ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ കൂറുമാറ്റം ഭയന്ന് പതിനഞ്ചിലധികം എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരെ പുതുച്ചേരിയിലെ പ്രമുഖ റിസോർട്ടിലേക്ക് മാറ്റി. പാർട്ടി അധ്യക്ഷൻ എടപ്പാടി കെ. പളനിസ്വാമിയുടെ വിശ്വസ്തനും രാജ്യസഭാ എം.പിയുമായ സി.വി. ഷണ്മുഖം പുതുച്ചേരിയിലെ ‘ദ ഷോർ ത്രിശ്വം’ റിസോർട്ടിൽ ഇരുപതിലധികം മുറികൾ ബുക്ക് ചെയ്തതായാണ് വിവരം. നിലവിൽ വ്യാഴാഴ്ച വരെയാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. നിർണ്ണായക ചർച്ചകൾ നടക്കുമ്പോൾ എം.എൽ.എമാരെ സുരക്ഷിതമായി ഒപ്പം നിർത്തുന്നതിന്റെ ഭാഗമായി പലരും ഇതിനകം പുതുച്ചേരിയിൽ എത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ മുറികൾ ബുക്ക് ചെയ്തേക്കും.
108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരിക്കാന്‍ 118 സീറ്റുകളാണ് വേണ്ടത്. എ.ഐ.എ.ഡി.എം.കെയിലെ ഒരു വിഭാഗം എം.എ.ൽഎമാർ ടി.വി.കെ യെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന റിപ്പോർട്ടുകൾ വന്നതോടെയാണ് പാർട്ടിയിൽ ആഭ്യന്തര ചർച്ചകൾ സജീവമായത്.
തമിഴ്‌നാട് രാഷ്ട്രീയത്തിലെ അസാധാരണമായ ഒരു നീക്കമെന്ന നിലയിൽ, ചിരവൈരികളായ എ.ഐ.എ.ഡി.എം.കെയുമായി ഡി.എം.കെ രഹസ്യ ചർച്ചകൾ ആരംഭിച്ചതായും വിവരമുണ്ട്. ഡി.എം.കെക്ക് 59 സീറ്റുകളും എ.ഐ.എ.ഡി.എം.കെക്ക് 47 സീറ്റുകളുമാണുള്ളത്. ഇവർ തമ്മിലുള്ള ഏതൊരു നീക്കവും സർക്കാർ രൂപീകരണത്തിൽ നിർണായകമാകും.
വിജയ് ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ 118 എം.എൽ.എമാരുടെ പിന്തുണ തെളിയിക്കുന്ന രേഖ ഹാജരാക്കാനാണ് ഗവർണർ ആവശ്യപ്പെട്ടത്. കോൺഗ്രസിന്റേതുൾപ്പെടെ നിലവിൽ 112 പേരുടെ പിന്തുണയാണ് വിജയ്ക്കുള്ളത്. കോൺഗ്രസുമായുള്ള സഖ്യം ഉറപ്പിച്ചതോടെ എ.ഐ.എ.ഡി.എം.കെയുമായുള്ള ചർച്ചകൾ ടി.വി.കെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ഡി.എം.കെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈഗൽ കച്ചി വ്യാഴാഴ്ച നടത്താനിരുന്ന യോഗം റദ്ദാക്കിയത് അനിശ്ചിതത്വം വർധിപ്പിച്ചിട്ടുണ്ട്. ടി.വി.കെ സർക്കാർ രൂപീകരണത്തിന് പിന്തുണ നൽകുന്ന കാര്യത്തിൽ ഇടതുപക്ഷ കക്ഷികൾ വെള്ളിയാഴ്ച തീരുമാനമെടുക്കും. അതേസമയം, സ്വന്തം എം.എൽ.എമാരെ വിട്ടുപോകാതെ സംരക്ഷിക്കാൻ ടി.വി.കെയും അവരെ മാമല്ലപുരത്തെ റിസോർട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. റിസോർട്ട് രാഷ്ട്രീയവും രഹസ്യ ചർച്ചകളും മുറുകുന്നതോടെ തമിഴ്‌നാട്ടിൽ ആര് ഭരിക്കുമെന്ന കാര്യത്തിൽ വലിയ സസ്പെൻസ് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.