക്കാൻ തീരുമാനിച്ചതെന്നും പെൺകുട്ടി വ്യക്തമാക്കി. കുട്ടിയെ നിലവിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Tags:    
News Summary - 17-year-old girl seeks help from Chat GPT; Father who abused his daughter for 10 years arrested in Navi Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.